top of page
image_edited_edited.jpg

ലേബർ ക്യാമ്പുകളിലെ തലയിണകൾ

ദൃശ്യ ഷൈൻ

ലേബർ ക്യാമ്പുകളിലെ തലയിണകൾ

ചുട്ടുപൊള്ളുന്ന വാക്കിൻ്റെ വഴിയിൽ
നടന്നു തീർക്കുന്ന സ്വപ്നത്തിൻ്റെ കനൽ കിനാവുകളാണ് പലർക്കും എഴുത്ത്.
അംബരചുംബികളായ മിനുമിനുത്ത
വർണ സ്വപ്നങ്ങൾക്കു മീതെ പരുപരുത്ത ജീവിതത്തിൻ്റെ ഉരുളൻ കല്ലുകൾ പെറുക്കി വയ്ക്കാൻ വിധിക്കപ്പെടുന്നവരാണ് ഒട്ടുമിക്ക പ്രവാസികളും .ചുട്ടുപഴുത്ത മണൽത്തരികളിൽ വേവിച്ചെടുക്കാൻ കൊതിക്കുന്ന ചില ഒറ്റയാൾ പോരാട്ടങ്ങൾ അവിടെ ചിലപ്പോഴൊക്കെ കവിതയായി പുനർജ്ജനിക്കാറുണ്ട്.

" മറച്ചുവയ്ക്കുന്ന
വേദനകളുടേയും വിരഹങ്ങളുടേയും
മറയില്ലാത്ത പ്രവാസ ദേഹങ്ങളാണ്
ലേബർക്യാമ്പുകളിലെ തലയിണകൾ "
എന്ന് എം. ഒ. രഘുനാഥിന് കുറിക്കാൻ കഴിയുന്നതും അതുകൊണ്ടാണ്.

" കടലുകൾക്കപ്പുറത്തേക്ക്
നിരന്തരം ചിറകടിച്ചു പറക്കുന്ന
നിലയ്ക്കാത്ത കരുതൽ രൂപങ്ങളുടെ
'പ്രവാസയിണ 'കളാണ്
ഓരോ തലയിണയും "

എന്ന് അയാൾ എഴുതി നിർത്തിയിടത്തു
നിന്ന് മറ്റൊരു പ്രവാസി യാത്ര തുടരുമ്പോൾ മണലാരണ്യത്തിൽ ഉഷ്ണക്കാറ്റേറ്റ് ചുട്ടുപഴുത്തവന് വേരറ്റുപോയ ഭൂതകാലത്തിൻ്റെ ഭൂപടങ്ങളിൽ തന്നെ അടയാളപ്പെടുത്താനാവും.

" ആഞ്ഞിറങ്ങുന്ന മഴത്തുള്ളികൾ
ഉടലറുത്തു കൊണ്ടുപോയപ്പോൾ
വരണ്ടുണങ്ങിപ്പോയ
വേരുവഴികളിൽ കുരുങ്ങി ,
പ്രണയം പകരാനാവാതെ പൊട്ടിക്കരയാറുണ്ട് "
എന്ന് ചുട്ടുപഴുത്തവരുടെ നെഞ്ചകങ്ങൾ കവിതയിലൂടെ വിളിച്ചു പറയുമ്പോൾ
ഓരോ എഴുത്തും വറ്റി പോയ വിയർപ്പിൻ്റെ ഉപ്പു മലകളായി പരിണമിക്കുന്നതു കാണാം.

സ്വപ്നങ്ങളുടെ വൻകരയിൽ തിരിഞ്ഞു നോക്കാതെ പറക്കാൻ കൊതിക്കുന്ന, മുന്നേറിയെന്ന് വിചാരിക്കുമ്പോൾ ഇടയ്ക്കു നിന്ന് കിതയ്ക്കുന്ന മനുഷ്യരാണ് ലേബർ ക്യാമ്പിലെ തലയിണകൾ.

സ്വപ്നങ്ങളിൽ ജീവിക്കുക എന്നാൽ വരണ്ട മണ്ണിൽ ജീവജലം കാത്ത് കിടക്കുന്ന പാഴ് മരമാവുക എന്നതാണെന്നും അതേ സമയം സ്വപ്നങ്ങൾ നിലയ്ക്കുക എന്നാൽ ചിറകൊടിഞ്ഞ പക്ഷിയെ പോലെ
ഒറ്റപ്പെട്ട ഒരിടത്ത് മരണത്തെ കാത്തിരിക്കുകയെന്നതാണെന്നും തിരിച്ചറിയുന്നതു കൊണ്ടു മാത്രമാണ് അവർ പിന്നെയും മുന്നോട്ടു നടക്കാൻ ആഗ്രഹിക്കുന്നത്.

ഭാഷയും ദേശവുമില്ലാത്ത വഴിയോരങ്ങളാണ് ഓരോ ലേബർ ക്യാമ്പുകളും .തിരിഞ്ഞു നോട്ടത്തെക്കാൾ ഉചിതമായ ദീർഘവീക്ഷണം ഇല്ലെന്ന് ചരിത്രം താക്കീത് നൽകുമ്പോൾ ലേബർ ക്യാമ്പിലെ തലയിണകൾ ഭൂപടത്തിൽ ഇല്ലാത്ത ഇടങ്ങളും വംശീയതയുടെ ബർമുഡ ട്രയാംഗിളുകളും വയറൊട്ടിയ നോക്കുകുത്തികളുടെ എവറസ്റ്റുകളും കറുപ്പ് തിന്ന് തിമിരമാർന്നവരുടെ കലാപ പീഠഭൂമികളും അടയാളപ്പെടുത്തുന്നു.

ഒരൊറ്റ വായന കൊണ്ട് അസ്തമിച്ചു പോകാത്ത ഉടൽ ജീവിതങ്ങളെ ചുട്ടുപൊള്ളുന്ന ഉഷ്ണക്കാറ്റിൽ വരച്ചെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ലേബർ ക്യാമ്പുകളിലെ തലയിണകൾ പിന്നെയും പിന്നെയും വായിക്കാം.

MO Raghunath 💚

Drisya Shine
14.3 .2025

bottom of page