top of page
image_edited_edited.jpg

മനസ്സിനുള്ളിലെ പറുദ്ദീസ.

ഷീബ. കെ. എൻ

മനസ്സിനുള്ളിലെ  പറുദ്ദീസ.

നോവൽ ആസ്വാദനം
ഷീബ. കെ. എൻ

മനസ്സിനുള്ളിലെ പറുദ്ദീസ.

രചന.
ശ്യാമള ഹരിദാസ്.

നവമാധ്യമരംഗത്ത് ഏറേ ശ്രദ്ധേയമായ എഴുത്തുകാരിയാണ് ശ്രീമതി ശ്യാമളാ ഹരിദാസ് . ശ്യാമള ടീച്ചറെഴുതിയ മനോഹരമായൊരു നോവലാണ് "മനസ്സിനുള്ളിലെ പറുദ്ദീസ".

വളരെ ലാളിത്യമാർന്നഭാഷയാൽ ആസ്വാദ്യകരമായി വായിക്കാൻ കഴിയുന്ന നോഹരമായൊരു ശൈലിയാണ് ടീച്ചറുടെ ഓരോ എഴുത്തിലും പ്രതിഫലിക്കുന്നത്.

ഒരുപെൺകുട്ടിയുടെ കൗമാരവും യൗവ്വനവും വായനക്കാരുടെ മുൻപിൽ വരച്ചിടുന്ന ഒരു ചിത്രം പോലെ തെളിയുകയാണീ നോവലിൽ. പതിനഞ്ചുകാരിയായ പൗർണ്ണമിയിലൂടെയാണ് കഥയാരംഭിക്കുന്നത്. നാട്ടിലെ നാലുകെട്ടും, കാവും ,പുഴയും, സുന്ദരിയായ മുത്തശ്ശിയും അവൾക്കേറെ പ്രിയങ്കരമാണ്. ചെറുപ്രായത്തിലെ നല്ലൊരു വായനക്കാരിയും എഴുത്തുകാരിയുമാണ് പൗർണ്ണമി. പക്ഷേ അച്ഛന് ഹൈദരാബാദിലേക്ക് ട്രാൻസ്ഫറാകുന്നതോടുകൂടി അവളിലെ സാഹിത്യപരമായ കഴിവ് കൂടുതൽ ഉയരുന്നു. എങ്കിലും നാട്ടിലെ സുജ ടീച്ചറുമായുള്ള ബന്ധം നീറുന്നൊരോർമ്മയായി അവളിലവശേഷിയ്ക്കുന്നുണ്ട്.

പിന്നീട് വീണ്ടും തറവാട്ടിലെത്തിയതിന് ശേഷമുള്ള ഹൈദരാബാദിലേയ്ക്കുള്ള ട്രെയിൻ യാത്രയിൽ സ്റ്റെല്ല എന്ന പെൺകുട്ടിയുടെ കഥ ഏറേ നൊമ്പരം സമ്മാനിക്കുന്നു. ആ കുട്ടിയുടെ കഥ പൗർണ്ണമി തൻ്റെയടുത്ത നോവലിൻ്റെ പ്രമേയമാക്കി മാറ്റുന്നു. പിന്നീട് നാം കാണുന്നത് അറിയപ്പെടുന്ന ഒരുസാഹിത്യകാരിയായതിന് ശേഷം IPS എന്ന സ്വപ്നത്തിലേയ്ക്ക് പൗർണ്ണമിച്ച ചുവട് വെയ്ക്കുന്നകാഴ്ചയാണ്.

ആ യാത്രയിൽ അവൾ ആകാശ് എന്ന ചെറുപ്പക്കാരനെകണ്ടുമുട്ടുന്നു. വൈകാതെ അവർ വിവാഹിതരാകുന്നു. ഡി.ഐ ജി യായി സ്ഥാനക്കയറ്റം നേടിയ ആകാശ് ഔദ്ദേശിക ജീവിതം തുടരുന്നത് പോലെ തന്നെ പ്രൊഫഷനിലും സാഹിത്യത്തിലും പൗർണ്ണമിയും മിന്നിത്തിളങ്ങുന്നു. ഒരിയ്ക്കൽ സായാഹ്ന സവാരിക്കായി കടൽ തീരത്തെത്തിയ ആകാശും പൗർണ്ണമിയും ഒരു നിഴൽ രൂപത്തെ കാണുന്നു. ഭ്രാന്തനെന്ന് തോന്നിയെങ്കിലും കുപ്രസിദ്ധ മയക്കുമരുന്നു സംഘത്തിലെ ജയിൽ ചാടിയ പ്രതി അഭിനവ് ആയിരുന്നത്. അയാൾ അഭിനവിനെ പൊലീസിൻ്റെ സഹായത്തോടെ സാഹസികമായി പൗർണ്ണമിയും ആകാശും ചേർന്ന് പിടികൂടുന്നു. കൂടുതൽ ചോദ്യം ചെയ്യലിൽ മാഫിയത്തലവനായ നിസാമിൻ്റെ പേരിലെത്തുന്നു.

നിസാമെന്ന ക്രിമിനലിൻ്റെ വീടിനടുത്ത് ഒരു വാടക വീട് തരപ്പെടുത്തിയ പൗർണ്ണമി തെളിവുകളെല്ലാം ക്യാമറയിൽ പകർത്തുന്നു. തുടർന്ന് നെൽസൽ എന്ന ഡിറ്റക്ടീവുമായി കിട്ടിയ വിവരങ്ങൾ ആകാശിന് കൈമാറി നിസാമിനെ പിടികൂടുന്നു. പക്ഷേ അതോടെ പൗർണ്ണമിക്ക് ശത്രുക്കൾ വർദ്ധിക്കുകയും ഗർഭിണിയായ പൗർണ്ണമി ജോലി രാജിവയ്ക്കേണ്ട തീരുമാനത്തിലെത്തുകയും ചെയ്യുന്നു. ട്രെയിൻ അപകടത്തെക്കുറിച്ചറിഞ്ഞ രക്ഷാപ്രവർത്തിനത്തിനായി ആകാശ് സംഭവസ്ഥലത്തെത്തുന്നു.
ആകാശിനെ കോൺടാക്റ്റ് ചെയ്യാനാവാത്ത അവസ്ഥയിൽ പൗർണ്ണമി പരിഭ്രാന്തയാവുന്നു. പിന്നീട് അവർക്കൊരു കുഞ്ഞു ജനിക്കുന്നു.

പത്രപ്രവർത്തകൻ നീരജിൻ്റെ കൊലപാതകത്തെക്കുറിച്ചറിഞ്ഞ് ആകാശും നെൽസനും സംഭവസ്ഥലത്തെത്തുന്നു. അവിടെനിന്ന് ഒരു ഡയറികണ്ടെടുക്കുന്നു. പ്രതി ലോറൻസിൻ്റെ അറസ്‌റ്റോടെ ശാന്തവും സുന്ദരവുമായ ജീവിതത്തിലേക്ക് പൗർണ്ണമിയും ആകാശും പ്രവേശിക്കുന്നു. കൂടെ അവരുടെ അദീപ് എന്ന കുഞ്ഞും.


ഒറ്റയിരിപ്പിന് വായിച്ച് തീർക്കാനാവുന്ന നല്ലൊരു നോവലാണ് മനസ്സിനുള്ളിലെ പറുദ്ദീസ. നാട്ടിൻപ്പുറക്കാഴ്ചകൾ, നാലുകെട്ടിനകത്തളങ്ങളിലെ ജീവിതം ,ഹൈദരാബാദിലെ കാൻഡിഡസ് ഇൻ്റർനാഷണൽ സ്കൂളിലെ കാഴ്ചകൾ, പരമ്പരാഗതമായി തറവാടുകളിൽ നിറഞ്ഞുനിൽക്കുന്ന ചിട്ടയോടെയുള്ള വിഷു ആഘോഷവും കണിക്കാണൽച്ചടങ്ങും, വയനാടൻ കാഴ്ചകൾ, കാഞ്ചിപുരം ക്ഷേത്രക്കാഴ്ചകൾ സ്ഥലനാമങ്ങളും ഐതിഹ്യങ്ങളും അങ്ങിനെ ഒരുപാട് വിവരണങ്ങൾ ഈ നോവലിന് ചന്തം ചാർത്തി അണിയിച്ചൊരുക്കാനായി ചേർത്തിട്ടുണ്ട്.

നല്ലൊരു കവയിത്രിയും നിരൂപകയുമായ ശ്യാമള റ്റീച്ചറുടെ തൂലികയിൽ നിന്ന് ഇനിയുമിനിയും മനോഹരവും
ഉദ്വേഗഭരിതവുമായ നോവലുകൾ പിറവിയെടുക്കട്ടെ എന്നാശംസിക്കുന്നു. നന്മകൾ നേരുന്നു.🌹

@Sheeba.KN

bottom of page