

"മരണമൊഴി"

നമ്മടെ ഇരിങ്ങാലക്കുടക്കാരൻ വൈശാഖി നന്ദകുമാറിൻ്റെ തൂലികയിൽ വിരിഞ്ഞ അക്ഷരക്കൂട്ടം..
ഇന്നലെ ദുബായിൽ നിന്നും ഷാർജ്ജ ബുക്ക് ഫെയറിൽ പങ്കെടുത്ത ശേഷം ഇംഗ്ലണ്ടിലേക്കുള്ള എൻ്റെ മടക്കം ആ അക്ഷരങ്ങൾക്കൊപ്പമായിരുന്നു. ഒറ്റയിരുപ്പിൽ അത് വായിച്ചു തീർത്തു. എമിറേറ്റ്സ് വിമാനത്തിൽ ഇരുന്നുകൊണ്ട് ആ അക്ഷരങ്ങൾക്കൊപ്പം സഞ്ചരിച്ച്, മനസ്സുകൊണ്ട് പട്ടിക്കാട് എന്ന ഗ്രാമത്തിലെ ഓരോ വഴികളിലൂടെയും ഞാൻ നടന്നു.
വിമാനത്തിലായിരുന്നു എന്ന വസ്തുത ഒരു നിമിഷത്തേക്ക് വിസ്‌മരിച്ചു പോയി. വൈശാഖി നന്ദകുമാറിൻ്റെ എഴുത്തിൻ്റെ ശൈലി വളരെ വ്യത്യസ്‌തമായി തോന്നി.
ഏതൊരു സാധാരണക്കാരനും അനായാസമായി വായിച്ചുപോകുവാൻ പറ്റുന്ന ശൈലി.
വെച്ചുകെട്ടുകളില്ലാത്ത എഴുത്ത്. ഒരു പൂവ് പോലും ചെടിയിൽ നിന്നും ഇറുത്തെടുക്കാൻ ആഗ്രഹിക്കാത്ത മയിൽ എന്ന പെൺകുട്ടി. അവളുടെ പ്രിയപ്പെട്ട മണിക്കുട്ടിയെന്ന ആട്ടിൻകുട്ടി. മയിൽ മാത്രമാണ് തൻ്റെ ലോകമെന്ന് കരുതുന്ന മുരുകനെന്ന അച്ഛൻ. അച്ഛൻ, മകൾ സ്നേഹത്തിൻ്റെ ആഴവും പരിശുദ്ധിയും നിർമ്മലതയും വളരെ ഹൃദയസ്പർശിയായി ഈ പുസ്‌തകത്തിൽ അദ്ദേഹത്തിന് അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ശാന്തമായും തെളിവാർന്നും ഒഴുകിക്കൊണ്ടിരുന്ന പുഴയിലേക്ക് കുത്തിമറിഞ്ഞൊഴുകിയിറങ്ങി വന്ന മലവെള്ളത്താൽ, ഗതിമാറിയൊഴുകി പോയൊരു പുഴ. സമാന്തരമായ അനുഭവങ്ങൾ വേട്ടയാടിയപ്പോൾ
ഗതിമാറിയൊഴുകിയ പുഴപോലെയായിപ്പോയ മുരുകൻ്റെയും മയിലിൻ്റെയും ജീവിതം.
അവരുടെ ജീവിതം വേദനയോടെയല്ലാതെ ആർക്കും വായിച്ചുതീർക്കുവാൻ കഴിയുകയില്ല. മനസ്സിരുത്തി പുസ്‌തകം വായിക്കുന്ന ആസ്വാദകൻ്റെ മനസ്സിൽ നൊമ്പരത്തിൻ്റെ വിത്തുകൾ പാകി കഥയ്ക്ക് പുതിയ തലങ്ങൾ സമ്മാനിക്കുവാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്.
ഓർത്തുചിരിക്കാൻ ധാരാളം നർമ്മരസങ്ങൾ വിളമ്പാൻ എഴുത്തുകാരൻ മറന്നില്ല. ചുവടുറക്കാത്ത ഒരു മദ്യപാനി, അയാളുടെ ഇരുകക്ഷങ്ങളിലും മദ്യക്കുപ്പികൾ, മദ്യത്തോടുള്ള ആക്രാന്തം മൂത്ത് മാറിൽ ചേർത്തുപിടിച്ചിരിക്കുന്ന മദ്യക്കുപ്പികൾ. അയാളുടെ ചേഷ്ടകൾ വായനക്കാരെ ചിരിപ്പിക്കും.
ഞാനും അറിയാതെ ചിരിച്ചുപോയി.
അടിപിടി, തല്ല്, ബഹളം എല്ലാം വളരെ ലളിതമായും, സുന്ദരമായും വരച്ചുകാട്ടുന്ന രീതി, വായനക്കാരന് ദൃശ്യാനുഭൂതി പകരുന്നുണ്ട്. ചട്ടമ്പി കൂട്ടത്തിലെ നേതാവിൻ്റെ ചേഷ്ടകൾ ഒപ്പിയെടുത്ത് കൺ മുൻപിൽ മറ്റൊരു ലോകം സൃഷ്‌ടിക്കുന്നു.
പുതുതലമുറയിലെ വഴിതെറ്റുന്ന ഒരു കൂട്ടം ചെറുപ്പക്കാർ, മയക്കുമരുന്നിൻ്റെ പിടിയിൽ അമർന്ന് പോകുന്ന അവരിൽ മനുഷ്യത്വം നഷ്ടപ്പെടുന്ന കാഴ്ച് തന്മയത്തത്തോടെ എഴുതി ഫലിപ്പിച്ച എഴുത്തുകാരൻ വായനക്കാർക്ക് ഒരു അനുഭവം പകരുന്നതോടൊപ്പം , ഒരു ചൂണ്ടിക്കാണിക്കൽ കൂടി നടത്തുന്നു.
ആൺ മക്കളെ വളർത്തുന്ന അച്ഛനമ്മമാർക്ക് ഒരു താക്കീത്. വളർന്ന് വരുന്ന മക്കൾ വീട് വിട്ട് പുറത്തുപോയാലും അവരുടെ കൂട്ടുകെട്ടിലുള്ളത് ഏത് തരക്കാർ, അവർ എന്തൊക്കെ ചെയ്യുന്നു എന്നൊക്കെയുള്ളത് അച്ഛനമ്മമാർ അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് മനസ്സിലാക്കി തരുവാൻ ഈ നോവലിന് കഴിയുന്നുണ്ട്. ലഹരിയുടെ മായക്കാഴ്ചയിൽ ചെയ്തുപോകുന്ന കുടിലകൃത്യങ്ങൾ മൂലം ശിഥിലമാകുന്ന ചില ജീവിതങ്ങൾ, നഷ്ടപ്പെടുന്ന ജീവിതങ്ങൾ, അവരുടെ തീരാ നൊമ്പരങ്ങൾ , മരിച്ചു ജീവിക്കേണ്ടി വരുന്ന ചില മനുഷ്യരുടെ അവസ്ഥകൾ അവയെയെല്ലാം വ്യക്തമായി കഥാകൃത്ത് കാണിച്ചു തരുന്നു.
"സമൂഹമേ ലജ്ജിക്കുക മയക്കുമരുന്നെന്ന ശാപത്തെ തുടച്ചുനീക്കാതെ അവരെ വീണ്ടും തഴച്ചുവളരാൻ അനുവദിക്കുന്ന അധികാരവർഗ്ഗത്തെ വീണ്ടും രാജപദവി നേടിക്കൊടുക്കുന്ന സമൂഹത്തോട് സഹതാപം മാത്രം".
ഒരു എഴുത്തുകാരൻ എഴുതിയിടുന്നത് ഒരു കഥ മാത്രമല്ല, അതെത്രയോ ജീവിതങ്ങളുടെ നേർക്കാഴ്ചകളാണ്.. അത്തരം പൊലിഞ്ഞുപോയ ചില ജീവിതങ്ങളിലെ ഒരേട് മാത്രമാണ് മയിലും മുരുകനും അടങ്ങിയ മരണമൊഴി എന്ന നോവൽ.
മയക്കുമരുന്നിൻ്റെ കുടിലതയിൽ പിച്ചി ചീന്തപ്പെടുന്ന ഒരു പനിനീർ പൂവ് പോലൊരു പെൺകുട്ടിയും അവളുടെ അരുമയായ ആട്ടിൻ കുട്ടിയും. അതേ സമയം വേറൊരിടത്ത് മുരുകനാൽ മരണത്തിൽ നിന്നും ജീവിതത്തിലേക്ക് കരകയറുന്ന ഒരു കുടുംബം. അതൊരു കൂട്ടിച്ചേർക്കലായിരുന്നു. നാളേക്കായുള്ള കരുതൽ. അവിടെയാണ് പ്രകൃതി ഒരുക്കിവെച്ച അത്ഭുതം. ആ അത്ഭുതം വായനക്കാർ മനസ്സിലാക്കാൻ വായനയിലൂടെ ഏറെ സഞ്ചരിക്കണം. അവിടെയാണ് കഥാകൃത്തിൻ്റെ മിടുക്ക് കാണുന്നത്.
നോവിൻ്റെ തീരത്ത് ഒരു തുള്ളി ജീവൻ ബാക്കിയാക്കി അവൾ...മയിൽ....മുരുകനായ് കാത്തു കിടന്നത് ആ മൊഴികൾ മാത്രം നൽകാനായിരുന്നു... അത് ഈശ്വരനിശ്ചയമായിരുന്നിരിക്കാം. കാലം ബാക്കി വെച്ച പോലെ അവളുടെ മരണമൊഴി... " വിടരുതപ്പാ...ആരെയും വെറുതെ വിടരുത്.. കൊല്ലണം.. എല്ലാവരെയും കൊല്ലണം..." ഹൃദയം പൊടിഞ്ഞു നുറുങ്ങിയ വേദനയോടെയാണ് ആ ഭാഗം വായിച്ചു തീർത്തത്.
ഒരു പൂവിനെ പോലും ചെടിയിൽ നിന്നും ഇറുത്തെടുക്കാൻ പോലും ആഗ്രഹിക്കാത്ത ആ പെൺകുട്ടിയുടെ മൊഴികൾ. ആ മൊഴികളാണ് കഥയെ മുന്നോട്ട് നയിച്ചത്. എത്ര വൈഭവത്തോടെയാണ് ഓരോ സന്ദർഭത്തെയും കൂട്ടിയിണക്കി അക്ഷരങ്ങളെ മുന്നോട്ടു കൊണ്ടുപോയത്.
അരുന്ധതിയെന്ന കഥാപാത്രം വെളിപ്പെടുത്തിയ സത്യം, ആ ഞെട്ടലിൽ മാറിപ്പോകുന്ന കഥയിലെ ഒരു കഥാപാത്രത്തിൻ്റെ മാറ്റം.. അതോടെ വേറൊരു വഴിത്തിരിവിലേക്ക് കൊണ്ടുപോയ എഴുത്തുകാരാ താങ്കളൊരു പ്രതിഭാസം തന്നെ.
ആകാംഷയോടെയുള്ള തുടക്കം, കുളിർമ്മ നൽകുന്ന ചില ഭാഗങ്ങൾ, ഹൃദയം നുറുങ്ങുന്ന വേദന തരുന്ന ചില ഏടുകൾ, അറിയാതെ പൊട്ടിചിരിച്ചുപോകുന്ന ചിലയിടങ്ങൾ, വേവലാതിയോടെ വായിച്ചു തീർത്തുപോയ ഒരു നോവൽ.
ഇന്ന് നാട് നേരിടുന്ന മയക്കുമരുന്നിന് അടിമകളാകുന്ന അതിഭീകരമായ അവസ്ഥകളും അതിനാൽ ദുരിതം പേറുന്ന പല ജന്മങ്ങളും, നിയമം, സ്വാധീനവും സമ്പത്തും ഉള്ളവനോട് ഒപ്പം നിൽക്കുമെന്ന സത്യം മനസ്സിലാക്കുന്ന ശുദ്ധരായ ചിലർ ക്രൂരരാകേണ്ടി വരുന്ന കാഴ്ചകളും വളരെ നന്നായി അവതരിപ്പിച്ച എഴുത്തുകാരൻ അഭിനന്ദനങ്ങൾക്ക് അർഹതപെട്ടയാൾ തന്നെ.
വായിച്ചു തുടങ്ങുന്ന ഏതൊരാളും മുഴുവനും വായിച്ചുതീർക്കാതെ പുസ്തകം താഴെ വയ്ക്കില്ല. വായിച്ചു തീർന്നപ്പോൾ മനസ്സ് വല്ലാതെ ഇടറിപോയിരുന്നു. ഒരു കുഞ്ഞുനോവ് നീറ്റലായ് ഉള്ളിൽ പടർന്നു. ഞാനും ഒരമ്മ കൂടിയായതു കൊണ്ടാകാം മയിലിൻ്റെ അത്തരമൊരു വേർപാട് മനസ്സിനെ പിടിച്ചുലച്ചത്. അതുമാത്രമല്ല, മുരുകനെ കുറിച്ചോർത്തും മനസ്സിലെവിടെയോ ഒരു വേവലാതി തോന്നി. മയിലിൻ്റെ ആഗ്രഹം പോലെ എല്ലാം ചെയ്ത് തീർത്ത് എവിടേക്കാണ് മുരുകാ നീ പോയ്മറഞ്ഞത്...! ഇത്തരം എത്രയോ മുരുകന്മാർ.. എത്രയോ മനുഷ്യർ... മരണമൊഴിയുടെ എഴുത്തുകാരാ... എന്നെങ്കിലും ഇരിങ്ങാലക്കുടയുടെ പരിസരത്ത് നമ്മൾ കണ്ടുമുട്ടുമായിരിക്കും... പക്ഷേ എന്നാണ് മുരുകനെ കണ്ടുമുട്ടുക...അതിനുത്തരം താങ്കൾക്ക് മാത്രമേ നൽകാനാകൂ..
ഒരു രണ്ടാം ഭാഗത്തിലൂടെ മുരുകൻ തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചോട്ടെ....! വൈശാഖി നന്ദകുമാർ എന്നൊരു എഴുത്തുകാരനെ ഞാൻ നേരിട്ട് കണ്ടിട്ടില്ല. എൻ്റെ FB സുഹൃത്ത് ആയിരുന്നില്ല. ഒരു സുഹൃത്ത് പോസ്റ്റ് ചെയ്ത് റിവ്യൂ വായിച്ചതാണ് ഈ നോവൽ വായിക്കാനുണ്ടായ പ്രേരണ. എൻ്റെ മനസ്സിൽ ഞാൻ എഴുതാൻ വേണ്ടി ഒരു കണ്ടന്റ് കൊണ്ടു നടക്കുന്നുണ്ടായിരുന്നു. അത് ഏകദേശം ഇതുമായി ബന്ധപ്പെട്ടത് പോലെ തോന്നി. വേഗം തന്നെ മുഖപുസ്തകത്തിൽ പോയി പരതി ആളെ കണ്ടെത്തി. ഒരു പക്ഷേ പഠിക്കുന്ന കാലത്ത് എതിർദിശയിലൂടെ കടന്നുപോയവരാകാം. ചെട്ടിപ്പറമ്പ് സ്കൂളും, നമ്പൂതിരീസും, കൂടൽമാണിക്യവും എൻ്റെയും ഇടങ്ങളായിരുന്നു. അന്ന് കാണാതെ പോയത് ഇങ്ങനെ പരിചയപ്പെടാനായിട്ടായിരിക്കും.
" മരണമൊഴി " എല്ലാവരും വായിക്കണം. ഏറെയേറെ വായിക്കപ്പെടണം. അത്രയും ഹൃദയസ്പർശിയായ നോവൽ വായിക്കപ്പെടാതെ പോകുന്നത് നഷ്ടം തന്നെ. ബിഗ് സ്ക്രീനിലേക്ക് ഇതെത്തുന്നു എന്നറിഞ്ഞതിലും വളരെയേറെ സന്തോഷമുണ്ട്. ഇങ്ങനെ നല്ലൊരു എഴുത്തുകാരൻ ഞങ്ങളുടെ സ്വന്തമാണെന്ന് , ഇരിങ്ങാലക്കുടക്കാർക്ക് അഭിമാനത്തോടെ പറയാം. ഇനിയും ഒരുപാട് രചനകൾ പിറക്കട്ടെ..
ഞാൻ ആദ്യമായി എഴുതിയ ഒരു നിരൂപണമാണ് ഇത്.
മരണമൊഴി വായിച്ചുതീർത്തപ്പോൾ അതിനെ കുറിച്ച് എഴുതിയിടണം എന്നൊരു തോന്നൽ. മനസ്സിൽ തട്ടിയ ഭാഗങ്ങൾ എഴുതിയ ആളെ അറിയിക്കുക എന്നൊരു കടമ..അത്രമാത്രം . ഏതൊരു എഴുത്തുകാരനും അതൊക്കെ വല്യ സന്തോഷം തന്നെയാണെന്ന് അറിയാം. ഇരിങ്ങാലക്കുടയിലെ എഴുത്തുകാരുടെ സംഘടനയായ സംഗമസാഹിതിക്കും അഭിമാനിക്കാം.. അവരാൽ പുറത്തിറങ്ങിയ നോവൽ ഏറെ ശ്രദ്ധിക്കപ്പെടുന്നു എന്നുള്ളത്.
സ്നേഹപൂർവ്വം
ശ്രീലാ ശ്രീ
Sreela Sree
ഇംഗ്ലണ്ടിൽ നാഷണൽ ഹെൽത്ത് സെർവീസിൽ ആതുരസേവനരംഗത്ത് പ്രവർത്തിക്കുന്നു.
ഹിമവഴിയിലെ അക്ഷരങ്ങൾ എന്ന കവിതാ സമാഹാരം,
പെരിയാറിൻ തീരത്ത്,
മനസ്സറിയാതെ,
Lost Mind An Expat's life story
എന്നീ നോവലുകൾ എറണാകുളം വായനപ്പുര പബ്ലിക്കേഷൻ വഴി പബ്ലിഷ് ചെയ്തിട്ടുണ്ട്.