top of page

ചരിത്രവും ഐതിഹ്യവും ഉറങ്ങുന്ന മണ്ണ്.

Mount Lofty

ചരിത്രവും ഐതിഹ്യവും ഉറങ്ങുന്ന മണ്ണ്.

"ഭൂതകാലത്തിൻ്റെ ചരിത്രവും വർത്തമാനത്തിൻ്റെ വശ്യതയും ഒത്തുചേരുന്ന മൗണ്ട് ലോഫ്റ്റി, അഡലെയ്ഡിൻ്റെ എക്കാലത്തെയും അഭിമാനമാണ്."

ചരിത്രവും ഐതിഹ്യവും ഉറങ്ങുന്ന മണ്ണ്.

മൗണ്ട് ലോഫ്റ്റിയിലേക്ക് ആദ്യമായിട്ടൊന്നുമല്ല ഞങ്ങൾ യാത്ര ചെയ്യുന്നത്. അവിടെ നിന്ന് കാഴ്ച് കാണുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത കുളിർമ്മ നിറഞ്ഞ അനുഭവമാണ് തോന്നുന്നത്. മൗണ്ട് ലോഫ്റ്റിയിലെ ഓരോ കാൽവെപ്പും പ്രകൃതിയുമായുള്ള ഒരു സമാഗമമാണ് സമ്മാനിക്കുന്നത്. ഇവിടെ മനുഷ്യരല്ല, മറിച്ച് വന്യജീവികളാണ് യഥാർത്ഥ ഉടമസ്ഥരെന്ന് തോന്നിക്കുന്ന പ്രതീതി സമ്മാനിക്കുവാൻ ഉയരത്തിൽ നിൽക്കുന്ന യൂക്കാലിപ്റ്റസ് മരങ്ങളുടെ ചില്ലകളിലേക്കൊന്ന് കണ്ണുകൾ പായിച്ചാൽ നിങ്ങൾക്ക് ബോധ്യംവരും .

ലോകത്തിലെ എല്ലാ തിരക്കുകളിൽ നിന്നും ഒഴിഞ്ഞുമാറി സുഖമായി ഉറങ്ങുന്ന കോലകൾ (Koalas) ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. അവരുടെ ആ നിഷ്കളങ്കമായ ഉറക്കം കാണുമ്പോൾ പ്രകൃതിയുടെ ശാന്തത നമ്മളിലേക്കും പടരുന്നതായി തോന്നും.

മറ്റൊരു അത്ഭുതം മണ്ണിൽ, കരിയിലകൾക്കിടയിലൂടെ പതുക്കെ നടന്നുനീങ്ങുന്ന എക്കിഡ്നകളെ (Echidnas) കാണുന്നതാണ്. ആധുനികതയുടെ കടന്നുകയറ്റമില്ലാതെ, പ്രകൃതി അതിൻ്റെ തനിമയോടെ ഇന്നും ഇവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു എന്നതിൻ്റെ ജീവിക്കുന്ന തെളിവുകളാണിവർ.

അഡലെയ്ഡ് നഗരത്തിന് കാവലായി നിൽക്കുന്ന മൗണ്ട് ലോഫ്റ്റി വെറുമൊരു ഭൂമിശാസ്ത്രപരമായ കാഴ്ചയല്ല നമ്മൾക്ക് സമ്മാനിക്കുന്നത്. ആയിരക്കണക്കിന് വർഷത്തെ തദ്ദേശീയ സംസ്കാരവും ഇരുന്നൂറിലധികം വർഷത്തെ ആധുനിക ചരിത്രവും ഇഴചേർന്ന് നിൽക്കുന്ന ഒരു സാംസ്കാരിക പൈതൃക കേന്ദ്രം കൂടിയാണിത്. ഈ കൊടുമുടിയുടെ ഓരോ ശിലകൾക്കും, ഇവിടുത്തെ മണ്ണിനും പറയാൻ ഒരു പാട് കഥകളുണ്ട്

പൂർവ്വികരുടെ സ്മരണകളുറങ്ങുന്ന മണ്ണാണ് മൗണ്ട് ലോഫ്റ്റി. കൗർണ ജനതയുടെ പുണ്യഭൂമി എന്ന് വേണമെങ്കിൽ പറയാം. ഈ ഭൂമിയുടെ യഥാർത്ഥ അവകാശികളായ 'കൗർണ' (Kaurna) ജനതയെ സംബന്ധിച്ചിടത്തോളം മൗണ്ട് ലോഫ്റ്റി പവിത്രമായ ഒരു ഇടമാണ്.

കൗർണ ജനതയുടെ ഐതിഹ്യപ്രകാരം ഈ മലനിരകൾ വെറും പാറക്കൂട്ടങ്ങളല്ല, മറിച്ച് 'ങാനോ' (Nganno) എന്ന പൂർവ്വികനായ ഒരു ഭീമൻ രാക്ഷസൻ്റെ ശരീരമാണ്. ഐതിഹ്യമനുസരിച്ച്, ഒരു വലിയ യുദ്ധത്തിൽ കൊല്ലപ്പെട്ട ങാനോയുടെ ശരീരം ഭൂമിയിൽ വീണുകിടന്നാണ് ഈ പർവ്വതനിരകൾ രൂപപ്പെട്ടത്. ഇതിൽ മൗണ്ട് ലോഫ്റ്റി, തൊട്ടടുത്തുള്ള മൗണ്ട് ബോണിത്തോൺ (Mount Bonython) എന്നിവ ആ ഭീമൻ്റെ രണ്ട് ചെവികളായാണ് കൗർണ ജനത വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ ഈ പ്രദേശം അവരുടെ ഭാഷയിൽ 'യുറെയ്‌ഡ്‌ല' (Jureidla) എന്നാണ് അറിയപ്പെടുന്നത്. ഈ വാക്കിൽ നിന്നാണ് ഇന്നത്തെ 'യുറെയ്‌ഡ്‌ല' എന്ന പട്ടണത്തിന് ആ പേര് ലഭിച്ചത് .

ആധുനിക ചരിത്രവും, പര്യവേഷണത്തിൻ്റെ നാൾവഴികളും .

യൂറോപ്യൻ ചരിത്രത്തിൽ മൗണ്ട് ലോഫ്റ്റിയുടെ സ്ഥാനം സമുദ്ര സഞ്ചാരിയായ മാത്യു ഫ്ലിൻഡേഴ്സിലൂടെയാണ് അടയാളപ്പെടുത്തുന്നത്. 1802 മാർച്ച് 23-ന് തന്റെ വിഖ്യാതമായ ഓസ്‌ട്രേലിയൻ ചുറ്റിക്കറങ്ങലിനിടയിലാണ് അദ്ദേഹം ഈ കൊടുമുടി ദൂരദർശിനിയിലൂടെ കാണുന്നതും ഇതിന് 'മൗണ്ട് ലോഫ്റ്റി' എന്ന് പേരിടുന്നതും.
പിന്നീട് 1831-ൽ ക്യാപ്റ്റൻ കോളെറ്റ് ബാർക്കർ (Collett Barker) ആണ് ആദ്യമായി ഈ കൊടുമുടി കീഴടക്കിയ യൂറോപ്യൻ പര്യവേഷകൻ. പത്തൊൻപതാം നൂറ്റാണ്ടിൽ ഇതൊരു പ്രധാന സർവ്വേ പോയിന്റായി ഉപയോഗിച്ചു വന്നിരുന്നു.

ഫ്ലിൻഡേഴ്സ് കോളത്തിനെ ആകാശത്തെ വഴികാട്ടിയെന്നാണ് വിശേഷിപ്പിക്കുന്നത്.

കൊടുമുടിയിലെ ഏറ്റവും ആകർഷകമായ നിർമ്മിതി അവിടെ തലയുയർത്തി നിൽക്കുന്ന വെള്ളനിറത്തിലുള്ള സ്മാരക സ്തൂപമാണ്— ഫ്ലിൻഡേഴ്സ് കോളം. 1840-ൽ ഇതൊരു സാധാരണ സർവ്വേ അടയാളമായിട്ടാണ് നിർമ്മിക്കപ്പെട്ടതെങ്കിലും, 1902-ൽ മാത്യു ഫ്ലിൻഡേഴ്സിൻ്റെ സന്ദർശനത്തിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഇന്നത്തെ രൂപത്തിൽ പുനർനിർമ്മിച്ചു.

ചരിത്രപരമായി ഈ സ്തൂപത്തിന് മറ്റൊരു വലിയ പ്രാധാന്യം കൂടിയുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് അഡലെയ്ഡിലേക്ക് വരുന്ന വിമാനങ്ങൾക്ക് ദിശ കാട്ടുന്ന ഒരു പ്രധാന നാവിഗേഷൻ ലൈറ്റായി ഈ സ്തംഭം പ്രവർത്തിച്ചിരുന്നു. ഇന്നും നഗരത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നും നോക്കിയാൽ ദൃശ്യമാകുന്ന ഈ സ്തംഭം, പൗരാണികതയെയും ആധുനികതയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി പ്രതാപത്തോടെ നിലകൊള്ളുന്നു.

മൗണ്ട് ലോഫ്റ്റിയുടെ ഉച്ചിയിൽ നിന്നുള്ള കാഴ്ചകൾ കണ്ട് താഴേക്കിറങ്ങുമ്പോൾ നമ്മെ കാത്തിരിക്കുന്നത് രണ്ട് മഹാവിസ്മയങ്ങളാണ്. ഒന്ന് പ്രകൃതിയുടെ പൂന്തോട്ടമായ മൗണ്ട് ലോഫ്റ്റി ബൊട്ടാണിക് ഗാർഡനും, മറ്റൊന്ന് വന്യജീവികളുടെ സ്വാഭാവിക ലോകമായ ക്ലീലാൻഡ് വൈൽഡ്‌ലൈഫ് പാർക്കും.

മൗണ്ട് ലോഫ്റ്റിയിലെ വസന്തമന്ത്രം.

വർണ്ണങ്ങളുടെ വിശാലമായൊരു ലോകമാണ് ബൊട്ടാണിക് ഗാർഡൻ നമ്മൾക്ക് സമ്മാനിക്കുന്നത്. മൗണ്ട് ലോഫ്റ്റി സന്ദർശനം പൂർണ്ണമാകണമെങ്കിൽ ഈ സസ്യവിസ്മയത്തിലൂടെ ഒരു യാത്ര അനിവാര്യമാണ്. ലോകത്തിൻ്റെ വിവിധ കോണുകളിൽ നിന്നുള്ള അപൂർവ്വ സസ്യങ്ങൾ ഇവിടെയുണ്ട് . വസന്തകാലത്ത്, ഈ ഗാർഡൻ ഒരു വലിയ കാൻവാസ് പോലെയാണ്. ഓരോ ചെടിയും, ഓരോ പൂവും സ്വയം മിനുങ്ങി സന്ദർശകരെ സ്വാഗതം ചെയ്യുന്നു. അവിടെ വിരിയുന്ന ഓരോ ദളവും പ്രകൃതിയുടെ ഓരോ മനോഹര കഥകൾ മന്ത്രിക്കുന്നത് പോലെ നമുക്ക് തോന്നും.

കാഴ്ചകൾ കാണുവാൻ ഈ മണ്ണിലേക്ക് എത്തുന്ന സന്ദർശകർക്ക് ഒരിക്കലും നിരാശപ്പെടേണ്ടിയാതായി വരില്ല. മനസ്സിനെ തൊടുന്ന ശാന്തതയാണ് ആ കാടുകൾ നമ്മൾക്ക് സമ്മാനിക്കുന്നത് . തണുത്ത കാറ്റും, പൈൻ മരങ്ങൾക്കിടയിലൂടെ അരിച്ചെത്തുന്ന സൂര്യപ്രകാശവും ഇവിടുത്തെ നടപ്പാതകളെ കൂടുതൽ മനോഹരമാക്കുന്നു.

ക്ലീലാൻഡ് വൈൽഡ്‌ലൈഫ് പാർക്ക്, പ്രകൃതിയുമായുള്ള സുന്ദരമായ ചങ്ങാത്തത്തിന് അവസരമൊരുക്കുന്നതാണ് . ഗാർഡനിലെ പൂക്കാഴ്ചകളിൽ നിന്ന് നേരെ ക്ലീലാൻഡ് വൈൽഡ്‌ലൈഫ് പാർക്കിലേക്ക് കടക്കുമ്പോൾ നമ്മൾ പ്രകൃതിയുടെ മറ്റൊരു തലത്തിലേക്കാണ് പാദം വെക്കുന്നത്. അതിരുകളില്ലാത്ത സൗഹൃദത്തിൻ്റെ മറ്റൊരു ലോകമാണവിടം.

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള അകലം ഇല്ലാതാകുന്ന മറ്റൊരു ലോകം. തങ്ങളുടെ സാമ്രാജ്യത്തിലൂടെ കൂസലില്ലാതെ നടന്നുനീങ്ങുന്ന കംഗാരുക്കളും തലയെടുപ്പുള്ള എമു പക്ഷികളും നമ്മുടെ അരികിലെത്തുന്നത് ഒരു അത്ഭുതക്കാഴ്ചയാണ്.വന്യജീവികളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ ഇത്രയും അടുത്ത് കാണാനും അറിയാനും കഴിയുന്നത് ഏതൊരു സഞ്ചാരിക്കും ലഭിക്കുന്ന അപൂർവ്വമായ സൗഭാഗ്യമാണ്. കോലകളെ കാണുന്നതും കംഗാരുക്കൾക്ക് തീറ്റ നൽകുന്നതും മനസ്സിന് നൽകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല.

ഈ ഹരിതവനത്തിലൂടെയുള്ള ഓരോ നടത്തവും വെറുമൊരു കാഴ്ചയല്ല; അത് മനസ്സിനും ശരീരത്തിനും പുതിയൊരു ഉന്മേഷം നൽകുന്ന അനുഭവമാണ്. തിരക്കുപിടിച്ച ലോകത്തിന് നടുവിൽ പ്രകൃതി നൽകുന്ന ഒരു തണലാണ് ഈ പ്രദേശം. ഭൂമിശാസ്ത്രപരമായ സവിശേഷതകൾക്കപ്പുറം, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ തെളിവാണ് മൗണ്ട് ലോഫ്റ്റി.

ങാനോയുടെ ഐതിഹ്യങ്ങളിലൂടെ തദ്ദേശീയ സംസ്കാരത്തെയും, ഫ്ലിൻഡേഴ്സ് കോളത്തിലൂടെ ആധുനിക ചരിത്രത്തെയും നെഞ്ചേറ്റുന്ന ഈ കൊടുമുടി ഇന്നും അഡലെയ്ഡിൻ്റെ എക്കാലത്തെയും വലിയ അഭിമാനമായി തുടരുന്നു.

രഞ്ജിത്ത് മാത്യു

bottom of page