top of page
image_edited_edited.jpg

ചിലയ്ക്കാത്ത പല്ലി

രമേഷ് പെരുമ്പിലാവ്

ചിലയ്ക്കാത്ത പല്ലി

ചിലയ്ക്കാത്ത പല്ലി
(കഥകൾ)
അക്ബർ ആലിക്കര
..........................................................
കഥകളിൽ അധികം
ചിലയ്ക്കാത്ത ഒരാളുടെ കഥകൾ
.......... ................................................

പല തവണ എഴുത്ത് നിന്നു പോയ ഒരാളുടെ കഥകളാണ്‌. കഥകൾക്കിടയിലെ കാലദൈർഘ്യംകൊണ്ട് ശൈലിയും കാഴ്ചപ്പാടിലും അനിവാര്യമായ മാറ്റങ്ങൾ വന്നുപോയിട്ടുണ്ട് എന്ന ആമുഖ കുറിപ്പോടെയാണ് കഥാകാരൻ ചിലയ്ക്കാത്ത പല്ലി എന്ന സമാഹാരം വായനയ്ക്ക് വിനയപൂർവ്വം സമർപ്പിക്കുന്നത്.

നമ്മുടെ സമാധാനം തകർത്തു കൊണ്ട്, വീട്ടിലെ വസ്തുവകകളിലേക്ക് നുഴഞ്ഞുകയറുകയും വൻതോതിൽ നാശനഷ്ടം വരുത്തുകയും ചെയ്യുന്ന ചിതലുകൾക്ക് ഭൂഗർഭത്തിൽ കോളനികൾ നിർമ്മിക്കാൻ കഴിയും എന്ന് പറയാറുണ്ട്. തീ, വെള്ളപ്പൊക്കം, കൊടുങ്കാറ്റ് എന്നിവയേക്കാൾ കൂടുതൽ നാശനഷ്ടങ്ങൾ വരുത്താൻ കഴിവുണ്ട്
ചിതലുകൾക്ക്. ഒളിച്ചിരിക്കുന്ന നിശബ്ദവിനാശകാരികളായ ചിതൽ ഒരു മനുഷ്യൻ്റെ ജീവിതത്തിൽ ഇടപെടുന്ന കഥയാണ് അരാജകവാദികളായ ചിതലുകൾ. കഥയുടെ ഒരു പരിസരം കൃത്യമായി അടയാളപ്പെടുത്താൻ കഥാകൃത്തിന് കഴിഞ്ഞിട്ടുണ്ട്. പൂർണ്ണ ഉറൂബ് പുരസ്കാരം കിട്ടിയ ഈ കഥയുടെ ഭാഷയും ബിംബങ്ങളുമൊക്കെ കഥയിലേക്ക് ലയിച്ചു ചേരുന്നതാണ്.

കലാലയകാലത്തെ അക്രമ രാഷ്ട്രീയം, ഒരാളെ ജീവിതകാലം മുഴുവൻ പിന്തുടരുന്ന ഒരു സാധാരണ കഥയാണ് കാശീടെ വള.

ഒറുമ്പാറ എന്ന കഥ ഒരു കഥയുടെ ഭൂമിക പരിചയപ്പെടുത്തുന്നുണ്ട്. എന്നാൽ കഥയിലേക്ക് കടക്കാതെ വളരെ വേഗമത് അവസാനിക്കുന്നു. ഓർമ്മയെഴുത്തിനോടാണ് കൂടുതൽ സാമ്യം ഈ കഥയ്ക്ക് .

പ്രവാസ ജീവിതത്തിലെ ചില ആകസ്മിതകൾ പറയുന്ന മീസാൻ കല്ലുകൾ റാസ് അൽ ഖൈമയിൽ കബറടക്കിയ പിതാവിനെ തേടി മകൻ വരുന്ന കഥയാണ്. കഥകളാവുന്നില്ല പലപ്പോഴും, അനുഭവക്കുറിപ്പുകളാേടാണ് സാമ്യം തോന്നുന്നത്.

താഴേക്കിടയിലുള്ള മനുഷ്യരുടെ ജീവിതത്തിലെ അവഗണനയെ ഒരു കുട്ടിയുടെ കാഴ്ചപ്പാടിലൂടെ പറയുന്ന കഥയാണ് 'നബീസാടെ മകൻ' സമ്പന്നരുടെ വീട്ടിലെ കുട്ടിയും, ആ വീടുകളിലെ അടുക്കള ജോലിക്കാരിയുടെ കുട്ടിയും ഒരേ മദ്രസയിൽ പഠിക്കുമ്പോഴും രണ്ടു തരത്തിൽ അദ്ധ്യാപകർപോലും വേർത്തിരിച്ച് കാണുന്ന അവസ്ഥയെ ഈ കഥ ഹൃദ്യമായി അവതരിപ്പിക്കുന്നു. കണ്ണു നനയിക്കുന്ന കഥയാണിത്.

സെലീനാമ്മയുടെ ദൈവങ്ങൾ തലയറുക്കുന്ന രാഷ്ട്രീയ ഇസങ്ങളുടെ ഭൂതകാലവും ആൾദൈവങ്ങളുടെ വർത്തമാനകാലവും വിചാരണ ചെയ്യുന്ന കഥയാണ്. ലോക്കപ്പ്മർദ്ധനങ്ങളുടെ ഇരയാണ് സ്റ്റീഫൻ ജോർജ്ജ്, ആൾദൈവത്തിൻ്റെ ഭക്തയാണ് ഭാര്യ സെലീനാമ്മ. അവരുടെ സംഘർഷങ്ങൾ കൃത്യമായ ഭാഷയിൽ കഥയിലേക്ക് ചേർത്ത് നിർത്തുന്നുണ്ട്.

പരാജിതരുടെ കുപ്പായം, വർത്തമാനകാലം നേരിടുന്ന മയക്കുമരുന്നു കച്ചവടത്തിൻ്റെ ഇരകളുടെ കഥയാണ്. എന്നാൽ ധീരയായ ഒരമ്മ അതിനെയെല്ലാം ഇച്ഛാശക്തി കൊണ്ടതിജീവിക്കുന്നത് ഈ കഥയിൽ കാണാം.

ചിലയ്ക്കാത്ത പല്ലി എന്ന സമാഹാരത്തിൻ്റെ ശീർഷകമായ കഥ, മലയാളത്തിലെ ഏതൊരു മുഖ്യധാര കഥാകത്തിൻ്റെയും കഥകളുടെ ഒപ്പം നിർത്താവുന്ന വർത്തമാന സംഭവങ്ങളെ വിശകലനം ചെയ്യുന്ന ഉഗ്രൻ കഥയാണ്. പണിക്കുറ്റം തികഞ്ഞ ഒരു പൂർണ്ണമായ ചെറുകഥയാണിത്. കാലികമായ ഒരുപാട് വിഷയങ്ങൾ ഈ കഥയിൽ കടന്നുവരുന്നുണ്ട്. വ്യാജവാർത്തകൾ, സമകാലികയുദ്ധം, മാലിന്യ നിർമ്മാർജ്ജനം, ന്യുജനറേഷൻ ജീവിതങ്ങൾ, രാഷ്ട്രീയം എന്നിങ്ങനെ ശക്തമായ പ്രമേയം ഈ കഥ പറയുന്നു. അക്ബർ ആലിക്കര ഒരു കഥാകൃത്ത് രീതിയിൽ മലയാള സാഹിത്യത്തിൽ തുടരുന്നുവെങ്കിൽ തീർച്ചയായും ഫോളോ ചെയ്യേണ്ടത് ചിലയ്ക്കാത്ത പല്ലി എന്ന കഥയുടെ ഘടനയും ഭാഷയും വിഷയുമൊക്കെ കണ്ടെത്തിയ രീതിയാണ്.

വെള്ളപ്പൊക്കം @ ദുബായ് അറബ് ജീവിതത്തിൻ്റെ അകത്തളങ്ങളിലേക്കും, അവരുടെ വൈകാരിക പ്രശ്നങ്ങളിലേക്കും ഇറങ്ങിച്ചെല്ലാൻ ശ്രമിച്ച കഥയായിരുന്നു. എന്നാൽ പാതിവഴിയിൽ കഥയൊരു ദിലീപ് സിനിമയുടെ കോമഡി നിലവാരത്തിലേക്ക് കൂപ്പുകുത്തിയത് നിരാശയുളവാക്കി.

പ്രവാസം മതിയാക്കി കൃഷിജിവിതം ഇഷ്ടപ്പെട്ട് അതിലേക്കിറങ്ങി ആനന്ദം ലഭിക്കാൻ ആഗ്രഹിച്ച ജോയി എന്ന മനുഷ്യൻ്റെ പരവേശങ്ങളുടെ കഥയാണ് കൊമ്പൻ ചെല്ലി.
ഒരു രാജ്യത്തെ അതിർത്തി അതിക്രമിച്ചു കടക്കാൻ ശ്രമിക്കുന്നവർക്ക് നേരെ നിറയൊഴിക്കാനുള്ള വകുപ്പുണ്ട്. കർഷകൻ്റെ കൃഷിയിടത്തിൽ അതിക്രമിച്ചു കടക്കുന്ന ഷുദ്രജീവികളെ തിരിച്ച് ആക്രമിക്കാനുള്ളു വകുപ്പില്ല. അതിന് അനുമതി വേണം.
ജയ് ജവാൻ...
ജയ് കിസാൻ...
ബലേ ഭേഷ്.

വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഭൂമിയുടെ അവകാശികൾ എന്ന കഥയുടെ അപരവായന ഈ കഥയിലുടനീളം കണ്ടെടുക്കാം. .അക്ബറിൻ്റെ ഏറ്റവും മികച്ച കഥകളിൽ കൊമ്പൻ ചെല്ലിയും ഉൾപ്പെടുന്നുണ്ട്.

പത്തുകഥകൾ അടങ്ങിയ ഈ ചെറിയ കഥാസമാഹാരം, കഥാകാരൻ്റെ മുൻകൂർ ജാമ്യത്തോടെ വായിച്ചു തുടങ്ങുമ്പോൾ, അരാജവാദികളായ ചിതലുകൾ, നബീസാടെ മകൻ, സെലീനാമ്മയുടെ ദൈവങ്ങൾ, പരാജിതരുടെ കുപ്പായം, ചിലയ്ക്കാത്ത പല്ലി, കൊമ്പൻ ചെല്ലി തുടങ്ങിയ ആറോളം കഥകൾ മികച്ച ചെറുകഥകളായി നിൽക്കുന്നുവെന്നത്, കഥകളെ ഇഷ്ടപ്പെടുന്ന ഒരു വായനക്കാരന് സന്തോഷം നൽകുന്ന കാര്യമാണ്. അക്ബറിലെ .കൗമാര കഥാകാരനെ ഒന്നു തുടച്ചു മിനുക്കിയാൽ നിറയെ കഥകൾ കിട്ടുമെന്നത് ഉറപ്പാണ്.

ഹരിതം ബുക്സാണ് പ്രസാധകർ

രമേഷ് പെരുമ്പിലാവ്

bottom of page