

കമ്പിളികണ്ടത്തെ കൽഭരണികൾ: ഒരു ബുക്ക് റിവ്യൂ
നന്ദിക്കുന്നേൽ മേരിയുടേയും അബ്രഹാമിൻ്റെയും മകനായി ഇടുക്കി ജില്ലയിലെ കമ്പിളിക്കണ്ടത്ത് ജനിച്ചു. 1999 മുതൽ ഫ്രാൻസിൽ സ്ഥിരതാമസം. ഇപ്പോൾ ഫ്രാൻസിൽ മാനേജ്മെൻറ് വിഭാഗത്തിൽ അസോസിയേറ്റ് പ്രഫസറും , സോഷ്യോളജി ഗവേഷകനുമാണ്. ഭാര്യ ആഷ , മക്കൾ ജൂഡ് - സിദ്ധാർത്ഥ, ജിയു -തോമസ്, പ്രാർത്ഥന -എൽസ, ഹൃദയ-എന്ന ഇമെയിൽ : abrahambabufr@gmail.com

ഗ്രന്ഥകാരൻ: ബാബു ഏബ്രഹാം വിഭാഗം: ഓർമ്മക്കുറിപ്പുകൾ (Memoir)
പ്രതികൂലതകളെ അതിജീവിച്ച ഒരു ജീവിതരേഖയാണ് ബാബു ഏബ്രഹാം എന്ന എഴുത്തുകാരൻ്റെത്. പുസ്തകം വായിക്കുവാൻ തുടങ്ങിയപ്പോൾ എൻ്റെ മനസ്സിലേക്ക് ആദ്യം ഓടിയെത്തിയ ചിന്ത, ജീവിതത്തിൽ ഒരിക്കലെങ്കിലും ആ അമ്മയെ ഒന്നു കാണേണമെന്നാണ്. പക്ഷേ , അതൊരിക്കലും ഇനി നടക്കില്ലെന്ന് പുസ്‌തകം വായനയുടെ അവസാന വരികളിലൂടെ എനിക്ക് മനസ്സിലാകുകയും ചെയ്‌തു. ജീവിത പാതയിൽ നേരിട്ട തടസ്സങ്ങളെ മുഴുവൻ ധീരതയോടെ നേരിട്ട നന്ദിക്കുന്നേൽ മേരിയെന്ന ആ അമ്മ അനുഭവിച്ച കഷ്ടപ്പാടുകൾ അനവധിയാണ്. മക്കളുമായി കല്ലാർകുട്ടി ഡാമിലേക്ക് ആത്മഹത്യ ചെയ്യുവാൻ പോയ മേരിക്ക് , മകൾ ജെസ്സിയുടെ ചോദ്യം മൂലം മക്കളെ വെള്ളത്തിൽ ഉപേക്ഷിക്കുവാൻ മനസ്സു വന്നില്ല. അതിന് മുൻപേ അവരുടെ അപ്പൻ , നാലു മക്കളേയും, ഭാര്യയേയും ഉപേക്ഷിച്ച് നാടുവിടുന്നു. കടക്കെണിയിലൂടെ കടന്നു പോകുന്ന കുടുംബം, ഒരു വശത്ത് വീട്ടിൽ അപ്പൻ്റെ വെള്ളമടിയും, സമാധാനമില്ലാത്ത അവസ്ഥയും. ദാരിദ്ര്യത്തിൻ്റെ അവസ്ഥയ്ക്ക് മദ്യം ഒരു കാരണമാണ്. ബൈബിളിലെ ചില വാക്യങ്ങളിലൊന്ന് ഈ അവസ്ഥയെ വിവരിച്ചു കാട്ടുന്നുമുണ്ട്.
സദൃശ്യവാക്യങ്ങൾ 20:1 (Proverbs 20:1)
"വീഞ്ഞ് പരിഹാസിയാണ്; മദ്യം കലഹക്കാരനും ആകുന്നു; അതിനാൽ വശീകരിക്കപ്പെടുന്ന ആരും ജ്ഞാനിയല്ല.". മദ്യം കുടിച്ചുകഴിഞ്ഞാൽ എന്താണ് പ്രവർത്തിക്കുന്നതെന്ന് ആർക്കും പ്രവചിക്കുവാൻ കഴിയുകയില്ല.
മേരിയോട് ജെസ്സി പറയുന്ന ഒരു ഭാഗം ഞാൻ ഇവിടെ എഴുതുന്നു.
" പൊന്നമ്മച്ചീ , എനിക്ക് വെള്ളത്തിലേക്ക് ചാടുവാൻ പേടിയാ.". ജെസ്സി അമ്മയോട് കരഞ്ഞുകൊണ്ടു തന്നെ പറഞ്ഞു . 'അമ്മ മറുപടി പറഞ്ഞില്ല.
"ഡാമിലേക്ക് ചാടാൻ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല പൊന്നമ്മച്ചീ, ഞങ്ങളെ ഒരുത്തരേയും എടുത്ത് ഡാമിൽ ഇട്ടിട്ട് പൊന്നമ്മച്ചി ചാടിയാൽ മതി". ഒന്നു നിർത്തിയിട്ട് ജെസ്സി തുടർന്നു. " അല്ലേൽ ഞങ്ങൾ ആരേലും പേടിച്ച് ചാടാതിരുന്നാൽ അമ്മയില്ലാതെ ഞങ്ങൾ എന്താ ചെയ്യുക".
മദ്യത്തിൻ്റെ ദുരിതം അനുഭവിക്കുന്ന എത്രയോ സ്ത്രീകൾ വസിക്കുന്ന ലോകത്താണ് നാം ഇന്ന് വസിക്കുന്നത്. അതു മൂലം പെരുകുന്ന കടകെണികൾ, എത്രയെത്ര ജീവിതകങ്ങളിലേക്ക് ഇരുട്ട് കടന്നു വരുന്നു. ഇത് ഇന്നത്തെ ലോകത്ത് ഒറ്റപ്പെട്ട സംഭവമല്ല. എഴുത്തുകാരനും , സഹോദരങ്ങളും അനുഭവിച്ച മാനസിക വ്യഥകൾക്ക് പരിധിയില്ല.
ബാബു ഏബ്രഹാമിൻ്റെ 'കമ്പിളികണ്ടത്തെ കൽഭരണികൾ' വെറുമൊരു ആത്മകഥയല്ല, മറിച്ച്, ഇല്ലായ്മയുടെയും അവഗണനകളുടെയും തീച്ചൂളയിൽനിന്ന് സ്വപ്രയത്നംകൊണ്ട് ഉയർത്തെഴുന്നേറ്റ ഒരു മനുഷ്യൻ്റെ ആഞ്ഞുകൊത്തുന്ന അനുഭവങ്ങളുടെ നേർച്ചിത്രമാണ്. തികച്ചും പ്രതികൂലമായ ചുറ്റുപാടുകളിൽ, ദാരിദ്ര്യവും നിരാലംബതയും മാത്രം കൂട്ടിനുണ്ടായിരുന്ന ഒരു ബാലൻ, തൻ്റെ ജീവിതപ്പടവുകൾ എങ്ങനെ കയറി എന്നത് ഈ പുസ്തകം ഹൃദയസ്പർശിയായി പറയുന്നു.
അമ്മ എന്ന വെളിച്ചം
പുസ്തകത്തിൻ്റെ തലക്കെട്ട് സൂചിപ്പിക്കുംപോലെ, "കമ്പിളികണ്ടത്തെ കൽഭരണികൾ" പ്രത്യാശയുടെ പ്രതീകമാണ്. വക്കുപൊട്ടി, ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുമായിരുന്ന കൽഭരണികളെ (അഥവാ, ജീവിതസാഹചര്യങ്ങൾ തളർത്തിയ തന്നെപ്പോലുള്ളവരെ) തുടച്ചു വൃത്തിയാക്കി, അതിൽ വെള്ളമൊഴിച്ചു വെച്ച ഒരമ്മയുടെ ജീവിതമാണ് ഈ ഓർമ്മപ്പുസ്തകത്തിൻ്റെ ഊർജ്ജം. 'അമ്മയുടെ വാക്കനുസരിച്ച് കരപിടിച്ചപ്പോൾ ബാബു തൻ്റെ പിൻഗാമികൾക്കുവേണ്ടി വെള്ളത്തിലേക്ക് തള്ളിവിട്ട ചങ്ങാടമാണ് ഈ ഓർമ്മപ്പുസ്തകം' എന്ന് എഴുത്തുകാരൻ അഷ്ടമൂർത്തി നിരീക്ഷിച്ചത് തികച്ചും ശരിയാണ്. ജീവിതമൂല്യങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് മുന്നോട്ട് പോയ ഒരു വ്യക്തിയുടെ നിശ്ചയദാർഢ്യം ഓരോ വായനക്കാരനിലേക്കും ഒരു ഊർജ്ജമായി പകരുന്നു.
ആ അമ്മയുടെ ഉപദേശം ഇവിടെ എടുത്തു കാട്ടുവാൻ ഞാൻ ആഗ്രഹിക്കുന്നു
നന്ദിക്കുന്നേൽ മേരി മകന് നൽകിയ ഉപദേശം, ഈ പുസ്തകത്തിൻ്റെയെല്ലാം കാതലായ സന്ദേശമാണ്:
"ചുറ്റും വെള്ളം പൊങ്ങുന്നൂ എന്നു കണ്ടാൽ, നീന്തൽ വശമില്ല എന്നറിയാവുന്ന നീ പകച്ചു പേടിച്ച് അലമുറയിടരുത്. ആ വെള്ളപ്പാച്ചിലിൽ അവിടവിടെ പൊങ്ങിക്കിടക്കുന്ന മരക്കഷങ്ങളിൽ പിടിച്ചു കയറി വെള്ളത്തിലങ്ങ് പൊങ്ങികിടക്കണം. എന്നിട്ട് ഓളത്തിനൊപ്പം ഒഴുകുന്ന ശിഖരങ്ങൾ കാട്ടുവള്ളികൾ ചേർത്തു കെട്ടി ഒരു ചങ്ങാടം ഉണ്ടാക്കണം... തീരമെത്തിക്കഴിയുമ്പോൾ മറ്റാർക്കെങ്കിലും ഉപകരിക്കാനായി ആ ചങ്ങാടം വെള്ളത്തിലേക്ക് തള്ളി വിടണം. മുങ്ങിപോകുമായിരുന്ന ആരെങ്കിലുമൊക്കെ ആ ചങ്ങാടം കയറി തീരമെത്തുമ്പോൾ നമ്മുടെയുള്ളിൽ ഉണ്ടാകുന്ന സ്വാർത്ഥതയില്ലാത്ത ഒരു ആനന്ദമുണ്ട് - അതായിരിക്കണം എന്നും നിന്നെ നയിക്കേണ്ടത്."
അമ്മയുടെ വാക്കനുസരിച്ച് കരപിടിച്ചപ്പോൾ ബാബു തൻ്റെ പിൻഗാമികൾക്കുവേണ്ടി വെള്ളത്തിലേക്ക് തള്ളിവിട്ട ചങ്ങാടമാണ് ഈ ഓർമ്മപ്പുസ്തകമെന്ന നിരീക്ഷണം തികച്ചും ശരിയാണ്.
ആവിഷ്കാര ശൈലിയിലെ പുതുമ
ലളിതവും എന്നാൽ ശക്തവുമായ ഭാഷയാണ് ഈ പുസ്തകത്തിൻ്റെ പ്രത്യേകത. ചുറ്റിലും നിന്ന് ലഭിച്ച അവജ്ഞകളും, അവഹേളനങ്ങളും, അവഗണനകളും എങ്ങനെ ഒരു വ്യക്തിയെ തളർത്തുന്നതിനുപകരം, അവിശ്വസനീയമാംവിധം മുന്നോട്ട് നയിച്ചുവെന്ന് എഴുത്തുകാരൻ തുറന്നു പറയുന്നു. നോവലിൻ്റെ കെട്ടുറപ്പുള്ള ഒരു ആഖ്യാനശൈലി ഓർമ്മക്കുറിപ്പുകൾക്ക് കൈവന്നതുകൊണ്ട്, വായന ഒരിടത്തും മുഷിയുന്നില്ല. ഓരോ അധ്യായവും ഒരു തീവ്രമായ അനുഭവത്തിൻ്റെ നേർക്കാഴ്ചയാണ്.
എന്തിനാണ് ഈ പുസ്തകം വായിക്കുന്നത്?.
പ്രത്യാശയുടെ സന്ദേശം പകരുന്ന പുസ്‌തകമെന്ന് ഒറ്റ വാചകത്തിൽ നിസംശയം പറയാം, ജീവിതത്തിൽ എല്ലാ വാതിലുകളും അടഞ്ഞുപോയി എന്ന് തോന്നുന്നവർക്ക് ഈ പുസ്തകം ഒരു വെളിച്ചമാകും.
അനുഭവങ്ങളുടെ തീക്ഷ്ണതയാൽ നിറഞ്ഞ ഈ പുസ്‌തകം , ദാരിദ്ര്യത്തിൻ്റെയും സാമൂഹികമായ ഒറ്റപ്പെടലിൻ്റെയും യാഥാർത്ഥ്യങ്ങൾ പൊതുസമൂഹത്തോട് വിളിച്ചു പറയുന്നു.
മനുഷ്യബന്ധങ്ങളുടെ ആഴത്തിലേക്ക് ഒരു തിരഞ്ഞു നോട്ടവും, അമ്മയും മകനും തമ്മിലുള്ള അദൃശ്യമായ ബന്ധത്തിൻ്റെ ശക്തിയുമാണ് ഈ പുസ്തകത്തിൽ എടുത്തു കാട്ടുന്നത്. പ്രയാസങ്ങൾക്കിടയിലും മക്കളുടെ തെറ്റുകൾ തിരുത്തുവാനും , ശരിയായ ശിക്ഷണ രീതികൾ നൽകുവാൻ ആ അമ്മ ഒരിക്കലും മടിച്ചുരുന്നുമില്ല.
"കമ്പിളികണ്ടത്തെ കൽഭരണികൾ" വായിക്കുന്ന ഓരോ വ്യക്തിക്കും അതിൽ അവരവരുടെ ജീവിതത്തിൻ്റെ ഒരു ഭാഗം കാണാൻ കഴിയും. ഇത് കേവലം ഒരു വ്യക്തിയുടെ കഥയല്ല, മറിച്ച് കഠിനാധ്വാനവും ആത്മാർത്ഥതയുമുണ്ടെങ്കിൽ ഏതൊരാൾക്കും പ്രതിസന്ധികളെ അതിജീവിക്കാൻ കഴിയുമെന്ന പ്രത്യാശ നൽകുന്ന പുസ്തകമാണ്.
ബാബു എബ്രഹാമിൻ്റെ വളർച്ചയിൽ സഹായിച്ച അനേകം ആളുകൾ ഉണ്ട്, അതിൽ ചിലരുടെ പേരുകൾ മാത്രം ഇവിടെ സൂചിപ്പിക്കാം . വറുഗീസ് അച്ഛൻ , അച്ഛൻ്റെ കൊച്ചമ്മ , മെൽബി സാർ, സിസ്റ്റർ ആനി ,
അപ്പൻ്റെ വീട്ടിലേക്കുള്ള തിരിച്ചു വരവും, പിന്നീട് അമ്മ മേരിയുടെ മരണം വരെയുള്ള കാര്യങ്ങളുമെല്ലാം വേദനയോടെ മാത്രമേ ആർക്കും വായിക്കുവാൻ കഴിയുകയുള്ളൂ. മരണകിടക്കയിൽ പോലും അമ്മ മേരി ഭർത്താവിനെ നോക്കണമെന്ന ഉത്തരവാദിത്വം മക്കളെ ഏൽപ്പിക്കുന്നു. ഇതുവരെ ചെയ്തത് ഒന്നും കണക്കിലെടുക്കാതെ ക്ഷമിക്കുവാൻ ആ അമ്മ മക്കളെ പഠിപ്പിക്കുകയാണ് ചെയ്യുന്നത്. സഹായ ഹസ്‌തം നീട്ടുവാൻ വിധിക്കപ്പെട്ടവർ അതിൽ നിന്ന് പിന്തിരിയുമ്പോൾ , ഒരിക്കലും പ്രതീക്ഷിക്കാത്തവർ ആ കുറവ് നികത്തുന്നു. ദൈവം മറ്റുള്ളവരിലൂടെ പ്രവൃത്തിക്കുന്നത് ഈ ഓർമ്മകുറുപ്പിൽ അങ്ങോളം ഇങ്ങോളം കാണാം.
മാർത്തോമ്മാ സഭയിലെ അത്താനേഷ്യസ് തിരുമേനി (Mar Thoma Metropolitan)
കഷ്ടപ്പാടുകളുടെ കാലഘട്ടത്തിൽ എഴുത്തുകാരന് താങ്ങും തണലുമായ വ്യക്തിത്വങ്ങളിൽ ഒരാളാണ് ഈ തിരുമേനി.
സഹായഹസ്തം നീട്ടുന്നത് :.
ദാരിദ്ര്യത്തിൻ്റെയും നിരാശയുടെയും നാളുകളിൽ, ബാബു ഏബ്രഹാമിൻ്റെ ജീവിതത്തിൽ വഴിത്തിരിവായ ഒരു ഇടപെടൽ തിരുമേനിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നു. അദ്ദേഹത്തിൻ്റെ വിദ്യാഭ്യാസത്തിനും വളർച്ചയ്ക്കും ഇത് നിർണ്ണായകമായ ഒരു സഹായമായി മാറുന്നു.
പ്രത്യാശയുടെ പ്രതീകം: അനാഥശാലയിലെ ജീവിതം ഉൾപ്പെടെയുള്ള ദുരിതങ്ങളെ അതിജീവിച്ച്, മുന്നോട്ട് പഠിക്കാനും വളരാനും തിരുമേനിയുടെ പിന്തുണ അദ്ദേഹത്തെ സഹായിച്ചു. പ്രതിസന്ധികളിൽ ആത്മീയ നേതൃത്വം നൽകിയ ഒരു വ്യക്തി എന്ന നിലയിലാണ് തിരുമേനിയെ പുസ്തകത്തിൽ ചിത്രീകരിക്കുന്നത്.
ചുരുക്കത്തിൽ, ഈ പുസ്തകം കുറെയേറെ ആളുകളുടെ നന്മയുടേയും , ജീവിതത്തിൽ നിന്നുള്ള കയ്പേറിയ അനുഭവങ്ങളുടെയും പശ്ചാത്തലത്തിൽ, മേരിയെന്ന അമ്മ നൽകിയ ജീവിതമൂല്യങ്ങളുടെ വെളിച്ചത്തിൽ, ബാബു ഏബ്രഹാം നടത്തിയ അതിജീവനത്തിൻ്റെ കഥയാണ്. തീർച്ചയായും ഏല്ലാവരും വായിച്ചരിക്കേണ്ട പുസ്‌തകം . ഇതിൽ ഇനിയും ഏറെ കാര്യങ്ങൾ വിവരിക്കുവാനുണ്ട്. അതിൽ ചിലത് മാത്രമേ എനിക്ക് ഈ പുസ്‌തക പരിചയപ്പെടുത്തലിലൂടെ കഴിഞ്ഞുള്ളു എന്നത് എന്നെ വിഷമിപ്പിക്കുന്നമുണ്ട്.
ഇനിയും പുസ്തകം ഏറെ വായിക്കപ്പെടട്ടെ.
രഞ്ജിത്ത് മാത്യു
പൂജ ഓൺലൈൻ മാസിക ചീഫ് എഡിറ്റർ.

