top of page
image_edited_edited.jpg

സ്നേഹപൂർവ്വം

രഞ്ജിത്ത് മാത്യു

സ്നേഹപൂർവ്വം

പ്രണയത്തിൻ്റെ നേർ കാഴ്ച്ചകൾ




ശ്യാം ശിവ കുമാർ നാല് വർഷങ്ങൾ എടുത്ത് എഴുതിയ ഒരു നോവൽ ആണ് "സ്നേഹപൂർവ്വം സൂര്യഗായത്രി".

പ്രണയത്തിൻ്റെ വശ്യസുന്ദരമായ കാഴ്ച്ചകൾ സമ്മാനിക്കുന്ന അക്ഷരപ്പെരുമഴ ഈ നോവലിന് സമ്മാനിച്ചത് ആ നീണ്ട കാലയളവാകും . സംഗീതവും, നൃത്തവും, താളലയവ്യന്യാസവുമെല്ലാം ഒന്നിക്കുന്നൊരു നോവൽ എന്ന് വായിക്കുന്ന ഏതൊരാൾക്കും നിസംശയം പറയുവാൻ കഴിയും. അറുനൂറ്റി നാൽപത് പേജുകളുള്ള ഈ നോവൽ ആസ്വദിച്ചു വായിക്കുന്ന ഏതൊരാൾക്കും, ഒറ്റ ഇരുപ്പിൽ തന്നെ വായിച്ചു തീർക്കുവാൻ കഴിയുന്ന രീതിയിലാണ് അതിൻ്റെ രചന നിർവ്വഹിച്ചിട്ടുള്ളത്.

പ്രണയത്തിൻ്റെ ആ കഥ തുടങ്ങുന്നത് സമ്പന്നമായ വലിയ പറമ്പത്ത് തറവാട്ടിൽ നിന്നുമാണ്. പൂമംഗലം തറവാടും , വലിയ പറമ്പത്ത് തറവാടും തമ്മിൽ കൂട്ടിയിണക്കുന്ന കണ്ണിയായി ഹരിദേവും , സൂര്യ ഗായത്രിയും പ്രപഞ്ചത്തിൻ്റെ കണ്ണിലേക്ക് മിഴി തുറക്കുമ്പോൾ ആരുടെ ജീവിതത്തിൽ നൃത്തവും, സംഗീതവും , ശ്രുതിയും, ലയവും എല്ലാമായി വർണ്ണശബളമായതും, അല്ലാത്തതുമായൊരു ജീവിതം ഉണ്ടെന്ന് കാട്ടി തരുന്നു.

വലിയ പറമ്പത്ത് തറവാട് സംഗീത പാരമ്പര്യമുള്ള ഒരു തറവാടാണ് . ശാന്തമായ ജീവിതം നയിക്കുന്ന അവരെല്ലാം സ്വഭാവവൈശിഷ്ട്യം കൊണ്ട് ഉന്നത ശ്രേണിയിൽ നിൽക്കുന്നവരാണ്. ആ തറവാട്ടിൽ താമസിക്കുന്നത് ആകെ രണ്ടു പേര് മാത്രമാണ്. സേതു ലക്ഷ്‌മി തമ്പുരാട്ടിയും , അവരുടെ ഏക മകൻ ഹരിദേവ് നാരായണനും.

ഹരിദേവിൻ്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന പ്രശ്‌നങ്ങളെ അയാൾ വളരെ ലാഘവത്തോടെയും, സൂക്ഷ്‌മതയോടെയും നേരിടുമ്പോൾ ആ നോവലിൽ തുല്യ പ്രാധാന്യത്തോടെ കടന്നു വരുന്ന കുറെയേറെ കഥാപാത്രങ്ങൾ ഉണ്ട്. അവരുടെ ജീവിതം അത് ശരി വയ്ക്കുന്ന തരത്തിൽ വരച്ചുകാട്ടുവാൻ ശ്യാമിന് കഴിഞ്ഞിട്ടുമുണ്ട്. ഹരിദേവിൻ്റെ അമ്മ , കൂട്ടുകാരൻ സുരേഷ്, മാധവേട്ടൻ, ശ്രീദേവി ഐഎസ്, സൂര്യഗായത്രി, ആശുപത്രി ജീവനക്കാർ, ഡോക്‌ടർമാർ എന്നിവർ എല്ലാം ഈ നോവലിലെ അഭിവാജ്യഘടകങ്ങൾ ആണ്.


ഒരു ഫിലോസഫിക്കൽ സമീപനവും, മോട്ടിവേറ്ററും, ന്യൂറോപ്പതിസ്റ്റും കൂടിയായി ഹരിദേവ് കാലത്തിനുമപ്പുറം സഞ്ചരിക്കുന്ന കഥാപാത്രമായി നോവലിൽ നിറഞ്ഞു നിൽക്കുന്നത് ഏറെ അതിശയത്തോടെ നോക്കി കാണുവാനാണ് എനിക്ക് കഴിഞ്ഞത്. നോവലിസ്റ്റ് ശ്യാം, കിളികളും, വൃക്ഷങ്ങളും , പാട്ടും , നൃത്തവുമെല്ലാം ഈ നോവലിൽ സംയോജിപ്പിച്ചു അതിന് ഏറെ മനോഹാരിത വരുത്തുകയും ചെയ്തിട്ടുണ്ട്.

ഒരു നോവൽ ചിട്ടയായ താളവട്ടത്തോടെ എഴുതി അതിൻ്റെ അവതരണത്തിലും, പ്രമേയത്തിൻ്റെ വ്യത്യസ്‌തത പുലർത്തുകയും ചെയ്യുവാൻ ഉള്ള നോവലിസ്റ്റിൻ്റെ പ്രതിഭയിലേക്കുള്ള ഒരു വിരൽ ചൂണ്ടൽ തന്നെയാണ് .

സ്‌നേഹപൂർവ്വം സൂര്യഗായത്രിയെന്ന ഈ നോവൽ വായിക്കുവാൻ ആഗ്രഹിക്കുന്നവർ ശ്യാം ശിവ കുമാറിനെ ബന്ധപ്പെടാവുന്നതാണ്.

നമ്പർ : + 61431198506 .

രഞ്ജിത്ത് മാത്യു , പൂജ ഓൺലൈൻ എഡിറ്റർ

bottom of page