

പിൽടപ്പാ പാറയും മർഫീസ് ഹേ സ്റ്റാക്സ്സും
പിൽടപ്പാ പാറയും മർഫീസ് ഹേ സ്റ്റാക്സ്സും

പിൽടപ്പാ പാറ
സമമനിലത്തിൽ നിന്നും ഉയർന്നു വന്നിട്ടുള്ളതാണ് പിൽഡപ്പ പാറ.
പിൽഡപ്പ പാറ പിങ്ക് ഗ്രാനൈറ്റാണെന്നുള്ള വസ്തുത നമ്മിൽ കൗതുകം ജനിപ്പിക്കുക തന്നെ ചെയ്യും. ആദിത്യ കിരണങ്ങൾ പിൽഡപ്പ പാറയിൽ പതിക്കുമ്പോൾ അതിന് ചിലപ്പോൾ വ്യത്യസ്തമായ നിറങ്ങളും സമ്മാനിക്കാറുണ്ട്.
മിന്നിപ്പയിൽ നിന്നും പതിനഞ്ചു കിലോമീറ്റർ മാറിയാണ് പിൽഡപ്പ പാറ സ്ഥിതി ചെയ്യുന്നത്. പ്രദേശവാസികൾ അഭിമാനത്തോടെ പിൽഡപ്പ പാറയെ വെസ്റ്റേൺ ഓസ്‌ട്രേലിയായിൽ സ്ഥിതി ചെയ്യുന്ന വേവ് പാറയുമായി താരതമ്യപെടുത്തുകയും, സൗത്ത് ഓസ്‌ട്രേലിയായുടെ പ്രകൃതി ഭംഗിക്ക് മുതൽ കൂട്ടാണ് ഈ പാറയെന്ന് പറയുകയും ചെയ്യാറുണ്ട്.
ആയിരത്തി അഞ്ഞൂറ് ദശലക്ഷം വർഷങ്ങൾക്ക് മുൻപ് രൂപപ്പെട്ട പിൽഡപ്പ പാറ, പരന്നു കിടക്കുന്ന ഗൗളർ ക്രേറ്റന്റെ ഭാഗവും, മധ്യ ഐറി പെനിൻസുല വരെ കിടക്കുന്ന ഭൂവിജ്ഞാനീയ പ്രദേശത്തുമാണ് സ്ഥിതി ചെയ്യുന്നത്.
ആ പാറയുടെ മുകളിൽ കയറി നിന്ന് നോക്കിയാൽ ഗൗളർ റേഞ്ചസും , ബ്ലൂ സ്റ്റ്സും കാണുവാൻ കഴിയും . പാറയുടെ മുകളിൽ കയറുമ്പോൾ അവിടെ ഗർത്തങ്ങൾ കാണുവാൻ കഴിയും. മഴക്കാലത്ത് അവ ചെറിയ കുളങ്ങൾ പോലെ കാണപ്പെടുകയും ചെയ്യും.
മർഫീസ് ഹേ സ്റ്റാക്സ്
മർഫീസ് ഹേ സ്റ്റാക്സെന്ന ഈ പേര് കേൾക്കുമ്പോൾ നിങ്ങൾക്കൊരു കൗതുകം തോന്നുക സ്വാഭാവികമാണ്. അങ്ങനെ പേര് വരുവാനുള്ള കാരണമാണ് ആദ്യം വിവരിക്കുവാൻ പോകുന്നത്.
ഒരു യാത്രക്കാരൻ വർഷങ്ങൾക്ക് മുൻപ് ആ വഴി കടന്നു പോയപ്പോൾ വളരെ ദൂരെ നിന്നും ഉയർന്നു നിൽക്കുന്ന ആ പറകൂട്ടങ്ങൾ കാണുകയും, അത് കച്ചി കൂട്ടമാണെന്ന് തെറ്റു ധരിക്കുകയും ചെയ്തു. സംശയം തീർക്കുവാനായി ഗൈഡിനോട് ഒരു കൃഷിക്കാരന് എങ്ങനെ ഇത്രയും കച്ചി (ഹേ), ഉൽപാദിപ്പിക്കുവാൻ കഴിയുമെന്ന് ചോദിച്ചു . ആ ഫാം മർഫിയെന്നൊരു കർഷകന്റെ സ്ഥലമായിരുന്നു. അതിൽ പിന്നീട് ആ പാറ കൂട്ടങ്ങൾ മർഫീസ് ഹേ സ്റ്റാക്സ് എന്നാണ് അറിയപ്പെട്ടിരുന്നത്.
ഈ സ്‌ഥലം ഇന്ന് സൗത്ത് ഓസ്‌ട്രേലിയയിലെ പൈതൃക പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നു. ഇത് സ്ഥിതി ചെയ്യുന്നത് മൊർട്ടാനാ എന്ന സ്ഥലത്താണ്. സ്ട്രീക്കീ ബെയ്ക്കും ,പോർട്ട് കെന്നിയ്ക്കും ഇടയ്ക്കുള്ള സ്ഥലമെന്ന് പറയാം.
സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിൽക്കുന്ന മർഫീസ് ഹേ സ്റ്റാക്സ് പ്രകൃതിയുടെ സമ്മാനമെന്ന് കരുതി ആ പാറക്കൂട്ടങ്ങളെ സംരക്ഷിക്കുകയും , അത് കാഴ്ചക്കാർക്കായി തുറന്നു കൊടുക്കുകയും ചെയ്തിരിക്കുന്നു. പുരാണകഥകളിൽ നാഗങ്ങൾ പത്തി വിടർത്തി നിൽക്കുന്നത് പോലെയാണ് മർഫീസ് ഹേ സ്റ്റാക്സ് കാറ്റിനോട് പടപൊരുതി അവിടെ നിൽക്കുന്നത്.
