top of page
a  light blue background .jpg

Tales of Water and Human Truths

Water Droplets & Human Truths

Tales of Water and Human Truths

"ജലകണങ്ങളുടെ കഥകളും മനുഷ്യരുടെ സത്യങ്ങളും"

ചില ദിവസങ്ങൾ അങ്ങനെയാണ് തുടങ്ങുന്നത്...

രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന മലയാളം ക്ലാസിലേക്ക് കുട്ടികളെ എത്തിക്കേണ്ടതുണ്ട്. എന്നാൽ വീട്ടിൽ നിന്ന് പുറപ്പെടുന്നത് എട്ടരയ്ക്കാണ്. സ്കൂളിലെത്താൻ ഏകദേശം അരമണിക്കൂർ യാത്ര. അതിനിടയിൽ ഒരു സുഹൃത്തിൻ്റെ മകളേയും കൂട്ടണം. അവർ ഒരേ ക്ലാസിലാണ് പഠിക്കുന്നത്.

"കുട്ടികൾക്ക് മലയാളം പഠിക്കാൻ അത്രയൊന്നും താല്പര്യമില്ല; എങ്കിലും മാതാപിതാക്കളുടെ നിർബന്ധത്തിനും ആഗ്രഹത്തിനും വഴങ്ങി മാത്രമാണ് അവർ ക്ലാസിലെത്തുന്നത്. ശരീരം കൊണ്ട് മലയാളം ക്ലാസിൻ്റെ പടിവാതിൽക്കൽ നിൽക്കുമ്പോഴും, അവരുടെ കുരുന്നുമനസ്സുകൾ മറ്റേതോ ലോകങ്ങളിൽ പാറിനടക്കുകയാവും."

അന്നത്തെ യാത്രയിൽ എൻ്റെ അവസ്ഥയും സമാനമായിരുന്നു.

ഏതാനും ദിവസങ്ങൾക്ക് മുൻപ് പള്ളിയിലെ അച്ഛനുമായി ഫോണിലൂടെ നടന്ന സംഭാഷണത്തിൻ്റെ പ്രതിധ്വനികൾ എൻ്റെ മനസ്സിൽ മുഴങ്ങി. ദൈവവിശ്വാസവും നിരീശ്വരവാദവും തമ്മിലുള്ള ചർച്ചകൾ മനസ്സിൻ്റെ ആഴങ്ങളിൽ തിരപോലെ അലയടിച്ചു.

എന്നാൽ ശരീരം പതിവുപോലെ കുട്ടികളെ ക്ലാസിൽ എത്തിക്കുന്ന തിരക്കിലായിരുന്നു.

അപ്പോൾ ഒരുകൂട്ടം ചോദ്യങ്ങൾ എൻ്റെ മനസ്സിൽ മൊട്ടിട്ടു.

യഥാർത്ഥത്തിൽ ശരിഎന്നത് ഏതാണ് ?.

മനസ്സോ അതോ ശരീരമോ ?

ദൈവവിശ്വാസമോ അതോ നിരീശ്വരവിശ്വാസമോ ?.

ശരിയും തെറ്റുമെന്നത് നാം നിൽക്കുന്ന സ്ഥാനത്തിനനുസരിച്ച് മാറുന്ന കാഴ്ചപ്പാടുകളാണോ?

എൻ്റെ ചിന്തകൾ അപ്പോൾ ജലകണങ്ങളിലേക്കെത്തി.

മലമുകളിലെ മേഘങ്ങളിൽ നിന്ന് ജനിച്ച ഒരു ജലകണം, പാറക്കെട്ടുകളെ തഴുകി താഴേക്ക് ഒഴുകുന്നു. അതിന് സമീപമുള്ള മറ്റുകണങ്ങളുമായി ചേരുന്നു. നീർച്ചാലാകുന്നു. പിന്നീട് ചെറുതോടാകുന്നു. നദിയാകുന്നു. തടാകങ്ങളിലൂടെ കടന്നുപോകുന്നു. ഒടുവിൽ മഹാസമുദ്രത്തിൽ ലയിക്കുന്നു.

മറ്റൊരിടത്ത്, ഒരു ഇലയിലെ മഞ്ഞുതുള്ളിയായി ജനിച്ച ജലകണത്തിന് വേറൊരു കഥയുണ്ട്.

കടലിൽ തിരമാലയായി ഉയർന്ന ജലകണത്തിന് മറ്റൊരു ചരിത്രമുണ്ട്.

അവർ ഓരോരുത്തരും അവരുടെ യാത്രയുടെ കഥകൾ പറയുന്നു.

അവർക്കെല്ലാം അവരുടെ കഥകൾ സത്യമാണ്.

മറ്റൊരാളുടെ കഥ അവർക്കു തെറ്റായതായി തോന്നിയേക്കാം.

പക്ഷേ ആ കഥകളും അവരുടെ അനുഭവങ്ങളുടെ സത്യങ്ങളാണ്.

മനുഷ്യജീവിതവും അതിൽ നിന്ന് വ്യത്യസ്തമല്ല.

ശരീരത്തിലെ ഒരു രക്തകണം ഒരു കോശത്തിൽ നിന്ന് ജനിക്കുന്നു. ഹൃദയത്തിലൂടെ കടക്കുന്നു. ശ്വാസകോശത്തിൻ്റെ സ്പർശം അനുഭവിക്കുന്നു. തലച്ചോറിനും കൈകൾക്കും കാലുകൾക്കും ജീവൻ പകരുന്നു. അനന്തമായ വഴികളിലൂടെ സഞ്ചരിക്കുന്നു.

ഓരോ രക്തകണത്തിനും സ്വന്തം യാത്രയുണ്ട്.

സ്വന്തമായ നിലപാടുകളുണ്ട്

സ്വന്തമായ കഥകളുമുണ്ട്

അവയുടെ കഥകൾ കേട്ടാൽ ശരികളും തെറ്റുകളും തമ്മിൽ കലർന്ന മറ്റൊരു ഒരു അത്ഭുതലോകം കാണാം.

അതിനിടയിലാണ് കാറിൻ്റെ പിൻസീറ്റിൽ നിന്ന് ഒരു കുഞ്ഞുശബ്ദം ഉയർന്നത്.

"അങ്കിൾ, ഞങ്ങളാണ് ശരി. ടീച്ചറാണ് തെറ്റ്."

ഞാൻ ചിരിച്ചു.

"അല്ല മോളേ... ടീച്ചറാണ് ശരി. നിങ്ങളാണ് തെറ്റുകാർ."

അവൾ ഉടനെ അവളുടെ വാദങ്ങൾ നിരത്തി.

ഞാൻ എൻ്റെ വാദങ്ങൾ തുടർന്നു.

ഒരു ചെറിയ കാറിനുള്ളിൽ ലോകചരിത്രത്തിലെ ഏറ്റവും പഴയ തർക്കം വീണ്ടും ജനിച്ചു—

ആരാണ് ശരി?

ആരാണ് തെറ്റ്?

സാങ്കേതിക വിശകലനങ്ങൾ നടത്താൻ സമയമില്ല.

സാക്ഷ്യങ്ങൾ പരിശോധിക്കാനും അവസരമില്ല.

അതിനാൽ പലപ്പോഴും ശരികളെ തെറ്റുകളായും തെറ്റുകളെ ശരികളായും ചിത്രീകരിച്ചുകൊണ്ട് മനുഷ്യരാശി തൻ്റെ യാത്ര തുടരുന്നു.

യുഗങ്ങൾ മാറുന്നു, വാദങ്ങൾ മാറുന്നു, വിശ്വാസങ്ങൾ മാറുന്നു.

എന്നാൽ ചോദ്യങ്ങൾ മാറുന്നില്ല.

ജലകണങ്ങൾ അവരുടെ കഥകൾ പറഞ്ഞുകൊണ്ടേയിരിക്കുന്നു.

രക്തകണങ്ങൾ അവരുടെ യാത്ര തുടരുന്നു.

മനുഷ്യർ അവരുടെ സത്യങ്ങളെ സംരക്ഷിക്കുന്നു.

അങ്ങനെ...

ശരിയും തെറ്റും തമ്മിലുള്ള അതിർത്തിയിൽ നിൽക്കുന്ന ജീവിതം ഒരു മഹാകഥ പോലെ ഇന്നും തുടരുന്നു.

അവിടെ ശരിയേത് , തെറ്റേതെന്ന ചോദ്യത്തിന് എന്ത് പ്രസക്തി.

ഉണ്ണിസാൻ

bottom of page