

കാൻഡി രാജസിംഹാസനത്തിൻ്റെ വിസ്മയ യാത്ര
സെൻകഡഗലയിലെ സുവർണ്ണ സ്മരണകൾ

ശ്രീലങ്കയുടെ ആത്മീയ തലസ്ഥാനമായ കാൻഡി (സെൻകഡഗല), പർവ്വതനിരകളാൽ ചുറ്റപ്പെട്ട ഒരു പ്രകൃതിദത്ത കോട്ടയാണ്. അവിടെ വാണിരുന്ന സിംഹള രാജാക്കന്മാരുടെ പ്രതാപത്തിൻ്റെ ഏറ്റവും വലിയ അടയാളമാണ് കാൻഡിയിലെ രാജസിംഹാസനം. ഒരു രാജ്യത്തിൻ്റെ സ്വാതന്ത്ര്യവും, അധിനിവേശത്തിൻ്റെ നോവും, ഒടുവിൽ അഭിമാനകരമായ തിരിച്ചുവരവും ഒത്തുചേരുന്ന ഒരു ഐതിഹാസിക കഥയാണ് ഈ സിംഹാസനത്തിന് പറയാനുള്ളത്.
കലയും പ്രതീകാത്മകതയും ഒത്തുചേർന്ന് പതിനേഴാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ നിർമ്മിക്കപ്പെട്ട ഈ സിംഹാസനം ലോകത്തിലെ തന്നെ അപൂർവ്വമായ കലാരൂപങ്ങളിൽ ഒന്നാണ്.
ഉറപ്പുള്ള തേക്ക് തടിയിൽ കൊത്തിയെടുത്ത സിംഹാസനം പൂർണ്ണമായും സ്വർണ്ണത്തകിടുകളാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നതാണ്. അതിലെ സിംഹ ഗർജ്ജനം അധികാരത്തിൻ്റെയും വംശമഹിമയുടെയും പ്രതീകമായി സിംഹാസനത്തിൻ്റെ കൈപ്പിടികളിൽ ഗർജ്ജിക്കുന്ന സിംഹരൂപങ്ങൾ കാണാം. അലങ്കാരങ്ങളായി സൂര്യചന്ദ്രന്മാരും, താമരപ്പൂക്കളും, വിലപിടിപ്പുള്ള രത്നക്കല്ലുകളും പതിപ്പിച്ച ഈ ഇരിപ്പിടം സിംഹള സംസ്‌കാരത്തിൻ്റെ ഔന്നത്യം വിളിച്ചോതുന്നു.
കടൽ കടന്ന രാജകീയ വസ്തുവാണ് ഇത് . 1815-ൽ ബ്രിട്ടീഷ് സൈന്യം കാൻഡി കീഴടക്കിയതോടെ സിംഹാസനത്തിൻ്റെ വിധി മാറി. അവസാന രാജാവായ ശ്രീ വിക്രമ രാജസിംഹനെ തടവിലാക്കിയ ബ്രിട്ടീഷുകാർ, ഈ അമൂല്യ സിംഹാസനം ഒരു യുദ്ധവിജയ സ്മരണകമായി ലണ്ടനിലേക്ക് കടത്തി. ഒരു നൂറ്റാണ്ടിലധികം കാലം വിൻഡ്‌സർ കൊട്ടാരത്തിലെ തടവുകാരനെപ്പോലെ ഈ സിംഹാസനം വിദേശമണ്ണിൽ ഇരുന്നു. സ്വന്തം സംസ്‌കാരത്തിൻ്റെ തിരുശേഷിപ്പ് നഷ്ടപ്പെട്ടത് ലങ്കാപുരിക്ക് വലിയൊരു നോവായി അവശേഷിച്ചു.
പിന്നീടുള്ള മഹത്തായ മടക്കയാത്ര.
നീണ്ട 119 വർഷങ്ങൾക്ക് ശേഷം, 1934-ലാണ് ഈ സിംഹാസനം വീണ്ടും ലങ്കയുടെ മണ്ണിൽ തൊട്ടത്. ബ്രിട്ടീഷ് രാജകുടുംബം ഇത് തിരികെ നൽകാൻ തീരുമാനിച്ചപ്പോൾ അത് ശ്രീലങ്കൻ ജനതയ്ക്ക് കേവലം ഒരു വസ്തുവിൻ്റെ തിരിച്ചുകിട്ടലല്ല, മറിച്ച് തങ്ങളുടെ നഷ്ടപ്പെട്ട ആത്മാഭിമാനത്തിൻ്റെ വീണ്ടെടുപ്പായിരുന്നു.
കൊളംബോ തുറമുഖത്ത് കപ്പലിറങ്ങിയ സിംഹാസനത്തെ രാജകീയ ബഹുമതികളോടെയാണ് രാജ്യം വരവേറ്റത്.
ചരിത്രത്തിൻ്റെ സാക്ഷി: മഗൽ മഡുവ
കാൻഡിയിലെ വിശുദ്ധമായ ദളദ മാലിഗാവയ്ക്ക് സമീപമുള്ള 'മഗൽ മഡുവ' (ഓഡിയൻസ് ഹാൾ) ഇന്നും ആ പഴയ പ്രതാപം പേറുന്നു. കൊത്തുപണികൾ നിറഞ്ഞ മരത്തൂണുകളാൽ നിർമ്മിതമായ ഈ മണ്ഡപത്തിലിരുന്നാണ് രാജാവ് വിധി പ്രസ്താവിച്ചിരുന്നത്. ചരിത്രപ്രധാനമായ 'കാൻഡി ഉടമ്പടി' ഒപ്പിട്ടതും ഹാളിൻ്റെ തണലിലായിരുന്നു.
ഇന്ന് കൊളംബോ നാഷണൽ മ്യൂസിയത്തിലെ ഗ്ലാസ് കൂടുകൾക്കുള്ളിൽ ഈ സിംഹാസനം വിശ്രമിക്കുന്നുണ്ടെങ്കിലും, അതിൻ്റെ പ്രഭാവം ഇന്നും കാൻഡിയിലെ ഓരോ മണ്ണിലുമുണ്ട്. കാലത്തിൻ്റെ പ്രഹരങ്ങളെ അതിജീവിച്ച്, കടൽ കടന്ന യാത്രകൾ പൂർത്തിയാക്കി തിരിച്ചെത്തിയ ഈ സിംഹാസനം ശ്രീലങ്കയുടെ തളരാത്ത പോരാട്ടവീര്യത്തിൻ്റെ നിത്യസ്മാരകമാണ്.
രഞ്ജിത്ത് മാത്യു
