

അഡ്‌ലെയ്‌ഡ് ബൊട്ടാണിക് ഗാർഡൻ .
കാഴ്ച്കൾ

അഡ്‌ലെയ്‌ഡ് നഗരത്തിൻ്റെ തിരക്കുകളിൽ നിന്ന് മാറി, ശാന്തമായ ഒരു ലോകത്തേക്ക് നടന്നു കയറുന്നത് പോലെയുള്ള പ്രതീതിയാണ് അഡ്‌ലെയ്‌ഡ് ബൊട്ടാണിക് ഗാർഡനിലേക്കുള്ള യാത്രയിൽ ഞങ്ങൾക്ക് അനുഭവവേദ്യമായത് . മാർത്ത ഏറെ സന്തോഷത്തിലാണ്. പുതുമയുള്ള കാഴ്ചകൾ കാണുവാൻ അവൾക്ക് ഇഷ്ടമാണ്. നാട്ടിൽ നിന്നും വന്ന അമ്മയ്ക്കും യാത്രകൾ ഇഷ്ടമാണ്. അങ്ങനെയാണ് ഞങ്ങൾ ബോട്ടാണിക്കൽ ഗാർഡൻ കാണുവാൻ പോയത്.
പ്രകൃതിയും ചരിത്രവും കൈകോർക്കുന്ന ഈ സുന്ദരഭൂമിയിലൂടെ നമുക്കൊന്ന് ചുറ്റിസഞ്ചരിച്ചാലോ?
ഞങ്ങളുടെ യാത്ര തുടങ്ങുന്നു...
നഗരഹൃദയത്തിലെ കവാടം കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ തന്നെ നമ്മെ എതിരേൽക്കുന്നത് പച്ചപ്പിൻ്റെ മനോഹരമായ കാഴ്ചയാണ്. കല്ലുപാകിയ നടപ്പാതകളിലൂടെ നടക്കുമ്പോൾ ആദ്യമെത്തുന്നത് പാം ഹൗസിൻ്റെ മുന്നിലാണ്. പത്തൊൻപതാം നൂറ്റാണ്ടിലെ ആ ചില്ലുമാളികയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ, നമ്മൾ ഏതെങ്കിലും ഒരു യൂറോപ്യൻ കഥാപുസ്തകത്തിൽ എത്തിയത് പോലെ തോന്നും. 1875-ൽ ജർമ്മനിയിൽ നിന്ന് കപ്പൽ കയറി വന്ന ഈ വിസ്മയം നോക്കി നിൽക്കെ, ഉള്ളിലെ മഡഗാസ്കർ സസ്യങ്ങൾ തങ്ങളുടെ അതിജീവനത്തിന്റെ കഥകൾ നമ്മോട് മന്ത്രിക്കുന്നതായി തോന്നും.
അവിടെ നിന്ന് അല്പം കൂടി മുന്നോട്ട് നടന്നാൽ, ഒരു ഭീമൻ വെള്ളി ഇല മണ്ണിൽ പതിച്ചു കിടക്കുന്നത് പോലെ ബൈസെന്റേനിയൽ കൺസർവേറ്ററി കാണാം. ഇതിൻ്റെ ഉള്ളിലേക്ക് കയറുന്നത് മറ്റൊരു ലോകത്തേക്കുള്ള വാതിൽ തുറക്കുന്നത് പോലെയാണ്. പുറത്തെ ചൂടിൽ നിന്ന് പെട്ടെന്ന് ഒരു മഴക്കാടിൻ്റെ കുളിർമയിലേക്ക് നമ്മൾ മാറും. മുകളിലെ നടപ്പാതയിലൂടെ നടക്കുമ്പോൾ താഴെ തഴച്ചു വളരുന്ന അപൂർവ്വ സസ്യങ്ങളും അന്തരീക്ഷത്തിലെ ആ ഈർപ്പവും നമ്മെ വടക്കൻ ഓസ്‌ട്രേലിയയിലെ കാടുകളിൽ എത്തിക്കും.
യാത്ര തുടരുമ്പോൾ നമ്മൾ ചെന്നെത്തുന്നത് മ്യൂസിയം ഓഫ് ഇക്കണോമിക് ബോട്ടണിയിലേക്കാണ്. 1881-ൽ നിർമ്മിക്കപ്പെട്ട ഈ കെട്ടിടത്തിനുള്ളിൽ കയറിയാൽ സമയം പിന്നോട്ട് സഞ്ചരിക്കും. ചുവരുകളിൽ അടുക്കി വെച്ചിരിക്കുന്ന പഴങ്ങളുടെ മാതൃകകളും ഔഷധസസ്യങ്ങളും കാണുമ്പോൾ, മനുഷ്യൻ്റെ വളർച്ചയിൽ സസ്യങ്ങൾ എത്രത്തോളം പങ്കുവഹിച്ചു എന്ന് നമ്മൾ അത്ഭുതത്തോടെ തിരിച്ചറിയും. ആ നിശബ്ദതയിൽ നമ്മളും പ്രകൃതിയുടെ ഭാഗമായി മാറുന്ന അനുഭവം.
യാത്രയുടെ അവസാനം നാം എത്തുന്നത് ഫസ്റ്റ് ക്രീക്ക് വെറ്റ്‌ലാൻഡിൻ്റെ അടുത്താണ്. വെറുമൊരു ജലാശയമല്ല ഇത്. നഗരത്തിലെ മഴവെള്ളത്തെ ശുദ്ധീകരിച്ച് ഗാർഡന് മുഴുവൻ ജീവൻ നൽകുന്ന പ്രകൃതിയുടെ സ്വന്തം ഫിൽട്ടർ! അവിടെ കരയിലിരുന്ന് പക്ഷികളുടെ കളകൂജനവും തവളകളുടെ ശബ്ദവും കേൾക്കുമ്പോൾ, പ്രകൃതിയെ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം നമ്മൾ വാക്കുകളില്ലാതെ മനസ്സിലാക്കുന്നു.
അസ്തമയ സൂര്യൻ്റെ കിരണങ്ങൾ പാം ഹൗസിൻ്റെ ചില്ലുകളിൽ തട്ടി പ്രതിഫലിക്കുമ്പോൾ, ഒത്തിരി അറിവുകളും മനസ്സിന് കുളിർമയേകുന്ന കുറേ ഓർമ്മകളുമായി നമ്മൾ ആ ഗാർഡൻ്റെ പടികൾ ഇറങ്ങുന്നു.
ഇപ്പോൾ ഈ കാഴ്ചകൾ കാണുവാൻ നിങ്ങൾക്കും താത്പര്യം തോന്നുന്നുണ്ടാവും അല്ലേ? തീർച്ചയായും നിങ്ങൾ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ് അഡ്‌ലെയ്‌ഡ് ബൊട്ടാണിക് ഗാർഡൻ .
രഞ്ജിത്ത് മാത്യു
പൂജ ഓൺലൈൻ മാസിക