top of page
image_edited_edited.jpg

പെണ്ണച്ചി

ശംസീർ ചാത്തോത്ത്

പെണ്ണച്ചി


"യഥാർത്ഥ ലോകവുമായി പുലബന്ധമില്ലാത്ത നുണകൾ.. വെറും നുണകൾ മാത്രമാണീ നോവൽ.. തന്മയത്വത്തോടെ നുണകൾ പറഞ്ഞാൽ മനോഹരമായ ഒരു കഥയാവുമെന്ന് ഞാൻ വിശ്വസിക്കുന്നു.. നുണ നുണയാകുമ്പോൾ അത് ചിലപ്പോൾ യാഥാർഥ്യമായി പരിണമിച്ചേക്കാം." ആമുഖത്തിൽ എഴുത്തുകാരൻ പറഞ്ഞു വെച്ചത് ഇങ്ങനെയാണ്..
"പെണ്ണച്ചി" നുണകഥയോ നേരോ ആയികൊള്ളട്ടെ.. വായിച്ചുകൊണ്ടിരിക്കുമ്പോൾ എഴുത്തിടത്തിലെ പ്രത്യേകിച്ചും സോഷ്യൽ മീഡിയകളിൽ മാത്രം വെട്ടിത്തിളങ്ങുന്ന പെണ്ണച്ചിമാരുടെ മുഖം മാറിമറിയും.. ഫെമിനിസം തലക്കുപിടിച്ച എഴുത്തുകാരികളേറെയുണ്ട്. അവർക്ക് അവരവരോട് തന്നെയോ, കുടുംബത്തോടോ, സ്വന്തം രക്തത്തിൽ പിറന്ന മക്കളോടോ യാതൊരു പ്രതിബദ്ധതയും ഉണ്ടാവില്ല. തന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും മാത്രമാണ് ശരി.. മറ്റുള്ളതൊക്കെ എന്നെ ബാധിക്കുന്ന വിഷയമല്ലെന്ന മൂഢത്വം കാണിക്കും. ശരിയും തെറ്റും തിരിച്ചറിയാതെ മറ്റൊരു ലോകത്തിലേക്ക് വഴുതി വീഴുന്ന ഫെമിനിച്ചി സുചലയുടെ രംഗമാണ് പെണ്ണച്ചിയെന്ന നോവലിലങ്ങോളമിങ്ങോളം.
സുചലയെന്ന എഴുത്തുകാരി നന്ദൻ എന്ന ഭർത്താവുമായ് അകലുമ്പൊൾ തപ്പു എന്ന മകന്റെ ഒറ്റപ്പെടലിനെ കുറിച്ച് അല്പം പോലും ചിന്തിക്കുന്നില്ല. മകനെ കുറിച്ച് ചിന്തയില്ലാത്ത 'അമ്മ. നെഗറ്റീവ് വശം ഒന്നും ചൂണ്ടിക്കാണിക്കാനില്ലാത്ത മാന്യനായ ഭർത്താവ്, അയാളിൽ നിന്ന് അകലാൻ കാരണങ്ങളൊന്നും കണ്ടെത്താൻ കഴിയാതെ തന്റേടിത്തം മാത്രം കൈമുതലാക്കിയവളായിരുന്നു സുചല. ഭർത്താവാരായിരുന്നു.. എന്തായിരുന്നു.. എന്നുപോലും ചിന്തിക്കുന്നില്ല. ഭർത്താവിനൊപ്പം ജീവിക്കുമ്പോൾ തന്റെ സ്വത്വം നഷപെട്ടുപോവുമോയെന്നുള്ള ഭയം അവളെ പിന്തുടരുന്നുണ്ട്.. അസ്തിത്വം പണയം വെച്ചുള്ളൊരു ജീവിതം വേണ്ടെന്ന് അവൾക്ക് നിർബന്ധമുണ്ട്. ഒരാളോടൊപ്പം ജീവിക്കുമ്പോൾ സ്വാതന്ത്ര്യം അനുഭവിക്കാൻ കഴിയില്ലെന്ന് അവൾ കവിതകളെഴുതുന്നു.. കവിതകളിലൂടെ ഭർത്താവ് നന്ദനെ വെട്ടിമുറിക്കുന്നു.. എല്ലാമുണ്ടായിട്ടും ഒന്നുമില്ലേ എന്ന് നിലവിളിച്ചോടുന്ന സുചലയെന്ന ഭാര്യ. അവസാനം ചാടി വീണത് ക്ളീറ്റഴ്‌സ് എന്ന കഴുതക്കൂട്ടിലും. അതോടെ ജീവിതം പെരുവഴിയിൽ.
ബന്ധങ്ങൾ മുറിച്ചു കളയുന്നത് കേവലമൊരു പുൽത്തകിട് ഇറക്കിവെക്കുന്ന അത്ര നിസ്സാരതയിലാണെന്ന് കഥയിലൂടെ മനസ്സിലാക്കാം..
സത്യത്തിൽ മകനിലൂടെയാണ് കഥ അവസാനിപ്പിക്കുന്നതെങ്കിലും കഥയുടെ കേന്ദ്ര ബിന്ദു സുചലയെന്ന പെണ്ണച്ചി മാത്രമാണ്. ആദ്യവും അവസാനവും സുചല മാത്രമേയുള്ളൂ.. സുചല മാത്രം മുഴച്ചു നിൽക്കുന്നു..
അവസാനം അവിടെ മകൻ മരിക്കാൻ കിടന്നപ്പോൾ മകളെന്ന സുചലയുണ്ട്, ഭാര്യയെന്ന സുചലയുണ്ട്, അമ്മയെന്ന സുചലയുണ്ട് എന്നാൽ ഫെമിനിസ്റ്റ് സുചലയെ അവിടെ കാണാനേയുണ്ടായിരുന്നില്ല. ജീവിത പാഠം ഫെമിനിസത്തെ ഇല്ലാഴ് ചെയ്ത കാഴ്ചയായിരുന്നു കഥയുടെ അവസാന ഭാഗത്ത്.
പ്രിയപ്പെട്ട എഴുത്തുകാരൻ വെള്ളിയോടാ..
നുണയാണ് നുണയാണ് നുണയാണ് എന്നാവർത്തിച്ച് താങ്കൾ പറയുമ്പോളും. നുണയല്ല നുണയല്ല നുണയല്ല ഇതെന്ന് ഉറക്കെ പറയാൻ ആഗ്രഹിച്ചു പോവുന്നു.. യാഥാർഥ്യവുമായി കഥക്ക് നല്ല ബന്ധമുണ്ട്. നുണക്കഥയല്ലയിത് യാഥാർഥ്യം തന്നെയാണ്. ചിലപ്പോൾ തപ്പുവെന്ന കഥാപാത്രം മാത്രം നുണയായേക്കാം.. മറ്റുള്ളതൊക്കെയും നേരാണ്, കണ്ടറിഞ്ഞ കേട്ടറിഞ്ഞ നേര്, ഇന്നിന്റെ നേര് !!
വായനാസുഖം നൽകുന്ന വെള്ളിയോടന്റെ (Velliyodan CP) 112 പേജുള്ള ഈ പുസ്തകം ഇറക്കിയത് ഒലിവ് ബുക്ക്സ് ആണ്. വില 140₹
ശംസീർ ചാത്തോത്ത്

bottom of page