
രഞ്ജിത്ത് മാത്യു
പത്തനംതിട്ട ജില്ലയിൽ പെരുമ്പെട്ടിയിൽ ജനനം. എം..ജി.എം സ്കൂൾ, ഞാലിയാകുഴി, കോട്ടയം ജില്ല, സെൻറ് ജോസഫ് ഹൈസ്കൂൾ കുളത്തൂർ, പത്തനംത്തിട്ട ജില്ല , സെൻറ് തോമസ് കോളേജ്, റാന്നി, പത്തനംതിട്ട ജില്ല, ശ്രീ കേരളവർമ്മ കോളേജ്, തൃശൂർ ജില്ല, എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ബികോമും, എം..ബി.എ ഇൻ ഫിനാൻസ് എന്നിവ വിദ്യാഭ്യാസയോഗ്യതകൾ..
കേരളത്തിലെ ഒരു പ്രമുഖ പത്രസ്ഥാപനത്തിലും, ദുബായിൽ ഒരു പ്രമുഖ അച്ചടി സ്ഥാപനത്തിലും ദീർഘകാല പ്രവർത്തിപരിചയം. മെട്രോ മലയാളത്തിലും , യുവദീപത്തിലും,, മലയാള മനോരമയിലും കവിതകൾ, കഥകൾ, മുതലായവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബന്ധങ്ങൾ എന്നൊരു നോവൽ മെട്രോ മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.. കഥയോടും, കവിതയോടുമുള്ള താല്പര്യം മൂലം മുഖപുസ്തകത്തിൽ അപ്പൂപ്പൻതാടികൾ എന്നൊരു ഗ്രൂപ്പ് കൈകാര്യം ചെയ്യുന്നുമുണ്ട്. ഇപ്പോൾ ഓസ്‌ട്രേലിയായിൽ സ്ഥിരതാമസവും, സൗത്ത് അഡലൈഡ് മലയാളീ കമ്മ്യൂണിറ്റിയുടെ ട്രഷറാർ , പൂജ ഓൺലൈൻ മാസികയുടെ ചീഫ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു..

ഞാൻ ഫോൺ എടുക്കൂലെടാ....
ഒരു അത്യാവശ്യ കാര്യത്തിനാണ് ബാബുവിന്റെ നമ്പർ തപ്പിയെടുത്ത് ഞാൻ അയാളെ വിളിച്ചത്. അദ്ദേഹം ഫോൺ എടുത്തില്ല. ഒന്നുകൂടി ശ്രമിച്ചു നോക്കി. പാഴ്ശ്രമം ആയിരുന്നത്. അദ്ദേഹത്തെ വിളിക്കുന്നതിന് മുൻപ് വാട്സപ്പ് ചാറ്റിലൂടെ കാര്യം അവതരിപ്പിക്കുവാനും ഞാൻ ശ്രമിച്ചിരുന്നു. വാട്സപ്പ് ചാറ്റിൽ നീല ഇരട്ട വരകൾ എന്നിൽ സംതൃപ്തിയുടെ ഉൾപ്പുളകങ്ങൾ കൊള്ളിക്കുകയും ചെയ്തിരുന്നു.
സമയം കുറെയേറെ കഴിഞ്ഞു.. എന്തൊക്കെയോ തിരക്കുകൾ എന്നെ പുണർന്നു തുടങ്ങിയിരുന്നു. തിരക്കുകൾക്കിടയിലും മൊബൈൽ എന്റെ സന്തതസാഹചാരിയായി നിലകൊണ്ടതിനാൽ ബാബുവിന്റെ മറുപടി സന്ദേശം എനിക്ക് വിചിത്രമായി തോന്നി.
ആർ യു മലയാളീ?.
ഇന്ത്യക്കാരനാണോയെന്ന് ചോദിക്കുന്ന ആളുകൾക്ക് പോലും മലയാളി ആണെന്നും പറഞ്ഞു മറുപടി കൊടുക്കുന്ന എനിക്ക് ആ ചോദ്യം രസകരമായി തോന്നാതിരുന്നില്ല.
യെസ്.. ഞാനും ഒരു മലയാളിയാണ്.
മറുപടി ചാറ്റിന്റെ സ്റ്റാറ്റസിൽ നീല നിറങ്ങൾ തെളിഞ്ഞതും, തീരികെ വിളിക്കുവാനുള്ള സന്ദേശം ലഭിച്ചതും ഏതാണ്ട് ഒരേ സമയം തന്നെയായിരുന്നു
ആവശ്യക്കാരന് ഒരിക്കലും ഔചിത്യമില്ലല്ലോ?. ഞാൻ വീണ്ടും വിളിക്കുക തന്നെ ചെയ്തു. മറുപടി ഉത്തരം ഇങ്ങനെയായിരുന്നു.
"ഇന്റർനാഷണൽ കാളുകൾ ഒന്നും ഈയിടെയായി എടുക്കാറില്ലത്രേ".
ഒരു ക്ഷമാപണരൂപത്തിൽ കാര്യം അവതരിപ്പിച്ചിട്ട് അയാൾ വീണ്ടും ഒരു സോറി കൂടി പറഞ്ഞിട്ട് സംസാരം തുടർന്നു.
ജീവിതം അങ്ങനെയാണ്..മാഷേ... പറ്റിക്കപ്പെടുന്നവർ എന്നും ജീവിതമാകുന്ന യാത്രയിൽ പറ്റിക്കപ്പെട്ടു കൊണ്ട് തന്നെ ഇരിക്കും. അവരെ ആളുകൾ പറ്റിച്ചു കൊണ്ടിരിക്കും. കഴിഞ്ഞ ദിവസം കൂടി നൈജീരിയായിൽ നിന്നും ഒരു കോൾ വന്നിരുന്നു.. ബാങ്ക് കാർഡ് നമ്പർ പറഞ്ഞു കൊടുക്കണമെന്നും പറഞ്ഞിട്ട് കുറെ നേരം ഫോൺ പിടിച്ചുകൊണ്ടിരുന്നു. പണ്ടൊരിക്കൽ കുറെ ദിർഹം അങ്ങനെ നഷ്ടപ്പെട്ടുമാണ്..
ഓർക്കുമ്പോൾ ശരിയാണ് നമ്മൾക്ക് ചുറ്റും വഞ്ചനയുടെ വിശാലമായ മറ്റൊരു ലോകം ഉണ്ട്. അതിങ്ങനെ നമ്മെ ഭ്രമണം ചെയ്തുകൊണ്ടിരിക്കും.. കുറെ നിഷ്കളങ്കർ ഈയാംപാറ്റകളെ പോലെ അതിൽ വീണുപോകുകയും ചെയ്യും.
എന്നാലും ആ ഉത്തരം എനിക്ക് ഹാസ്യരൂപത്തിലാണ് തോന്നിയത്. എന്നെ കൊന്നാലും ഞാൻ ഫോൺ എടുക്കൂലെടാ....
രഞ്ജിത്ത് മാത്യു
അഹാ... ലോട്ടറി അടിച്ചേ (ചെറുകഥ)
ലോട്ടറി അടിച്ചേ..
നേരിയൊരു നിലവിളി ശബ്ദം എൻ്റെ തൊണ്ടയിൽ നിന്നും ഉച്ചത്തിൽ ഉയർന്നു പൊങ്ങി, നിശബ്ദമായ ഏതോ താഴ്വരയിലേക്ക് പോയതുപോലെ അത് നിലയ്ക്കുകയും ചെയ്തു.
മറുപുറത്ത് നിന്നും ആർ യു ദേർ എന്ന ആംഗ്ലേയ ഭാഷയിലുള്ള ചോദ്യം എന്നിൽ സ്ഥലകാലബോധം ഉണർത്താൻ പര്യാപ്തവും ആയിരുന്നില്ല. ലോട്ടോയിൽ അടിച്ചിരിക്കുന്നത് ഒന്നും , രണ്ടും ലക്ഷം ഡോളർ അല്ല. പത്തു മില്യൺ ഡോളറാണ്. കിലുക്കത്തിൽ ഇന്നച്ചൻ കാട്ടിയതുപോലെയുള്ള മാനസികാവസ്ഥയിലായിരുന്നു ഞാനെന്ന് വേണമെങ്കിൽ പറയാം.
ആഗ്രഹങ്ങൾ അനന്തമായി കിടക്കുന്ന എൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് പത്ത് മില്യൺ എത്തിച്ചേർന്നാൽ പിന്നെ അതൊരു വലിയ സംഭവം ആകും. ആഗ്രഹങ്ങൾ യഥാർത്ഥ പാതയിലൂടെ സഞ്ചരിച്ചില്ലെങ്കിൽ സർവ്വ നാശമായിരിക്കും ഫലം. മുന്നിൽ കുന്നുകൂടുന്ന ധനം കുറെ ആർക്കെങ്കിലും ദാനം ചെയ്യണം. മനസ്സിൽ കണക്കുകൾ പാറി പറന്നു കൊണ്ടിരുന്നു.
ഐ ആം ഹിയർ .. ഫോണിൽ മറുപടി കൊടുക്കുവാൻ ഇത്രയേറെ വൈകിയതിൽ അവർ അമർഷപെട്ടില്ല. ആളുകളുടെ മാനസികാവസ്ഥ അറിയാവുന്നവരെയാണത്രേ ലോട്ടറി ഓഫീസുകളിൽ ജോലിക്കാരായി എടുക്കുന്നത്. ലോട്ടോ അടിക്കുന്ന ആളുകളുടെ മാനസികാവസ്ഥ ഇതിലും എത്രയോ ഭീകരം ആയിരിക്കുമെന്ന് അവർക്ക് നല്ലതു പോലെ അറിയാമായിരിക്കണം.
നന്ദി സൂചകമായി മറുപടി പറയുവാനായി വായ് തുറന്നതും, പല്ലി ചിലയ്ക്കുന്നത് പോലെ അലാറാം ഉച്ചത്തിൽ മുഴങ്ങുവാൻ തുടങ്ങി. അതേ ജോലിക്ക് പോകുവാൻ സമയം ആയിരിക്കുന്നു.
സ്വപ്നം കണ്ടുകൊണ്ടു കിടന്നാൽ ജീവിതം മുന്നോട്ടു പോകില്ലെന്ന് ഓർമ്മപ്പെടുത്തിയ മൊബൈലിലെ അലാറാമിനോട് എനിക്ക് ദേഷ്യം തോന്നാതിരുന്നില്ല.
അടുത്ത പ്രാവശ്യമെങ്കിലും ഉറപ്പായും ലോട്ടോ അടിക്കുമെന്നുള്ള ചിന്ത, എൻ്റെ മനസ്സിൽ പ്രത്യാശയുടെ കിരണങ്ങൾ പൊഴിച്ചു. വീണ്ടും പത്ത് നിമിഷം കൂടി കട്ടിലിൽ കിടന്നിട്ട് നിരാശയോടെ ഡ്യൂട്ടിക്ക് പോകുവാനായി ഞാൻ മെല്ലെ എഴുന്നേറ്റു .
രഞ്ജിത്ത് മാത്യു