top of page
a  light blue background .jpg
image_edited_edited.jpg

സ്വർഗ്ഗത്തിൻ്റെ സ്വതന്ത്ര വിവർത്തനം ( നോവൽ)

രമണി വേണുഗോപാൽ

സ്വർഗ്ഗത്തിൻ്റെ  സ്വതന്ത്ര വിവർത്തനം ( നോവൽ)


മരുഭൂമിയിൽ സ്വർഗ്ഗം വിവർത്തനം ചെയ്യുന്ന മനുഷ്യർ


'മരണത്തിനു ശേഷമുള്ള അജ്ഞേയമായ സ്വർഗ്ഗം എന്നെ അൽപവും ആവേശം കൊള്ളിക്കുന്നില്ല. ജീവിച്ചിരിക്കുന്ന നിമിഷത്തിൻ്റെ സത്യമാണ് എനിക്ക് സ്വർഗ്ഗം. ഒരോ ജീവഗണികയും സ്വർഗീയമായ ചൈതന്യത്തെ ആശ്ലേഷിക്കുമ്പോൾ ഈ ഭൂമി മനോഹരമാവും. അതാണ് ഞാൻ കാണുന്ന സ്വപ്നം.'
-- രമണി വേണുഗോപാൽ


“എല്ലാവരും ഉള്ളപ്പോ കരിയിലക്കിളികളെപ്പോലെ അലച്ചോണ്ടിരിക്കും. എന്നാലും ഓരോന്നായി പോയിക്കഴിഞ്ഞാപ്പിന്നെ വില്ലയാകെ ഉറക്കമായി.”

മുപ്പത്തിമൂന്ന് സ്ത്രീകൾ. പല ദേശങ്ങളിൽനിന്ന് വന്നവർ. പല സ്വഭാവങ്ങൾ, പല സ്വപ്നങ്ങൾ, പലതരം വേദനകൾ. കലഹിച്ചും പിണങ്ങിയും സ്നേഹിച്ചും ഒരേ പാർപ്പിടത്തിൽ ജീവിതത്തിൻ്റെ ചെറുതുരുത്തുകൾ തീർക്കുന്നവർ. ഓരോരുത്തരും അവധിക്ക് നാട്ടിലേക്ക് മടങ്ങുമ്പോൾ, ഒരിക്കൽ ശബ്ദവും ചിരിയും നിറഞ്ഞിരുന്ന ആ വില്ല പതിയെ ശൂന്യമാകുന്നു. ഒരു കെട്ടിടം മാത്രമല്ല അത്, പ്രവാസജീവിതത്തിൻ്റെ താൽക്കാലികതയും മനുഷ്യബന്ധങ്ങളുടെ നശ്വരതയും സൂക്ഷിച്ചുവയ്ക്കുന്ന ഒരു ഇടം കൂടിയാണ്.


രമണി വേണുഗോപാലിൻ്റെ ‘സ്വർഗ്ഗത്തിൻ്റെ സ്വതന്ത്ര വിവർത്തനം’ വായിക്കുമ്പോൾ ആദ്യം കേൾക്കുന്നത് ഈ സ്ത്രീകളുടെ കലപില ശബ്ദങ്ങളാണ്. പ്രവാസത്തിൻ്റെ പുറം തിളക്കത്തിനപ്പുറം, അധ്വാനിക്കുന്ന സ്ത്രീകളുടെ ക്ഷീണം, ഏകാന്തത, സ്വപ്നങ്ങൾ, പിണക്കങ്ങൾ കുശുമ്പ്, ചെറിയ സന്തോഷങ്ങൾ, പറയാതെ വിഴുങ്ങുന്ന വേദനകൾ, ഇവയെല്ലാം നോവൽ പതിഞ്ഞ സ്വരത്തിൽ രേഖപ്പെടുത്തുന്നു. “നിങ്ങൾ എന്തെങ്കിലും കഴിച്ചുവോ?” എന്ന് ചോദിക്കാനുള്ള ആർദ്രത പോലും പലപ്പോഴും ശബ്ദമാകാതെ ഉള്ളിൽ മരിച്ചുപോകുന്ന ഒരു ലോകത്തോടുള്ള നിശ്ശബ്ദമായ ചോദ്യം കൂടിയാണ് ഈ നോവൽ.


ആ ലോകത്തേക്ക് ഭാമിനി കടന്നുവരുന്നത് ഒരു അധ്യാപികയായാണ്. എന്നാൽ അവൾ ഒടുവിൽ അധ്യാപിക എന്ന ഒറ്റ നിർവചനത്തിൽ ഒതുങ്ങുന്നില്ല. അവൾ ചെടികളെ നട്ടുപിടിപ്പിക്കുന്നവളാണ്, കുട്ടികളുടെ മനസ്സിൽ സ്നേഹം വിതയ്ക്കുന്നവളാണ്, മറന്നുപോയ ബന്ധങ്ങളെ വീണ്ടും ഉണർത്തുന്നവളാണ്, തകർന്ന മനുഷ്യർക്ക് ഒരു തണൽ കണ്ടെത്തിക്കൊടുക്കുന്നവളാണ്. അതുകൊണ്ടുതന്നെ ഭാമിനിയുടെ ജീവിതം തന്നെയാണ് ഈ നോവലിൻ്റെ ഉള്ളറ.


വില്ലയുടെ കെയർടേക്കറായ അംജദ് അലിയോട് ഭാമിനി ചോദിക്കുന്ന ഒരു ചെറിയ ചോദ്യത്തിലാണ് നോവലിൻ്റെ മറ്റൊരു വലിയ രൂപകം ജനിക്കുന്നത്:

“ഇവിടെ ചെടി നട്ടോട്ടെ?”

“മുഷ്കിൽ നഹി” എന്ന അംജദിൻ്റെ മറുപടിയോടെ ആരംഭിക്കുന്നത് ഒരു തോട്ടനിർമ്മാണമല്ല, മരുഭൂമിയിൽ മനുഷ്യർ സ്വന്തമായി ഒരു ലോകം സൃഷ്ടിക്കുന്ന യജ്ഞമാണ്.

ശൂന്യമായ മണ്ണിൽ ചെടികൾ വളരുമ്പോൾ, അവയ്ക്കൊപ്പം മനുഷ്യബന്ധങ്ങളും വേരൂന്നുന്നു. ചെടിഭ്രാന്തുള്ള രണ്ടു മനുഷ്യർ ഒരേ ഭാഷയിൽ സംസാരിക്കാൻ തുടങ്ങുന്നു. പതിനേഴു വർഷം പരിപാലിച്ച വേപ്പുമരവും ഭാമിനിയും തമ്മിലുള്ള ബന്ധം അതുകൊണ്ടുതന്നെ വെറും പ്രകൃതിസ്നേഹമല്ല. അവൾ നട്ടത് ചെടികൾ മാത്രമല്ല, സ്വന്തം ജീവിതത്തിൻ്റെ ഒരു പച്ചത്തുരുത്തായായിരുന്നു.

മരുഭൂമിയെ പച്ചപ്പിലേക്ക് വിവർത്തനം ചെയ്യാനുള്ള ഭാമിനിയുടെ ശ്രമം പിന്നീട് അവളുടെ ജീവിതത്തിൻ്റെ തന്നെ പ്രതീകമായി മാറുന്നു. വേരുകൾ മണ്ണിൽ ആഴ്ന്നതുപോലെ അവളുടെ വേരുകൾ മനുഷ്യരിലും ഓർമ്മകളിലും സ്നേഹത്തിലും ആഴ്ന്നുപോകുന്നു.


മൂന്നും നാലും അധ്യായങ്ങളിലൂടെ അധ്യാപികയും ശിഷ്യരും തമ്മിലുള്ള ബന്ധം നോവൽ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നു. വർഷങ്ങൾക്കുശേഷം തിരിച്ചെത്തുന്ന കുട്ടികൾ ഭാമിനിയുടെ പഴയകാലത്തെ മാത്രം തിരിച്ചുകൊണ്ടുവരുന്നില്ല; അവളുടെ ഉള്ളിൽ മങ്ങിപ്പോയിരുന്ന ചില വെളിച്ചങ്ങളും തിരികെ തെളിയിക്കുന്നു.

അവർ നൽകുന്ന സമ്മാനങ്ങൾ വസ്തുക്കളല്ല. ഒരിക്കൽ അധ്യാപിക അവർക്കു നൽകിയ സ്നേഹത്തിൻ്റെ തിരിച്ചുനൽകലാണ്. അതുകൊണ്ടാണ് ‘മിനി മിസ്സ്’ എന്ന വിളി ഒരു അധ്യാപികയുടെ പേരിൽനിന്ന് കാലം സൂക്ഷിച്ചുവച്ച ഒരു ആത്മബന്ധത്തിൻ്റെ പേരായി മാറുന്നത്.


ഭാമിനി ഒറ്റയ്ക്കാണെന്ന് തോന്നുന്ന നിമിഷങ്ങളിൽ അവൾക്കു ചുറ്റും മടങ്ങിയെത്തുന്നത് അവൾ ഒരിക്കൽ സ്നേഹിച്ച കുട്ടികളാണ്. രക്തബന്ധങ്ങളേക്കാൾ ചിലപ്പോൾ ആഴമുള്ളത് ഓർമ്മയിൽ പിറക്കുന്ന ബന്ധങ്ങളാണെന്ന് നോവൽ ഇവിടെ തെളിയിക്കുന്നു.

ഒരു സ്മാർട്ട്ഫോൺ സമ്മാനിച്ച് “ടീച്ചർക്ക് ഇന്ന് മുതൽ എഴുതാൻ ഒരിടം” എന്നു പറയുന്ന കുട്ടികളുടെ രംഗം അതുകൊണ്ടുതന്നെ ഏറെ പ്രസക്തമാണ്. അധ്യാപിക അവർക്കു നൽകിയ വാക്കുകൾ, അവർ വീണ്ടും അവളുടെ കൈകളിലേക്ക് തിരിച്ചുകൊടുക്കുന്നു. അറിവ് പകരുന്നത് ഒരിക്കലും ഏകദിശയിലുള്ള പ്രവൃത്തിയല്ലെന്ന് നോവൽ അതിലൂടെ ഓർമ്മിപ്പിക്കുന്നു.


ഹൈസ്കൂളിൽ നിന്ന് പ്രൈമറിയിലേക്ക് ഭാമിനിയെ മാറ്റുന്ന തീരുമാനം അവളുടെ അധ്യാപകസ്വത്വത്തെയും ആത്മാഭിമാനത്തെയും മുറിവേൽപ്പിക്കുന്നു. കഴിവിനും പരിചയത്തിനും പകരം മറ്റൊരാൾക്ക് മുൻഗണന ലഭിക്കുന്നതിൻ്റെ വേദന അവൾ ഉള്ളിലൊതുക്കുന്നു.

എന്നാൽ ഈ തിരിച്ചടി അവളെ തകർക്കുന്നില്ല.

“ഒരിക്കൽ കൂടി കുട്ടിയാവുന്നതിൽ എന്തു വിരോധം?” എന്ന തിരിച്ചറിവിലൂടെ അവൾ സ്വന്തം വേദനയെ മറ്റൊരു സ്നേഹമായി പരിവർത്തനം ചെയ്യുന്നു. പദവിയുടെ ഉയരത്തിൽനിന്ന് താഴേക്ക് ഇറക്കപ്പെട്ടപ്പോൾ, കുട്ടികളുടെ ലോകത്തേക്ക് ഇറങ്ങിച്ചെല്ലുകയാണ് അവൾ. അവിടെ അവളുടെ അധ്യാപകത്വത്തിന് പുതിയൊരു അർത്ഥം ലഭിക്കുന്നു.

മറ്റുള്ളവർ നമുക്ക് നൽകുന്ന പദവിയല്ല നമ്മുടെ മൂല്യം നിർണയിക്കുന്നത്; നാം മറ്റുള്ളവരുടെ ജീവിതത്തിൽ അവശേഷിപ്പിക്കുന്ന സ്നേഹമാണ് അതിനെ നിർണയിക്കുന്നത് എന്ന തിരിച്ചറിവിലേക്കാണ് ഭാമിനിയുടെ ആത്മസംഘർഷം വളരുന്നത്.

ആറുമാസത്തെ ഒളിച്ചുകളിക്ക് ശേഷം റീത്ത വീണ്ടും വെളിച്ചത്തിലേക്ക് വരുമ്പോൾ, അത് ഒരു സൗഹൃദത്തിൻ്റെ പുനരാഗമനം മാത്രമല്ല. സ്വന്തം ജീവിതം തിരിച്ചുപിടിച്ച ഒരു സ്ത്രീയുടെ തിരിച്ചുവരവാണ്.
സ്നേഹത്തിൻ്റെ മറവിൽ സാമ്പത്തിക സഹായത്തെ ബന്ധത്തിൻ്റെ കണക്കാക്കി, ഒടുവിൽ അവളുടെ സ്വാതന്ത്ര്യത്തിലും ശരീരത്തിലും അവകാശം സ്ഥാപിക്കാൻ ശ്രമിക്കുന്ന പുരുഷാധിപത്യത്തിൻ്റെ ക്രൂരത ഇവിടെ തെളിഞ്ഞുവരുന്നു.

എന്നാൽ റീത്ത തകർന്നില്ല. രക്ഷപ്പെട്ടു. സ്വന്തം അധ്വാനത്തിലൂടെ പുതിയ ജീവിതം പടുത്തുയർത്തി.
അവളുടെ തിരിച്ചുവരവ് ഭാമിനിയുടെ ജീവിതത്തിലും ഒരു ഓർമ്മപ്പെടുത്തലാണ്: ചില മനുഷ്യർ നമ്മുടെ ജീവിതത്തിലേക്ക് വരുന്നത് രക്ഷകരായി മാത്രമല്ല, നമ്മൾ തനിച്ചല്ലെന്ന സാക്ഷ്യമായി കൂടിയാണ്.


അംജദിൻ്റെ കഥാപാത്രം നോവലിലെ ഏറ്റവും നിശ്ശബ്ദമായ വേദനകളിലൊന്നാണ്.
മറ്റുള്ളവരുടെ പരാതികൾ കേൾക്കുന്നവൻ. പ്ലംബറായും ടെക്നീഷ്യനായും ശുചീകരണത്തൊഴിലാളിയായും എല്ലാം ചെയ്യുന്നവൻ. പോകുന്നതിനുമുമ്പ് “ടീച്ചർക്ക് എന്തെങ്കിലും പരാതിയുണ്ടോ?” എന്ന് ചോദിക്കാൻ മറക്കാത്തവൻ.

മറ്റുള്ളവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയിരുന്ന ആ മനുഷ്യന്, സ്വന്തം ജീവിതത്തിൽ പരിഹാരമില്ലെന്ന് തിരിച്ചറിയുന്നു. യുദ്ധത്തിൽ കുടുംബത്തെ മുഴുവൻ നഷ്ടപ്പെട്ട അംജദിന് തിരിച്ച് ഈ നാട്ടിലേക്ക് മടങ്ങാനുള്ള കാരണവും നഷ്ടപ്പെട്ടിരിക്കുന്നു.

മരുഭൂമിയിലെ ചെടികൾക്ക് തണലായിരുന്ന അയാൾക്ക്, ഒടുവിൽ തനിക്കൊരു തണൽ തേടുന്ന വേരുപൊട്ടിയ മരമായി മാറുന്നു.


റീത്തയുടെ ജീവിതം മറ്റൊരു വഴിയാണ് തുറക്കുന്നത്. വേദനയും ചതിയും തിരസ്കാരവും അവളെ തകർക്കുന്നില്ല; മറിച്ച് കൂടുതൽ വെളിച്ചമുള്ള ആകാശവും തണലുള്ള ഭൂമിയും തേടാനുള്ള കരുത്തായി മാറുന്നു.

സ്ത്രീക്ക് ഭയമില്ലാതെ നടക്കാനും സ്വന്തം ജീവിതം സ്വതന്ത്രമായി തിരഞ്ഞെടുക്കാനും കഴിയുന്ന ഇടത്തെ അവൾ സ്വർഗം എന്നു വിളിക്കുന്നു.

ഇവിടെ ‘സ്വർഗം’ ഒരു ഭൂമിശാസ്ത്രപരമായ ഇടമല്ല. ഭയമില്ലാതെ ശ്വസിക്കാനാകുന്ന അവസ്ഥയാണ്.
ഭാമിനിയും റീത്തയും ചേർന്ന് വരയ്ക്കുന്നത് സ്ഥലങ്ങളുടെ ഭൂപടമല്ല, അതിജീവനത്തിലൂടെ സ്ത്രീകൾ സ്വന്തമാക്കുന്ന സ്വാതന്ത്ര്യത്തിൻ്റെ ഭൂപടമാണ്.


ഉമയും ഭാമിനിയും തമ്മിലുള്ള സംഭാഷണം മറ്റൊരു സങ്കീർണ്ണമായ ലോകം തുറക്കുന്നു. അമ്മയുടെ സ്നേഹം പലപ്പോഴും കരുതലിൻ്റെ പേരിൽ മക്കളുടെ ചിറകുകൾക്ക് ചുറ്റും തീർക്കുന്ന അദൃശ്യവേലിയായി മാറുന്നു.

ഉമയുടെ ആശങ്കയിൽ മാതൃത്വത്തിൻ്റെ ആഴമുണ്ട്. ഭാമിനിയുടെ വാക്കുകളിൽ മക്കൾക്ക് സ്വന്തം ആകാശം തിരഞ്ഞെടുക്കാനുള്ള അവകാശബോധവും.

സ്നേഹം എന്നത് മക്കളെ സ്വന്തമാക്കലല്ല, അവർക്ക് സ്വന്തം വഴിയിലൂടെ നടക്കാൻ കഴിയുന്നത്ര വിശ്വാസം നൽകലാണ് എന്ന ആശയത്തിലേക്കാണ് ഈ സംഭാഷണം എത്തുന്നത്.

അമ്മയെ സ്നേഹിച്ചുകൊണ്ടുതന്നെ സ്വന്തം ആകാശം തിരഞ്ഞെടുക്കാൻ കഴിയുമ്പോഴാണ് സ്ത്രീ പൂർണമായും സ്വാതന്ത്ര്യത്തിൻ്റെ ഉടമയാകുന്നത്.


പതിനേഴു വർഷം ഭാമിനി സ്നേഹത്തോടെ വളർത്തിയ ചെടികൾ ഒറ്റയടിക്ക് പിഴുതുമാറ്റപ്പെടുന്ന രംഗം നോവലിലെ ഏറ്റവും ശക്തമായ ദൃശ്യങ്ങളിലൊന്നാണ്.

അവിടെ തകർന്നത് ഒരു തോട്ടമല്ല. ഭാമിനിയുടെ ജീവിതത്തിലെ ഒരു അധ്യായമാണ്.
‘ഭരണപരിഷ്കാര’ത്തിൻ്റെ പേരിൽ വെട്ടിമാറ്റപ്പെടുന്ന മരങ്ങൾക്കൊപ്പം അധികാരത്തിൻ്റെ നിർവികാരതയും മനുഷ്യൻ്റെ നിസ്സഹായതയും നേർക്കുനേർ നിൽക്കുന്നു.

എന്നാൽ അതിനുശേഷം കുട്ടികൾ ഒരുക്കുന്ന ചെറിയ സ്റ്റുഡിയോ ഫ്ലാറ്റ് മറ്റൊരു അർത്ഥം നൽകുന്നു. ഒറ്റമുറി. കുറച്ച് സൗകര്യങ്ങൾ. പക്ഷേ ചെടികളും പൂക്കളും ശലഭങ്ങളും നിറഞ്ഞ പച്ചപ്പ് അവിടെയുണ്ട്.
നഷ്ടപ്പെട്ട സ്വർഗത്തിൻ്റെ പകരപ്പല്ല അത്, ഭാമിനി വീണ്ടും സ്വയം പണിതെടുത്ത സ്വർഗമാണ്.
മരത്തിൻ്റെ വേരുകൾ പിഴുതുമാറ്റാം. സ്നേഹത്തിൻ്റെ വേരുകൾ പിഴുതുമാറ്റാനാവില്ല.

അവസാന അദ്ധ്യായമായ ‘കനിവെഴുതും ക്ഷമാവരം’ വരെ എത്തുമ്പോൾ ഭാമിനിയുടെ യാത്ര ഒരു വീടിൻ്റെയോ ജോലിയുടെയോ നഷ്ടത്തിൽ അവസാനിക്കുന്നില്ല. സ്വന്തം ജീവിതത്തിന്മേലുള്ള അവകാശം തിരിച്ചുപിടിക്കുന്ന സ്വാതന്ത്ര്യത്തിലാണ് അത് എത്തിച്ചേരുന്നത്.

ജോലി നഷ്ടപ്പെടുമോ എന്ന ഭയം അവളെ ഇനി അത്രയൊന്നും അലട്ടുന്നില്ല. കാരണം, പുറത്തേക്കുള്ള ഓരോ വഴിയും അവൾക്ക് ഇപ്പോൾ ഒരു നഷ്ടത്തിലേക്കുള്ള വഴി മാത്രമല്ല; പുതിയൊരു ജീവിതത്തിലേക്കുള്ള വാതിലാണ്.

അമ്മയില്ലാത്തതിൻ്റെ ശൂന്യതയ്ക്കു പകരം സ്നേഹത്തിൻ്റെ ഒരു വൻകര അവൾക്കുണ്ട്. ഏകാന്തതയ്ക്കു പകരം, തന്നെ ചേർത്തുനിർത്തിയ മനുഷ്യരുടെ ഒരു ലോകമുണ്ട്. ഓർമ്മകൾ ഇനി അവളെ തകർക്കുന്നില്ല, അവൾക്കു മുന്നോട്ട് നടക്കാനുള്ള കരുത്താകുന്നുവത്.


രമണി വേണുഗോപാലിൻ്റെ ‘സ്വർഗ്ഗത്തിൻ്റെ സ്വതന്ത്ര വിവർത്തനം’ ഒരു പ്രവാസനോവൽ എന്ന ഒറ്റ നിർവചനത്തിൽ ഒതുങ്ങുന്നില്ല. ഇത് സ്ത്രീജീവിതത്തിൻ്റെ, അധ്യാപക-ശിഷ്യബന്ധത്തിൻ്റെ, മാതൃത്വത്തിൻ്റെ, സൗഹൃദത്തിൻ്റെ, പ്രകൃതിസ്നേഹത്തിൻ്റെ, യുദ്ധവും കുടിയേറ്റവും മനുഷ്യജീവിതത്തിൽ ഉണ്ടാക്കുന്ന മുറിവുകളുടെ കഥ കൂടിയാണ്.

നോവലിലെ ‘സ്വർഗം’ എവിടെയും തയ്യാറായി കിടക്കുന്ന ഒന്നല്ല. ഭാമിനിയും അവളുടെ ചുറ്റുമുള്ള മനുഷ്യരും അതിനെ സ്നേഹത്തിലൂടെയും അധ്വാനത്തിലൂടെയും ഓർമ്മകളിലൂടെയും പരസ്പരം താങ്ങിക്കൊണ്ടും നിരന്തരം നിർമ്മിച്ചെടുക്കുകയാണ്.

മരുഭൂമിയിൽ ഒരു ചെടി നട്ടപ്പോൾ അത് സ്വർഗത്തിൻ്റെ ആദ്യ അക്ഷരമായി. കുട്ടികളുടെ സ്നേഹത്തിൽ മറ്റൊരു അക്ഷരം പിറന്നു. തകർന്ന മനുഷ്യരെ ചേർത്തുപിടിച്ചപ്പോൾ മറ്റൊന്ന്. സ്വാതന്ത്ര്യം തിരഞ്ഞെടുക്കുന്ന സ്ത്രീകളിൽ മറ്റൊന്ന്. ഒടുവിൽ, എല്ലാം നഷ്ടപ്പെട്ടിട്ടും സ്നേഹിക്കാൻ കഴിയുന്ന മനുഷ്യഹൃദയത്തിൽ ആ വിവർത്തനം പൂർണമാകുന്നു.

അതുകൊണ്ടുതന്നെ ഈ നോവലിൻ്റെ സ്വർഗം മരണാനന്തര ലോകമല്ല; മനുഷ്യർ പരസ്പരം തണലാകുന്നിടമാണ്.

പതിനേഴു വർഷത്തെ വേരുകൾ പിഴുതുമാറ്റിയാലും, ഭാമിനിയുടെ ഉള്ളിൽ പൂത്തുനിന്ന പച്ചപ്പ് നശിക്കുന്നില്ല. ഒരു മരത്തിൻ്റെ തണലിൽനിന്ന് മറ്റൊരു മുറിയുടെ ചെടിച്ചട്ടിയിലേക്ക്, അവിടെനിന്ന് കുട്ടികളുടെ ഓർമ്മകളിലേക്ക്, ഒടുവിൽ വായനക്കാരുടെ മനസ്സിലേക്ക്, അവളുടെ സ്വർഗം സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു.

അങ്ങനെയാണ് രമണി വേണുഗോപാൽ സ്വർഗത്തെ ഒരു സ്ഥലമായി അല്ല, മനുഷ്യബന്ധങ്ങളുടെ ഭാഷയായി വിവർത്തനം ചെയ്യുന്നത്.


ഈ നോവലിൽ എഴുത്തുകാരി ഉപയോഗിച്ചിരിക്കുന്ന ഭാഷയ്ക്ക് അലങ്കാരഭാരമില്ല, ജീവിതത്തോട് ചേർന്നുനിൽക്കുന്ന ലാളിത്യവും കാവ്യാത്മകമായ ആർദ്രതയുമാണ് അതിൻ്റെ കരുത്ത്. ചെറിയ വാക്യങ്ങളിൽ പോലും വലിയ ജീവിതാനുഭവങ്ങൾ പകരുന്ന, വായനക്കാരൻ്റെ ഹൃദയത്തിലേക്ക് പതിയെ ഇറങ്ങിച്ചെല്ലുന്ന ഭാഷയാണ് രമണി വേണുഗോപാലിൻ്റെത്. പന്ത്രണ്ടോളം പുസ്തകങ്ങൾ പ്രസ്ദ്ധീകരിച്ചിട്ടുള്ള ഈ എഴുത്തുകാരിക്ക് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2026 ൽ പുറത്തിറങ്ങിയ ഈ പുസ്തകത്തിൻ്റെ പ്രസാധകർ ബാഷോ ബുക്സാണ്.

രമേഷ് പെരുമ്പിലാവ്

bottom of page