top of page
image_edited_edited.jpg

മീനുകളുടെ
സെമിത്തേരി

രമേഷ് പെരുമ്പിലാവ്

മീനുകളുടെ
സെമിത്തേരി

പുസ്തക ആസ്വാദനം

മീനുകളുടെ
സെമിത്തേരി
(കവിതകൾ)
സിന്ധുല രഘു

പ്രണയമീനുകളുടെ
സെമിത്തേരി അഥവാ
കടലിൻ്റെ മിനിയേച്ചർ

ഒരു കാര്യം ആരംഭിക്കുന്നത് എല്ലായ്പ്പോഴും രസകരമാണ്; അത് പൂർത്തിയാക്കുന്നതാണ് പ്രശ്നം. വളരെ വേഗത്തിൽ തുടങ്ങിവെക്കാൻ കഴിയും. ആശയങ്ങളും പദ്ധതികളും പ്രചോദിപ്പിക്കും, നമ്മെ ആവേശഭരിതരാക്കും. പക്ഷേ, അവ പാതിവഴിയിൽ മാഞ്ഞുപോകുകയും ചെയ്യും.

ഒരാൾ ദിവസവും ഓരോ കവിത വീതം ഫെയ്സ് ബുക്കിൽ എഴുതിയിടുന്നു. അതിന് വായനക്കാരുണ്ടാവുന്നു. അതൊരു ചലഞ്ചായി ഏറ്റെടുക്കാൻ കമൻ്റുകൾ വരുന്നു. കവി തൻ്റെ കവിതകൾ 101 ദിവസ ചലഞ്ച് എന്ന #ഹാഷ് ടാഗിലേക്ക് മാറ്റി എഴുതുന്നു.

ചില കവിതകൾ അത്ര നല്ലതായിരുന്നില്ല,. ചിലത് അത്ര മോശവുമായിരുന്നില്ല. എന്നാൽ അവയിൽ ഔട്ട് സ്റ്റാൻണ്ടിംഗ് കവിതകളും ഉണ്ടായിരുന്നു. ഓരോ ദിനവും ഓരോ കവിത ഒരു വെല്ലുവിളിയായി സ്വീകരിക്കുമ്പോൾ കവിതയിൽ ധ്യാനമിരിക്കാൻ സാധിക്കില്ല എന്നത് സ്വാഭാവികമാണ്. നല്ല തെളിഞ്ഞ വെള്ളം ലഭിക്കാൻ ടാപ്പ് ഓണാക്കിയിടണം. ആദ്യമാദ്യം വരുന്ന അത്ര തെളിവല്ലാത്ത ജലം നമുക്ക് ചെടികൾ നനയ്ക്കാനോ ടൈൽ കഴുകാനോ പാഴായി പോകാതെ ഉപയോഗിക്കാം. പിന്നീട് പൈപ്പിൽ നിന്ന് ഒഴുകുന്ന വെള്ളം ക്രിസ്റ്റൽ ക്ലിയറായി വരുക തന്നെ ചെയ്യും. പക്ഷേ തെളിഞ്ഞ വെള്ളത്തിലെത്താൻ, ടാപ്പ് ഓൺ ചെയ്തല്ലേ പറ്റൂ. സിന്ധുല രഘുവിന് കവിഴയെഴുത്ത് പൈപ്പിൽ നിന്ന് ജലം തുറന്നു വിടുക എന്നത് തന്നെയായിരുന്നു. അവർക്ക് ജീവൻ നിലനിർത്താൻ കവിതയുടെ തെളിഞ്ഞ പ്രാണജലം ആവശ്യമായിരുന്നു.

അങ്ങനെ നൂറ്റിയൊന്നിൽ നിന്നും ഊറിത്തെളിഞ്ഞുവന്ന നാല്പത്തിനാല് കവിതകളുടെ ധ്യാനമാണ് മീനുകളുടെ സെമിത്തേരി എന്ന സമാഹാരം. മാറ്റി നിർത്തിയ കവിതകൾ കൂടി നൽകിയ പോസറ്റീവ് എനർജിയാണ് ഈ സമാഹാരത്തിലെ കവിതകളുടെ ഇഴയടുപ്പം എന്ന് പറയണം. മരത്തിൽ നിന്ന് ശില്പി തൻ്റെ ശില്പം കണ്ടെടുക്കുന്ന പോലെ കവി തൻ്റെ വാക്കുകളിൽ നിന്ന് / അക്ഷരങ്ങളിൽ നിന്ന് മികച്ച കവിത കണ്ടെടുക്കുന്നു.

കവിത, കവിയെ മന്ദഗതിയിലാക്കും കവിതയിലൂടെ നിങ്ങളുടെ വഴി വേഗത്തിൽ വായിക്കാൻ നിങ്ങൾക്ക് കഴിയില്ല; താൽക്കാലികമായി നിർത്തി പ്രതിഫലിപ്പിക്കാതെ നിങ്ങൾക്ക് കവിത എഴുതാനും കഴിയില്ല. ഒരു കവിത എഴുതുന്നത് നിങ്ങൾ ചെയ്യുന്ന ഒന്നല്ല, നിങ്ങളുടെ ദിനചര്യ പട്ടികയിൽ നിന്ന് പുറത്താണ് അതിൻ്റെ സ്ഥാനം. പ്രഭാതഭക്ഷണത്തിന് ധാന്യങ്ങൾ കഴിക്കുകയും വിളവെടുപ്പിനായി വയലിലെ ധ്യാന്യങ്ങൾ മുളപ്പിച്ചെടുക്കുകയും ചെയ്യുന്ന പോലെ ചിട്ടയോടെ കവിത എഴുതുക സാദ്ധ്യമല്ല., എന്നാൽ ഇത് ദിവസം മുഴുവൻ നിങ്ങളിൽ സംഭവിക്കുന്ന/ അലട്ടുന്ന /ആഹ്ലാദിപ്പിക്കുന്ന ഒരു കാര്യ കൂടിയാവുന്നുമുണ്ട്

നിങ്ങൾ മൂടുപടം നീക്കി, “ലോകമേ സ്വാഗതം! നമുക്ക് ഈ ദിവസം നൃത്തം ചെയ്യാം " എന്ന് പറയുന്ന പോലെയോ, എത്രയും പ്രിയപ്പെട്ട ഒരാളെ ആശ്ലേഷിക്കുകയും ഒരു സ്പർശനത്തിലൂടെ, ചുംബനത്തിലൂടെ/ സുരതത്തിലൂടെ അവളാണ്/ അവനാണ് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയെന്ന് പറയുകയും ചെയ്യുമ്പോൾ
പലപ്പോഴും കവിത സംഭവിക്കുന്നുണ്ട്. അതിനാൽ കവിത എഴുതുന്നത് യഥാർത്ഥത്തിൽ ഒരു ജീവിതരീതിയാണ്-

ജീവിതത്തിന്റെ നിഗൂഢതകൾക്കുള്ള ഉത്തരങ്ങൾക്കായി നമ്മൾ ചിലപ്പോൾ കവിതയിലേക്ക് നോക്കുന്നു, കവികൾ സാധാരണ കാണുന്നതിനേക്കാൾ ആഴത്തിലുള്ള കാഴ്ച യാഥാർത്ഥ്യവുമായി എപ്പോഴും ബന്ധപ്പെട്ടിരിക്കുന്നുണ്ട്.

കവിതയ്ക്ക് നിശ്ചലതയുടെ, കാറ്റിന്റെ, ഒഴുകുന്ന വെള്ളത്തിന്റെ ഭാഗമാകാം; കവിതയ്ക്ക് ഒരു നക്ഷത്രത്തിൽ തിളങ്ങാനും മേഘത്തിൽ പൊങ്ങിക്കിടക്കാനും കഴിയും.

കവിതയ്ക്ക് സ്വന്തമായൊരു തെരുവു നിർമ്മിച്ച് ആ തെരുവിലൂടെയാണ് തൻ്റെ ആദ്യ കവിതയിലൂടെ / ആദ്യ പുസ്തകത്തിലൂടെ സിന്ധുല നടന്നു തുടങ്ങുന്നത്.

'കവിതകളുടെ തെരുവ് '
അക്ഷരങ്ങളേ
നിങ്ങൾക്കുവേണ്ടി
ഞാനിതാ കിടക്കവിരിച്ചിരിക്കുന്നു.
ഭൂതകാലത്തിൻ്റെ വസ്ത്രമുരിഞ്ഞ്
ഓർമ്മകളുടെ തീവണ്ടിപ്പാത തുരന്ന് മൗനത്തിൻ്റെ അതിർത്തി ഭേദിച്ച്
എൻ്റെ ഉദ്യാനത്തിലേക്ക്
വിരുന്നു വരിക !

സിൽവിയ പ്ലാത്തും ഔവ്വയാറും നെരൂദയും റൂമിയും ജിബ്രാനും സഞ്ചരിച്ച അതേ വഴിയിലെ കവിതകളുടെ തെരുവിൽ തന്നെയാണ് സിന്ധുലയും തൻ്റെ തൂലികയാൽ പുതിയ മാനങ്ങൾ എഴുതി നിറയ്ക്കുന്നത്.

മുഴക്കോലളന്ന്
മരണമെന്ന ചിന്ത
ചുരം കയറി വരുമ്പോഴൊക്കെ
മണിമരുതിൻ വയലറ്റ് പൂക്കൾ
ഒറ്റ ധ്യാനത്തിൻ്റെ ബുദ്ധനെ
വേദനയിൽ
കൊഴിഞ്ഞു വീഴുന്ന പൂക്കളിൽ
എഴുതിവെയ്ക്കും

മണിമരുത് ഇല കൊഴിക്കുന്നത് പോലെ, തൻ്റെ അറിവുകളുടെ ശല്ക്കങ്ങൾ മറ്റുള്ളവർക്കായി പൊഴിച്ചിടുന്ന ധ്യാനബുദ്ധനെ, വയലറ്റ് പൂക്കളിൽ എഴുതി വെയ്ക്കുന്നുണ്ട് 'ചുരം കയറുമ്പോൾ ' എന്ന കവിതയിൽ. അപ്പോൾ ചുവന്ന കാട്ടുപൂക്കൾ പൂത്തു തുടങ്ങുന്ന മണം നമ്മെ ചൂഴ്ന്ന് നിൽക്കും.

ഒരിക്കൽ
പെയ്താൽ മതി
ജീവിതം മുഴുവൻ
ചോർന്നൊലിക്കാൻ
എന്നെഴുതിയത് കവി പി. ആർ. രതീഷാണ്.

കണ്ണടച്ചു നടന്നാലും
കുടപിടിച്ചാലും
ഓർമ്മകളുടെ
മഴ ചോരുന്നുണ്ട്
ഇപ്പോഴും അവളുടെ കണ്ണിൽ
എന്ന് കടലെടുത്ത പെൺകുട്ടിയിൽ
സിന്ധുലയും ഓർമ്മകൾ ചോർന്നൊലിക്കുന്ന കവിതയെഴുതുന്നുണ്ട്.

പിഞ്ചു കുഞ്ഞുങ്ങളുടെ മുഖം കവിതതന്നെയാണ്.
ആകാശത്തിൻ്റെ
നുരയും പതയും പോലെ
കുഞ്ഞുവായിലെ
തേൻതുള്ളികൾ
ജലമാല പണിയും

എത്ര മനോഹരമാണ് ഈ വരികൾ. പുതിയ കാലത്തെ സ്റ്റാറ്റസ് പോലെ കവിതമഴ പെയ്യുന്നുണ്ട് ഈ മീൻ നോട്ടങ്ങളിൽ.

ഒറ്റയാവുന്ന തുരുത്തുകൾ

കുടഞ്ഞെറിയണം
ജീവിത വേനലിനെ
മരമാവണം;
മഴയത്ത്
മൗനത്തിൻ്റെ ഭാഷയിൽ
നിർത്താതെ നനഞ്ഞ്
നിറയെ പൂത്ത
ഒരു പൂവരശ്!

അനേകം പേർ ചുറ്റുമുണ്ടായിട്ടും
ഏകാന്തതയുടെ നടുകടലിൽ പെട്ടു പോകുന്നവരെ കുറിച്ചാണ്, കവി ആകുലപ്പെടുന്നത്. മഴയിൽ നനഞ്ഞ് നനഞ്ഞ് ഒട്ടും ചിതലുപിടിക്കാത്ത, വേരിൽ നിന്നും ഒരിക്കലും മണ്ണൊലിച്ചു പോകാത്ത, മൗനത്തിൻ്റെ ഭാഷയുള്ള ഒരു പൂവരശ് മരമാകാൻ കവി ആശിക്കുന്നു. ഒറ്റയ്ക്കൊറ്റയ്ക്കാവുമ്പോൾ മണ്ണിൽ വേരുകളാഴ്ന്ന് അതിജീവന ശക്തിപെരുകുമെന്നത് പ്രകൃതിയുടെ പാഠമാണല്ലോ.

അച്ഛനിലെ ഓർമ്മ

ചിലപ്പോഴൊക്കെ
ബിവറേജ് ഷോപ്പിലെ
ഷെൽഫിലെ
പരുക്കൻ പൂക്കളുടെ
ആലിംഗനം

ചില വരികൾ അതുവരെയുള്ള സങ്കല്പ ബിംബങ്ങളെ തകിടം മറിച്ചിടുന്നത്, പരുക്കൻ പൂക്കളുടെ ആലിംഗനം പോലെയാണ്. അച്ഛൻ അനായാസമായി ജീവിതം കിഴിച്ചെടുത്തതിനെ കുറിച്ച് 'അച്ചുതണ്ട് 'എന്ന മറ്റൊരു കവിതയിലും വായിക്കാം.

ഉള്ളുകൊണ്ട് ഗർഭം ധരിച്ച് വീണ്ടെടുപ്പുകളുമായി
കണ്ണു തുറക്കുമ്പോൾ
തടവുചാടിയ പ്രണയം
നെഞ്ചിൽ കുരുങ്ങി കാതറുക്കുന്നു.

സ്നേഹവും നിറങ്ങളും വാന്‍ഗോഗിന് എപ്പോഴും ലഹരിയായിരുന്നു. ഒന്നിൽ പെട്ട് കഴിഞ്ഞാൽ പിന്നെ സ്വസ്ഥമായി ജീവിയ്ക്കാൻ കഴിയാത്ത അവസ്ഥ. പക്ഷെ അത്തരം ആത്മാർത്ഥമായ ജീവിതാവസ്ഥകളാണ് പലപ്പോഴും വാൻഗോഗിന്റെ ഭ്രാന്തായി ചിത്രീകരിക്കപ്പെട്ടത്. സ്വയം വരയ്ക്കുന്ന സൂര്യകാന്തി എന്ന കവിതയിൽ ആ കലാകാരൻ്റെ നോവിൻ്റെ ഉപമ കാണാം.

മുടിയഴിച്ച രാത്രിയിൽ
കടിഞ്ഞാൺ പൊട്ടിയ
കുതിരകൾക്ക്
ഉടൽ തുറന്നുവെച്ച
രതിയുടെ പുസ്തകങ്ങൾ

'രതിയുടെ വിധവകൾ' ജീവിത ആസക്തികളുടെ മറ്റൊരു ജാലകം തുറന്നിടുന്നു. ആ തെരുവിൽ സദാചാര സുവിശേഷകരുടെ വീരഗാഥകൾ മുഴങ്ങി കേൾക്കാം.

വിശപ്പിനു വില പറഞ്ഞ്
മീനുകൾക്ക് മുന്നിൽ
'കാത്തിരിപ്പിൻ്റെ
ആകൃതിയുള്ള പുച്ച'

കണ്ണുകളിൽ കൊള്ളിവെച്ച്
രാത്രിയുടെ തിരയെണ്ണി
അതിസാഹസികമായി
എലിയെ ജീവിതത്തിൽ നിന്നും
കീറിയെടുത്ത് പശിയകറ്റും
-മാർ'ജാര' ചുംബനങ്ങൾ -

ഞാനൊരു പൂക്കാലത്തിൻ്റെ
നിഴലെന്ന് കരുതി
പൂമണമുള്ളൊരു പൂമ്പാറ്റ
എൻ്റെ കവിളുകളിൽ പൂമ്പൊടിയാൽ
ചിത്രം വരയുന്നു
- കിനാവിൻ്റെ ചെറുതുള്ളി -

സ്ഥിരവാസികളും ദേശാടകരും കാടുകളിൽ മാത്രം പ്രജനനം നടത്തുന്നവയായി കരുതപ്പെടുന്നവരുമുൾപ്പെടെ എഴുപതിലേറെ പക്ഷികളെയും അപൂർവ പൂമ്പാറ്റയിനങ്ങളെയും പ്രകൃതി വിദ്യാർത്ഥികൾ നിരീക്ഷിച്ചിട്ടുള്ള തീരദേശ ലോ ലാന്റ് ഫോറസ്റ്റിന്റെ അനന്യമായ ഒരു ലാക്ഷണിക മാതൃകയായ ശാന്തി വനം വിഷയമാവുന്ന കവിതയാണ് - അശാന്തിവനം -

തലകുനിക്കരുതെന്ന
വാശിയോടെ
ചുവടുകൾ വെയ്ക്കുന്നു
മുക്കുറ്റി.

മരിച്ചുപോയ ജലത്തിൻ്റെ
ഭാഷ അറിയണമെങ്കിൽ
അക്വേറിയത്തിലെ
മീനിനോട് ചോദിക്കണം
-മീനുകളുടെ സെമിത്തേരി-

ഇവിടെയുണ്ടു ഞാന്‍
എന്നറിയിക്കുവാന്‍
മധുരമാമൊരു
കൂവല്‍ മാത്രം മതി
എന്ന് -ലളിതം - എന്ന കവിതയിൽ പി.പി രാമചന്ദ്രൻ എഴുതിയിട്ടുണ്ട്‌.
എന്നാൽ സിന്ധുല
ശൂ... എന്ന്
ദോശേ...
എത്ര ലളിതമാണ് നീ
എന്ന് പകരമെഴുതുന്നു ഒരു ജനകീയ വൃത്തത്തെ.

പുഷ്പിണിയായ
പെൺകുട്ടികളുടെ
മാസവേദനയാണ്
ചെമ്പരത്തിപ്പൂവുകൾ.
- വിശുദ്ധ ചെമ്പരത്തി - യിലെ ഈ നാലുവരികളിൽ അകറ്റി നിർത്തുന്ന എല്ലാ അശുദ്ധികളേയും ഒരു പൂവിൻ്റെ രക്തവർണ്ണത്തിലേക്ക് ചേർത്ത് നിർത്തുന്നു. നെടുകെ ഛേദിച്ച പൂവിൽ ഈ പെൺനോവുകളും പഠിപ്പിക്കാൻ കഴിയും വിധം ചിരിയുടെ കുപ്പിച്ചില്ലുകൾ കേൾക്കാം.

പൂച്ചയും എലിയും മീനുകളും പൂക്കളും പൂമ്പാറ്റയും വയലും രതിയും ദൈവവും ഉറുമ്പുകളും പ്രാവും മരംകൊത്തിയും വരയൻ പുഴുവും ബുദ്ധനും വിധവയും മരവും മഴയും കടലുമൊക്കെ നിരന്തരം തീക്ഷണ ബിംബങ്ങളായി സിന്ധുലയുടെ കവിതയിൽ കടന്നു വരുന്നു. പ്രകൃതിയിലേക്ക് തുറന്നു വെച്ച കണ്ണുകൾ കാഴ്ചകളെ കവിതകളാക്കി തീർക്കുന്നു.

കണ്ണിൽ തെളിഞ്ഞ്
നാവിൽ വിളങ്ങി
വിരലിൽ വിരിഞ്ഞ്
ഭാഷയെ താലോലിച്ച്
പിറക്കുന്ന വാക്കുകൾ
-അതാണ് കവിതയുടെ കാലപ്പകർച്ച -

സ്വാതന്ത്ര്യത്തിൻ്റെ വെളിച്ചത്തിൽ എത്രയെഴുതിയാലും തീരാത്ത ഇലകളും തണലും മരവുമായ കവിതകളിൽ ഉടമ്പടിയില്ലാതെ കിളിയാവുന്നു ഞാനെന്ന് സിന്ധുല കവിതാ പുസ്തകം അടച്ച് വെയ്ക്കുന്നു.

കവിതയുടെ ആത്മാവിലേക്ക് കോറിയിട്ട അൻവർ ഹസ്സൻ്റെ ചിത്രങ്ങൾ വായനയെ കാഴ്ച കൂടിയാക്കിത്തീർക്കുന്നു. കടലിൻ്റെ മിനിയേച്ചറായി നിസാർ ഇബ്രാഹിമിൻ്റെ കവർച്ചിത്രവും മികച്ചതാണ്

കവിതപ്രസാധകർ: ഗൂസ്ബെറി ബുക്സാണ്

രമേഷ് പെരുമ്പിലാവ്
Burdubai
Akkikkavu po 680519
Thrissur
What's app : 00971506763468

bottom of page