

ഹ്യൂം ഡാം
1936 ൽ ഹ്യൂം ഡാം നി ർമ്മാണം പൂർത്തിയായി

സതേൺ ന്യൂ സൗത്ത് വെയ്ൽസിലെ ആൽബറിയിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന ഹ്യൂം ഡാം, മുറെ നദീതട വ്യവസ്ഥയിലെ പ്രധാന ജലസ്രോതസ്സായ ഹ്യൂം റിസർവോയറിൻ്റെ ഭാഗമാണ്. 1936 നവംബറിൽ ഇത് തുറന്നപ്പോൾ, ദക്ഷിണാർദ്ധഗോളത്തിലെ ഏറ്റവും വലിയ ഡാമും ഓസ്‌ട്രേലിയൻ എഞ്ചിനീയറിംഗിൻ്റെ ഒരു വലിയ നേട്ടവുമായാണ് (feat) ഇത് കണക്കാക്കപ്പെട്ടിരുന്നത്.
മുറെ നദി ലോകത്തിലെ ഏറ്റവും നീളം കൂടിയ ഗതാഗതയോഗ്യമായ നദികളിലൊന്നാണ്. ഇത് ന്യൂ സൗത്ത് വെയ്ൽസ്, വിക്ടോറിയ, സൗത്ത് ഓസ്‌ട്രേലിയ എന്നീ സംസ്ഥാനങ്ങളിലൂടെ 2530 കിലോമീറ്റർ ഒഴുകുന്നു. എൻഗാരിന്ദ്‌ജേരി (Ngarrindjeri), യോർട്ട യോർട്ട (Yorta Yorta) ഉൾപ്പെടെയുള്ള ആദിമ നിവാസികൾ ആയിരക്കണക്കിന് വർഷങ്ങളായി ഈ നദീതീരത്ത് വസിക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ യൂറോപ്യന്മാർ ഇവിടെ കുടിയേറുകയും നദീതീരത്ത് കൃഷിയിടങ്ങൾ സ്ഥാപിക്കുകയും ചെയ്തു.
മുറെ നദീതട വ്യവസ്ഥയുടെ അസ്ഥിരമായ സ്വഭാവം (boom – bust nature) കാരണം കോളനിക്കാർക്ക് ജല മാനേജ്‌മെന്റ് ഒരു പ്രശ്നമായി മാറി. 1860-ൽ ന്യൂ സൗത്ത് വെയ്ൽസ്, വിക്ടോറിയ, സൗത്ത് ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ മെൽബണിൽ യോഗം ചേർന്ന് മുറെ വ്യവസ്ഥ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ചർച്ച ചെയ്തു. എന്നാൽ അതിർത്തി നികുതികൾ (border tariffs), കസ്റ്റംസ് തീരുവകൾ, ടോളുകൾ എന്നിവയിൽ നിന്നുള്ള വരുമാനം നഷ്ടപ്പെടുമെന്ന് ഭയപ്പെട്ട് കോളനികൾ വിമുഖത കാട്ടിയതിനാൽ ഈ ചർച്ചകൾ വിജയിച്ചില്ല. 1901-ൽ കോമൺവെൽത്ത് ഗവൺമെന്റ് നിലവിൽ വന്നതിനുശേഷമാണ് മുറെ നദീതട വ്യവസ്ഥ സംയുക്തമായി കൈകാര്യം ചെയ്യാൻ തീരുമാനമായത്.
1895 മുതൽ 1903 വരെ നീണ്ടുനിന്ന 'ഫെഡറൽ വരൾച്ച' ഓസ്‌ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും മോശമായ ഒന്നായിരുന്നു. 1902-ൽ ഇത് അതിൻ്റെ ഉച്ചസ്ഥായിയിലെത്തി. മഴ കൂടുതലുള്ള ശൈത്യകാലത്തും വസന്തകാലത്തും വെള്ളം സംഭരിക്കേണ്ടതിൻ്റെ ആവശ്യകത ഇത് ബോധ്യപ്പെടുത്തി. 1902-ൽ മുറെ നദിയെക്കുറിച്ചുള്ള ഇന്റർസ്റ്റേറ്റ് റോയൽ കമ്മീഷൻ, ന്യൂ സൗത്ത് വെയ്ൽസിലെ കംബറൂണയിൽ (Cumberoona) ഒരു ഡാം നിർമ്മിക്കാൻ ശുപാർശ ചെയ്തു.
1904-ൽ ന്യൂ സൗത്ത് വെയ്ൽസ്, വിക്ടോറിയ, സൗത്ത് ഓസ്‌ട്രേലിയ സർക്കാരുകൾ ജലവിഭവങ്ങൾ പങ്കിടുന്നതിനായി 'റിവർ മുറെ വാട്ടേഴ്‌സ് എഗ്രിമെന്റ്' ഒപ്പിട്ടു. ഈ കരാർ 1915-ലെ റിവർ മുറെ വാട്ടേഴ്‌സ് ആക്ടിന് കാരണമായി. ഇത് ഹ്യൂം ഡാം ഉൾപ്പെടെയുള്ള നിരവധി ജലസംഭരണികളുടെ നിർമ്മാണത്തിലേക്ക് നയിച്ചു. ഇതിനുപുറമെ ബ്ലാൻചെ ടൗണിനും (സൗത്ത് ഓസ്‌ട്രേലിയ) എച്ചുക്കയ്ക്കും (വിക്ടോറിയ) ഇടയിൽ 26 വിയറുകളും (weirs) ലോക്കുകളും, ന്യൂ സൗത്ത് വെയ്ൽസിലെ മുറുംബിജി, ഡാർലിംഗ് നദികളുടെ താഴത്തെ ഭാഗങ്ങളിൽ ഒൻപത് വിയറുകളും ലോക്കുകളും നിർമ്മിക്കപ്പെട്ടു.
സംസ്ഥാനങ്ങൾക്കിടയിൽ മുറെ നദിയിലെ വെള്ളം പങ്കിടുന്നത് നിയന്ത്രിക്കുന്നതിനായി 1917-ൽ റിവർ മുറെ കമ്മീഷൻ സ്ഥാപിതമായി. ഓരോ സംസ്ഥാനത്തു നിന്നുമുള്ള പ്രതിനിധികൾ അടങ്ങുന്നതായിരുന്നു ഈ കമ്മീഷൻ. കരാറിൽ പറഞ്ഞിരിക്കുന്ന ലോക്കുകളുടെയും വിയറുകളുടെയും നിർമ്മാണത്തിന് ഇവർ നേതൃത്വം നൽകി.
ഹ്യൂം ഡാമിൻ്റെ നിർമ്മാണം 1919 നവംബറിൽ ആരംഭിച്ചു. ന്യൂ സൗത്ത് വെയ്ൽസ് പബ്ലിക് വർക്സ് ഡിപ്പാർട്ട്‌മെന്റും വിക്ടോറിയയിലെ സ്റ്റേറ്റ് റിവേഴ്‌സ് ആൻഡ് വാട്ടർ സപ്ലൈ കമ്മീഷനും ചേർന്നാണ് ഇത് നിർവ്വഹിച്ചത്. എഞ്ചിനീയർമാരായ ഏണസ്റ്റ് മക്കാർട്ട്‌നി ഡി ബർഗ്, ജോൺ സ്റ്റുവർട്ട് ഡെത്രിഡ്ജ് എന്നിവർ പദ്ധതിക്ക് നേതൃത്വം നൽകി.
ഈ ഭീമാകാരമായ പദ്ധതിക്കായി വിക്ടോറിയയിലും ന്യൂ സൗത്ത് വെയ്ൽസിലുമായി 40,000 ഹെക്ടറിലധികം ഭൂമി ഏറ്റെടുത്തു. തങ്ങൾക്ക് ലഭിച്ച നഷ്ടപരിഹാരത്തിൽ അതൃപ്തരായ പല ഭൂവുടമകളും നിയമനടപടികൾ സ്വീകരിച്ചു. അപ്പീലുകളും കോടതി കേസുകളും ഏകദേശം ഒരു ദശകത്തോളം നീണ്ടുനിന്നെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടില്ല.
ഡാമിലെ തൊഴിലാളികൾ അപകടകരമായ സാഹചര്യങ്ങളിലും ദീർഘനേരവും ജോലി ചെയ്തു. ഒരു തൊഴിലാളി ആഴ്ചയിൽ ശരാശരി 48 മണിക്കൂർ ജോലി ചെയ്തിരുന്നു (പിന്നീട് ഇത് 44 മണിക്കൂറായി കുറച്ചു). 1927-ൽ തൊഴിലാളികളുടെ എണ്ണം 1094 ആയി ഉയർന്നു. ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത സൈനികർക്കും വിവാഹിതരായ പുരുഷന്മാർക്കുമാണ് ജോലിയിൽ മുൻഗണന നൽകിയത്.
അപകടങ്ങളും പരിക്കുകളും ഇവിടെ പതിവായിരുന്നു. 1921 ഒക്ടോബർ 21-നാണ് രേഖപ്പെടുത്തിയ ആദ്യത്തെതും മോശവുമായ അപകടം നടന്നത്. ഉപയോഗിക്കാത്ത സ്ഫോടകവസ്തുക്കൾ വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ ജേക്കബ് ഗെഹ്‌റിംഗ് സീനിയർ (60), ജോർജ്ജ് പിയേഴ്സ് (70), വില്യം വെയ്ക്ക്ഫോർഡ് (17) എന്നിവർ കൊല്ലപ്പെട്ടു. വീഴ്ചകൾ മൂലവും മറ്റ് മരണങ്ങളും പരിക്കുകളും സംഭവിച്ചു. ഹ്യൂം ഡാം നിർമ്മിക്കാൻ 15 വർഷമെടുത്തു. 1934 ഡിസംബറിൽ ഡാം നിറയ്ക്കാൻ തുടങ്ങി, ഇത് പൂർത്തിയാകാൻ രണ്ട് വർഷമെടുത്തു.
1934 ജൂൺ 16-ന് മെൽബണിലെ 'ഹെറാൾഡ്' റിപ്പോർട്ട് ചെയ്തു: "ഈ മഹത്തായ ജോലി പൂർത്തിയായതോടെ, അപ്പർ മുറെ തടത്തിലെ കൃഷി ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കുന്നു. വരൾച്ചയുടെ ഭീഷണി നീക്കം ചെയ്യപ്പെട്ടു, ഒട്ടാകെ പ്രദേശങ്ങൾ സുരക്ഷിതമായ നിലയിലായി." 1936 നവംബർ 21-നാണ് ഡാം ഔദ്യോഗികമായി തുറന്നത്.
1950-നും 1961-നും ഇടയിൽ ന്യൂ സൗത്ത് വെയ്ൽസ് പബ്ലിക് വർക്സ് ഡിപ്പാർട്ട്‌മെന്റ് റിസർവോയറിന്റെ ശേഷി ഇന്നത്തെ 3005 ഗിഗാലിറ്ററായി ഉയർത്തുന്നതിനുള്ള പരിഷ്കാരങ്ങൾ നടത്തി. 1985-ൽ, ഭൂകമ്പ പ്രതിരോധം (earthquake loading) ഉൾപ്പെടെയുള്ള പുതിയ രൂപകൽപ്പനയ്ക്കും നിർമ്മാണ മാനദണ്ഡങ്ങൾക്കും അനുസൃതമായി 50 വർഷം പഴക്കമുള്ള ഘടനയിൽ മാറ്റങ്ങൾ വരുത്തി. പത്ത് വർഷത്തിന് ശേഷം, കർശനമായ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഡാമിനെ എത്തിക്കുന്നതിനായി കൂടുതൽ മെച്ചപ്പെടുത്തലുകൾ നടത്തി.
ഇന്ന് ഡാമും റിസർവോയറും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. വർഷം മുഴുവനും ബോട്ടിംഗ്, സ്കീയിംഗ്, നീന്തൽ, ചൂണ്ടയിടൽ എന്നിവയ്ക്കായി ആളുകൾ ഇവിടെ എത്തുന്നു. സന്ദർശകർക്ക് വ്യൂയിംഗ് പ്ലാറ്റ്‌ഫോമിൽ നിന്ന് ഈ പദ്ധതിയുടെ ബൃഹത്തായ കാഴ്ച അനുഭവിക്കാൻ സാധിക്കും.
രഞ്ജിത്ത് മാത്യു
