

വിലാപ്പുറങ്ങൾ.
പോൾ സെബാസ്റ്റ്യൻ

ശരി തെറ്റുകളുടെ നൂൽപ്പാലത്തിലൂടെ ആസക്തിയുടെ അഗ്നിയെ ഉള്ളിൽ ജ്വലിപ്പിച്ച് ത്രിശൂരിന്റെ ചരിത്ര വഴികളിലൂടെ അവൾ, പനങ്കേറി മറിയ നടത്തിയ യാത്രയുടെ ഹൃദ്യ വിവരണമാണ് ലിസി എഴുതിയ വിലാപ്പുറങ്ങൾ.
""ഓരോരുത്തരും താന്താങ്ങളെ അറിയേണ്ടത് അവരുടേതായ വഴികളിലൂടെയാണ്.'' തന്നെ തന്നെ അറിഞ്ഞ് വീണ്ടും ജനിക്കുക....അതാണ് വിശുദ്ധിയിലേക്കുള്ള മാർഗ്ഗം. ഇത് മഗ്ദലനയുടെ.....അല്ല, മറിയയുടെ സുവിശേഷം. പനങ്കേറി മറിയയുടെ സുവിശേഷം. പാപിനിയായ സ്ത്രീയെ കല്ലെറിയാൻ വന്നവരിൽ നിന്ന് രക്ഷിച്ച യേശു അവളോട് പറഞ്ഞു. ""മേലിൽ പാപം ചെയ്യരുത്.'' അപ്പോൾ മറിയ ചോദിക്കും. ""എന്താണ് പാപം.'' ചോദിക്കാതിരിക്കണമെങ്കില് അവള് പനങ്കേറി മറിയ അല്ലാതായിരിക്കണം. മറിയയുടെ ഈ ചോദ്യത്തിൽ നിന്നാണ് വിലാപ്പുറങ്ങൾ ആരംഭിക്കുന്നത്. നിന്നെ അറിയാതിരിക്കുന്നതാണ് പാപം എന്നറിയുന്നിടത്ത് നോവൽ അവസാനിക്കുകയും ചെയ്യുന്നു. ശക്തമായ പെണ്ണെഴുത്തിന്റെ സാ ക്ഷ്യപ്പെടുത്തലാണ് വിലാപ്പുറങ്ങൾ.
ആരെയും കൂസാതെ ജീവിതം സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്ന പനങ്കേറി മറിയയാണ് വിലാപ്പുറങ്ങളുടെ ജീവനാഡി. മറിയയുടെ ജീവിതത്തിലൂടെ തൃശൂർ നഗരത്തിന്റെ സാംസ്കാരിക, മത, രാഷ്ട്രീയ മേഖലകളിലേക്കും വ്യക്തിരാഷ്ട്രീയത്തിന്റെ പക്ഷപാതങ്ങളിലേക്കും അടിച്ചമർത്തപ്പെട്ടവരുടെ ചെറുത്തു നില്പിന്റെ അടയാളളിലേക്കും വെളിച്ചം വീശുന്ന നോവലാണ് വിലാപ്പുറങ്ങൾ.
ഒഴുക്കുള്ള ഭാഷയിലാണ് നോവലെഴുതിയിരിക്കുന്നത്. വലിയ വാചകങ്ങൾക്കു പകരം ചെറിയ വാചകങ്ങൾ ഉപയോഗിച്ചത് വായന എളുപ്പമാക്കുന്നുണ്ട്. വലിയ പാരഗ്രാഫുകൾ അധികമില്ല. അതെ സമയം തന്നെ ശക്തമാണ് ഭാഷയും ഉള്ളടക്കവും. ഇത് ജിജ്ഞാസയോടെയുള്ള വായന വേഗത്തിലാക്കുന്നതോടൊപ്പം ആശയങ്ങളും ചിന്തകളും വായനക്കാർക്ക് തെറ്റാതെ കൈമാറുന്നതിന് സഹായിക്കുന്നുണ്ട്. മലയാളികൾക്ക് സുപരിചിതവും മലയാളികൾ നെഞ്ചേറ്റിയിട്ടുള്ളതുമായ തൃശൂർ ഭാഷയാണ് നോവലിലുടനീളം ഉപയോഗിച്ചിരിക്കുന്നത്. ഇത് നോവലിന്റെ അന്തസത്തയെ ചേർത്തുപിടിക്കുന്നതിന് സഹായിക്കുന്നുണ്ട്. സമൂഹത്തിലെ താഴെത്തട്ടിലുള്ളവരാണ് ഇതിലെ കഥാപാത്രങ്ങളിൽ ഭൂരിഭാഗവും. അത് കൊണ്ട് തന്നെ അവരുടെ പേരുകൾ മാത്രമല്ല, അവരുടെ ഭാഷയും അതേപോലുള്ളതാണ്. അവരുടെ ഭാഷാപ്രയോഗങ്ങൾ നോവലിലുടനീളം തനിമയോടെ ഉപയോഗിച്ചിട്ടുണ്ട്. കുറുക്കനന്തു, പാണ്ടി ജോസ്, ദീനദയാലു, വിക്കൻ വര്ഗീസ്, മാത്തിരി, ചോത്തിമേറി, തണ്ടേടത്തി എന്നിങ്ങനെ പോകുന്നു പേരുകൾ. ""പൂരത്തിന്റെ ചൂടും ചൂരും ഇതാണ് മോനേ....! നോക്കീം കണ്ടും നടന്നില്ലെങ്കീ ട്രൗസറു പൊളിയും. ഇത് നാട് വേറയാ''..., ഇങ്ങനെ നാട്ടുഭാഷയിലാണ് പ്രധാനമായും നോവലാഖ്യാനം. മണിമേടയിൽ സമ്പന്നരുടെ കൂടെയല്ല മറിയയുടെ സഹവാസം, മറിച്ച് ഇറച്ചിവെട്ടുകാരുടെയും കൂലിത്തല്ലുകാരുടെയും കള്ളു വില്പനക്കാരുടെയും പെണ്ണു പിടിയന്മാരുടെയും ഇടയിലാണ്. മറിയയെ കേൾക്കണമെന്നുള്ളവർ അവരുടെ ഭാഷയും കേൾക്കേണ്ടി വരും എന്നത് പ്രത്യേകം പറയേണ്ടതില്ല. ഈ നാട്ടുഭാഷയെ അംഗീകരിക്കാൻ വൈമുഖ്യമുള്ളവർക്ക് നോവലിലെ ചില ഭാഗങ്ങൾക്കെതിരെ നെറ്റി ചുളിക്കേണ്ടിയും വന്നേക്കാമെന്നിരിക്കലും ജീവിതത്തിന്റെ പരുപരുത്ത വശങ്ങളെ അതുപോലെ തന്നെ നിലനിർത്തുന്നതിൽ എഴുത്തുകാരി കാണിച്ച കണിശത നോവലിനെ ഒരു പടി ഉയർത്തി നിര്ത്തുന്നു.
വിലാപ്പുറങ്ങൾ ഒരു നഗരത്തിന്റെ കഥ കൂടിയാണ്. തൃശൂർ നഗരത്തെ ഒരു തൃശൂർക്കാരിക്ക് മാത്രം എഴുതാൻ പറ്റുന്ന ചാരുതയോടെ ഈ നോവലിൽ വരച്ചു വെച്ചീട്ടുണ്ട്. നഗരം പണിത ശക്തൻ തമ്പുരാനും, തൃശൂരിന്റെ രാഷ്ട്രീയത്തിലെ നിർണ്ണായക ശക്തിയായ കരുണാകരനും, ത്രിശൂറിന്റെ സ്വന്തം തീറ്റ റപ്പായിയും, നവാബ് രാജേന്ദ്രനും തുടങ്ങി തൃശൂരിന്റെ തിരഞ്ഞെടുത്ത ചരിത്രത്തെയും വ്യക്തികളെയും മിഴിവോടെ അവതരിപ്പിക്കുന്നുണ്ട് വിലാപ്പുറങ്ങളിൽ. തൃശൂരിനെ സംബന്ധിക്കുന്ന ഐതിഹ്യങ്ങളും പുരാണങ്ങളുമെല്ലാം ആഖ്യാനത്തിന്റെ ഭാഗമാകുന്നുണ്ട്. വാമൊഴിയിലൂടെ മാത്രം കൈമാറിപ്പോന്ന കഥകളും സംഭവങ്ങളും ഈ നോവലിലൂടെ അച്ചടിമഷി പുരളുന്നുണ്ട്. ഭൂപരിഷ്കരണവും, വിദ്യാഭ്യാസ ബില്ലും, അതിനെതിരെ ക്രിസ്ത്യൻ സഭയുടെ പ്രതിഷേധവും വിമോചന സമരവും അതിനിടയിലെ പറയാക്കഥകളുമെല്ലാം കൂടുമ്പോൾ ഇത് ഒരു ചരിത്രത്തിന്റെ അടയാളപ്പെടുത്താൻ ആകുന്നു. നോത്രദാമിലെ കൂനൻ എന്ന നോവലിൽ വിക്ടർ ഹ്യൂഗോ പറഞ്ഞത് പോലെ എന്ന് പറയാനാകില്ലെങ്കിലും, ഡൽഹി എന്ന നോവലിൽ ഖുശ്വന്ത് സിംഹ് പറഞ്ഞതിലും ഏറെ ഭംഗിയായി ഒരു നഗരത്തെ അവതരിപ്പിക്കുന്നതിൽ ലിസിയിലെ നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു. തൃശൂർ പൂരത്തിൽ ആദ്യത്തെ അമിട്ട് പരീക്ഷിക്കുന്നതും വെടിക്കെട്ടിന്റെ രഹസ്യങ്ങളിലേക്ക് വാതായനങ്ങൾ തുറക്കുന്നതുമെല്ലാം ആദ്യ അധ്യായങ്ങളെ ആകാംക്ഷാഭരിതവും വര്ണശബളവുമാക്കുന്നുണ്ട്. പുലിക്കളിക്കാരുടെ അണിയറയിലേക്ക് കടന്നു ചെന്ന് അവിടുത്തെ രംഗങ്ങൾ വിവരിക്കുന്നത് നമ്മെ ആത്ഭുതപ്പെടുത്തും വിധമാണ്. ഇങ്ങനെയിങ്ങനെ തൃശൂരിനെ തൃശൂരാക്കുന്ന അനുഭവങ്ങളുടെ നാഡീ മിടിപ്പുകളിലൂടെ വായനക്കാരെ വഴി നടത്തുന്നുണ്ട് ഈ എഴുത്തുകാരി.
'"അമ്മയുടെ മുന്നിൽ കൊത്തിയെടുത്ത പതിനാറുകാരിയുടെ രൂപമുണ്ട്. ചുരുണ്ട മുടിയിങ്ങനെ അഴിച്ചിട്ട് മുട്ടോളമെത്തുന്ന പാവാടയിൽ പൊട്ടിത്തരിച്ചു നിൽക്കുന്ന പെൺകൊടി. പ്രായത്തേക്കാളേറെ തുടിപ്പുണ്ടായിരുന്നു അവളുടെ ഓരോ ചലനത്തിനും ഭാവത്തിനും. പെൺകൊടി ചിരിച്ചപ്പോൾ തുളുമ്പിയത് ചുറ്റുമുള്ള ലോകമായിരുന്നു. നോട്ടം മിന്നലായി. ആ മിന്നൽ ചുറ്റുമുള്ള പ്രപഞ്ചത്തെ പ്രകാശിപ്പിച്ചുകൊണ്ടിരുന്നു.'' എന്ന് പനങ്കേറി മറിയയുടെ ചെറുപ്പത്തെ അടയാളപ്പെടുത്തുന്ന ലിസി, കരുണാകരന്റെ ചെറുപ്പത്തെ അവതരിപ്പിക്കുന്നത്, "ചുരുണ്ട മുടിയും കറുത്തു തിളങ്ങുന്ന കണ്ണുകളുമുള്ള കരുണാകരനാണെങ്കിൽ ആളൊരു ഗാന്ധിയനാണ്. ചുറുചുറുക്കുള്ള പ്രവർത്തകൻ. അണികളെ സംഘടിപ്പിക്കാനും ഒരുമിപ്പിച്ചു നിർത്താനും കഴിവുള്ളവൻ. നനുത്ത മീശയും നിറഞ്ഞ ചിരിയുമായി തോളത്തു കൈയിട്ടു നടക്കുന്ന ഒരു സിംബ്ളൻ.'' എന്നാണ്. ഇങ്ങനെ കഥാപാത്രങ്ങളെ അവരുടെ സ്വാധീനത്തെക്കൂടെ വ്യക്തമാക്കും വിധം തെളിമയാർന്ന രീതിയിലാണ് പരിചയപ്പെടുത്തൽ. ഓരോ ചെറു കഥാ പാത്രത്തെയും പരിചയപ്പെടുത്തുമ്പോഴും ഇതേ സൂക്ഷ്മത നോവലിസ്റ്റ് നില നിരത്തുന്നുണ്ട്. ഒപ്പം, പ്രധാന കഥാപാത്രമായ പനങ്കേറി മറിയയെ അനശ്വരമാക്കും വിധം മിഴിവുറ്റതായി നില നിർത്തുന്നതിലും ശ്രദ്ധിക്കുന്നു. എല്ലാം പനങ്കേറി മറിയയെ ചുറ്റിപ്പറ്റി...എന്നതാണ് നോവലിൽ സ്വീകരിച്ചിരിക്കുന്ന രീതി.
പ്രണയം ലിസിയുടെ നോവലുകളുടെ അടിയൊഴുക്കിന് ഭാഗമാണ്. മുംബൈ എന്ന പ്രഥമ നോവലിലും വിളനിലങ്ങൾ എന്ന ബൈബിൾ നോവലിലും പ്രണയം കേന്ദ്രപ്രമേയമാണ്. വിലാപ്പുറങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. പ്രണയത്തിന്റെ അനിഷേധ്യതയെ ഊട്ടി ഉറപ്പിക്കുന്നുണ്ട് വിലാപ്പുറങ്ങൾ. "സ്നേഹിക്കുന്നത് പാപമാണോ? എങ്കിൽ ആ പാപം അവളിനിയും ചെയ്യും. അവൾക്ക് സ്നേഹിക്കാതെ വയ്യ. അവൻ അവളുടെ ഉള്ളം തേടിച്ച്ചെന്നതും സൂക്ഷ്മതലങ്ങളിലെ അവളെ അറിഞ്ഞതുമാണ് പാപമെങ്കിൽ ആ പാപം മറിയ ഇനിയും ആഗ്രഹിക്കുന്നു'' എന്ന് ലിസി തുറന്നെഴുതുന്നുണ്ട് ഈ നോവലിൽ. "ഒരു ജീവിതകാലം ഓർക്കാനുള്ള സ്നേഹം അവനെനിക്ക് തന്നു. അവനു പകരം വെക്കാൻ ആരുമില്ല. ഈ ചെളിയിലേക്കിറക്കി എന്റെ പ്രണയം നഷ്ടപ്പെടുത്തണോ?" എന്നും, "പ്രണയം മറിയയുടെ സ്വകാര്യതയാണ്. അതിന്റെ പവിത്രത കളയാൻ അവളൊരുക്കമല്ല....." എന്നും എഴുത്തുകാരി ഉറപ്പിച്ചു പറയുന്നുണ്ട്. "പ്രണയത്തിന് മരണമില്ല എന്ന് നിനക്കറിയില്ലേ" എന്നു ചോദിക്കുന്നുണ്ട് നോവലിസ്റ്റ്.
ഒരു സ്ത്രീപക്ഷ രചനയെക്കാൾ മനുഷ്യ പക്ഷത്തു നിന്നുള്ള രചനയാണ് വിലാപ്പുറങ്ങൾ. സ്ത്രീ ശാക്തീകരണത്തിന്റെ ഉറച്ച ശബ്ദമാണ് വിലാപ്പുറങ്ങളിൽ കാണാൻ സാധിക്കുക. പക്ഷെ, അതവതരിപ്പിക്കുന്നത് തീർത്തും സ്വതന്ത്രമായ വഴികളിലൂടെയാണ്. വനിതാ സംഘടനകൾ ആവശ്യപ്പെടുന്ന സംവരണത്തിന്റെ ആനുകൂല്യ കംപാർട്മെന്റിൽ ഒതുക്കാൻ പറ്റാത്തവളാണ് ലിസിയുടെ നായിക. ആണുങ്ങളോട് അവരുടെ ഭാഷയിൽ സംസാരിച്ച് അവരേർപ്പെടുന്ന തൊഴിലുകളിൽ ഏർപ്പെട്ട് സ്വയം അടയാളപ്പെടുത്തുന്നവളാണവൾ. ഇറച്ചിക്കടയിൽ കൂസലെന്യേ ഇരുന്ന് കച്ചവടം നടത്തുന്ന മറിയ. ഇഷ്ടമില്ലാത്ത ഒരാണിനെ പോലും വിരലിൽ പോലും സ്പർശിക്കാൻ അനുവദിക്കാത്ത തന്റേടി. പ്രണയത്തിന് മതിലുകളില്ലെന്ന് തിരിച്ചറിയുന്ന തോന്ന്യവാസി. ആധുനിക ഫെമിനിസ്റ്റ് എഴുത്തുകാരെപ്പോലെ തെറ്റൊന്നും ചെയ്യാത്ത പെണ്ണുങ്ങളും തെറ്റെല്ലാം ചെയ്യുന്ന ആണുങ്ങളുമല്ല, അടിസ്ഥാനചോദനകൾക്ക് കീഴ്പ്പെടുന്ന ആണും പെണ്ണും അവരാണ് വിലാപ്പുറങ്ങളിലെ കഥാപാത്രങ്ങൾ.
വേശ്യയെ പുണ്യവതിയാക്കുക എന്നത് ആധുനിക കാലത്ത് ഉപയോഗിച്ച് പഴകിയ ഒരു രീതിയാണ്. അത് പരിഗണിച്ചായിരിക്കണം പരിവർത്തനത്തിന്റെ അധ്യായങ്ങൾ തീരെ കുറച്ചാണ് ലിസി നോവൽ എഴുതിയിരിക്കുന്നത്. ഒരു ദിശയിൽ നോക്കുമ്പോൾ ഇത് നോവലിന്റെ സമ്പൂർണ്ണതയുടെ തുലനം അല്പം പിഴപ്പിക്കുന്നുണ്ടെങ്കിലും മറിയയിലെ തൻപോരിമക്ക് പ്രാമുഖ്യം ലഭിക്കാൻ നിമിത്തമാകുന്നുണ്ട്.
ഒന്നുകൂടെ ശ്രമിച്ചിരുന്നെങ്കിൽ കാലം മറക്കാത്ത ഏറ്റവും മുന്തിയ നോവലുകളുടെ നിരയിലേക്ക് ഓടിക്കയറാമായിരുന്ന ഈ നോവൽ പക്ഷേ കൊട്ടിഘോഷിക്കപ്പെട്ട പല നോവലുകളെക്കാളും ശക്തവും അതേ സമയം ആസ്വാദ്യകരവുമാണ്. ഇന്ന് മലയാളത്തിലെ മുൻനിരനോവലിസ്റ്റു നോവലിസ്റ്റുകൾക്കൊപ്പം ഒരു സ്ഥാനം വിലാപ്പുറങ്ങളിലൂടെ ലിസി ഉറപ്പിക്കുന്നുണ്ട്.

