

മഞ്ജു ശ്രീകുമാർ
സുഗന്ധി എന്ന ആണ്ടാൾ ദേവനായകി

ടി ഡി രാമകൃഷ്ണൻ
ഡി സി ബുക്ക്സ്
മിത്തും യാഥാർത്ഥ്യങ്ങളും കഥകളും ഉപകഥകളും ഇടകലർത്തി ശ്രീലങ്കൻ തമിഴ് വിമോചന പോരാട്ടങ്ങളുടെ പശ്ചാത്തലത്തിലൂടെ സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയെ തൻ്റെ തൂലികയിലൂടെ മനോഹരമായി വരച്ചു വച്ചിരിക്കുകയാണ് നോവലിസ്റ്റ് സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന പുസ്തകത്തിലൂടെ.
സിനിമ പ്രവർത്തകരുടെ ഒരു സംഘം ഡിവൈൻ പേൾ എന്ന ശ്രീലങ്കൻ പട്ടാളത്തിൻ്റെ രഹസ്യ കേന്ദ്രം സന്ദർശിക്കാൻ എത്തുന്നതോടെ ആരംഭിക്കുന്ന ഈ നോവലിൽ ഒരു സ്ക്രിപ്റ്റ് റൈറ്റർ ആയ പീറ്റർ ജീവാനന്ദം എന്ന കഥാപാത്രമാണ് ഇങ്ങനെ നോവലിനെ മിത്തും വർത്തമാനകാലവും ചരിത്രവും എല്ലാമായി യോജിപ്പിച്ചുകൊണ്ട് കഥ പറയുന്നത്.
9 വർഷങ്ങൾക്കു മുൻപ് ഒരു വെടിനിർത്തൽകാലത്ത് ഒരു സിനിമ പ്രൊജക്റ്റുമായി പെൺപുലികളുടെ നേതാവായ തമിഴൊലിയെ പീറ്റർ കണ്ടത് ഇപ്പോൾ അദ്ദേഹം ഓർത്തെടുക്കുകയും കൂട്ടത്തിൽ സുഗന്ധിയെക്കുറിച്ച് അന്വേഷിക്കുകയും ചെയ്യുന്നു. അവിടെനിന്ന് പീറ്റർ സുഗന്ധയെ കുറിച്ചുള്ള അന്വേഷണങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. സുഗന്ധിയും പീറ്ററും തമ്മിലുള്ള ബന്ധം എന്തായിരുന്നു, സുഗന്ധി ആരായിരുന്നു എന്നൊക്കെ ഓരോ അധ്യായങ്ങളിലൂടെ വെളിവാകുന്നു.
പിന്നീട് നാലു വർഷങ്ങൾക്കു മുമ്പ് സുഗന്ധി എഴുതിയ ഒരു കുറിപ്പ് പീറ്ററിന് കിട്ടുമ്പോൾ സുഗന്ധിക്ക് പീറ്റർ ആരായിരുന്നു, താൻ എങ്ങനെ ഒരു പോരാളിയായി തീർന്നു എന്നതിൻ്റെയൊക്കെ ഒരു ചുരുക്കം അതിൽ നിന്ന് പീറ്ററിന് വായിക്കാൻ കഴിയുന്നു. സുഗന്ധി മരിച്ചിട്ടില്ല എന്ന് വിശ്വസിക്കാൻ പീറ്ററിനു അത് മൂലം സാധിക്കുകയും ചെയ്യുന്നു.
ഈ അന്വേഷണത്തിനിടയിലാണ് ദേവനായകിയൻ കതൈ എന്ന മീനാക്ഷി രാജരത്തിനത്തിൻ്റെ ലേഖനം പീറ്റർ വായിക്കാൻ ഇടയാകുന്നത്. ഒരു സഹസ്രാബ്ദം മുൻപ് ജീവിച്ചിരുന്ന മറ്റൊരു സുഗന്ധി - സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയിലേക്ക് അങ്ങനെ നമ്മൾ എത്തിച്ചേരുകയാണ്.
പുരുഷമേൽക്കോയ്മയുടെ ജീർണ്ണതയും അടിച്ചമർത്തപ്പെട്ട സമൂഹത്തിൻ്റെ ചെറുത്തുനിൽപ്പും
ആണ്ടാൾ ദേവനായകി എന്ന വിപ്ലവ നായികയുടെ യുദ്ധതന്ത്രങ്ങളും സൗന്ദര്യവും ബുദ്ധിയും എല്ലാം മികവുറ്റ ദൃശ്യങ്ങളായി നമുക്കു മുൻപിൽ തെളിയുകയാണ്.
ടി ഡി രാമകൃഷ്ണൻ എന്ന മഹാപ്രതിഭയുടെ വായിച്ചിരിക്കേണ്ട ഒരു നോവൽ- കൂടുതൽ പറയാൻ പോലും ഞാനശക്തയാണ്, അത്രക്ക് ഭാവനാസമ്പന്നമായ എഴുത്ത്.
മഞ്ജു ശ്രീകുമാർ.
തൃശൂർ ജില്ലയിലെ വെള്ളാങ്ങല്ലുർ സ്വദേശം. 1998 മുതൽ കുടുംബത്തോടൊപ്പം ദുബായിൽ താമസം.
ഭർത്താവ് ശ്രീകുമാർ.
മക്കൾ സാരംഗ്, സൗരവ്, ശിവാംഗി.
"ബാൽക്കണിക്കാഴ്ചകൾ" എന്ന ചെറുകഥാസമാഹാരം, "ദി ഗ്രേറ്റ് ബ്ലൈൻഡ്‌നെസ്സ്" എന്ന വിവർത്തനം(സ്വന്തം മകൾ ശിവാംഗി മേനോൻ ശ്രീകുമാറിൻ്റെ ആദ്യ നോവൽ The Great Blindness ൻ്റെ വിവർത്തനം) ഇവയാണ് സ്വന്തം പുസ്തകങ്ങൾ.
ഇരുപത്തിയൊന്ന് വാരിയെല്ലുകൾ, ലാൽബാഗ് എക്സ്പ്രെസ്സ്, സമസ്യാരവം, ഗഡീസ്, ഡാർക്ക് റൂട്ട്സ്, കഥ പറയുന്ന ഗ്രാമങ്ങൾ, അദൃശ്യം, പകർന്നാട്ടങ്ങളുടെ രാജകുമാരൻ എന്നീ പുസ്തകങ്ങളിൽ co author ആണ്. ഇരുപത്തിയൊന്ന് വാരിയെല്ലുകൾ, ഡാർക്ക് റൂട്ട്സ്, അക്കാഫ് ഇവന്റസ് 2023 എന്നീ പുസ്തകങ്ങളുടെ എഡിറ്റോറിയൽ ബോർഡ് അംഗം.
ഒൻപത് വർഷത്തോളം ദുബായിലും ഷാർജയിലുമായി വിവിധ അന്താരാഷ്ട്രകമ്പനികളിൽ ജോലി ചെയ്തു,ഇപ്പോൾ ഓൺലൈൻ മാധ്യമങ്ങളിലെ എഴുത്തിനും ഡെസേർട് ഡ്രൈവിനും വ്ലോഗ്ഗിങ്ങിനും ഒപ്പം സാമൂഹ്യ പ്രവർത്തന കൂട്ടായ്മകളിലും സജീവം.